ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്‍കാന്‍  നിയമം വരുന്നുവെന്ന് വ്യാജ പ്രചരണം…

അന്തര്‍ദേശീയം ദേശീയം

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപരമായ പീഡനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന സിറ്റിസണ്‍ അമന്‍റ്മെന്‍റ് ആക്റ്റ്  (സിഎഎ) നടപ്പാക്കുന്നതിനായി 2024 മാർച്ച് 11 ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ൽ സിഎഎ ബില്‍ തയ്യാറാക്കിയത് മുതല്‍ തന്നെ മുസ്ലീങ്ങളോടുള്ള വിവേചനം എന്നാരോപിച്ച് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ടായി. 

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ പൗരത്വ (ഭേദഗതി) നിയമം, 2019 (സിഎഎ) യെ വിമർശിക്കുകയും ഇന്ത്യൻ മുസ്‌ലിംകൾക്കായി പാകിസ്ഥാനിൽ സമാനമായ നിയമം കൊണ്ടുവരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സന്ദേശം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“ഇന്ത്യയിൽ പീഡിക്കപ്പെടുന്ന മുസ്ലീങ്ങൾക്ക് CPMA വഴി പാകിസ്ഥാൻ പൗരത്വം

ഷെരിഫ് മുഹമ്മദ് എസ്. കെ

ഇന്ത്യയിൽ പീഡിക്കപ്പെടുന്ന മുസ്ലീങ്ങൾക്ക് പൗരത്വം നൽകാൻ ഇന്ത്യയുടെ CAAക്ക് പാകിസ്ഥാന്റെ തത്തുല്യ നിയമമായ CPMA ഉടൻ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ നിയമ മന്ത്രി അഹമ്മദ് ഇർഫാൻ അസ്ലാം പറഞ്ഞു .

ഇൻഡ്യയിലെ 20 കോടി മുസ്ലീമുകൾക്ക് ഇതാശ്വാസകുകെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ CAA അപരിഷ്കൃതമാണ്. ഇന്ത്യയിൽ നിന്ന് പതിനായിരകണക്കിന് മുസ്ലിങ്ങൾ പാകിസ്‌താനി പൗരത്വത്തിനായി നിലവിൽ അപേക്ഷിച്ചിട്ടുണ്ടെന്നും ഹിന്ദു വർഗീയ വാദികളിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെയും പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അഹമ്മദ് ഇർഫാൻ അസ്ലാം പറഞ്ഞു.” എന്നെഴുതിയ പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. പോസ്റ്ററില്‍ മന്ത്രിയുടെ ചിത്രവുമുണ്ട്. 

FB postarchived link

എന്നാല്‍ സന്ദേശം വാസ്തവ വിരുദ്ധമാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോള്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ ട്വീറ്റിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു സന്ദേശം പ്രചരിക്കാന്‍ ഇടയായതെന്ന് വ്യക്തമായി. പാക് പ്രധാനമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ജനാധിപത്യവിരുദ്ധവും വർഗീയവുമായ സിഎഎയെ പ്രതിരോധിക്കാൻ പാകിസ്ഥാൻ ഗവൺമെന്‍റ് പാക്കിസ്ഥാനില്‍ സിഎഎയ്ക്ക് തത്തുല്യമായ നിയമം ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. അതുവഴി ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ പൗരത്വം നൽകും.”

എന്നാല്‍  വൈറലായ സ്‌ക്രീൻഷോട്ട് വ്യാജമാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലില്‍  സിഎഎയുമായി ബന്ധപ്പെട്ട് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ഷെരീഫിന്‍റെ ഔദ്യോഗിക X ഹാൻഡിൽ പരിശോധിച്ചപ്പോൾ, വൈറലായ സ്‌ക്രീൻഷോട്ട് അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഒന്നുംതന്നെ പോസ്റ്റു ചെയ്തിട്ടില്ല. 

ഇന്ത്യയില്‍ ഈയടുത്ത കാലത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സുപ്രധാനമായ പൌരത്വ ഭേദഗതി ബില്ലിനെ കുറിച്ച് പാക് പ്രധാനമന്ത്രി എന്തെങ്കിലും പ്രതികരണം നടത്തിയിരുന്നു എങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ അത് വാര്‍ത്തയാകുമായിരുന്നു. 

കൂടാതെ പ്രചരിക്കുന്ന പോസ്റ്ററിലെ ചിത്രത്തിലുള്ളത് പാക് കാലാവസ്ഥാ വ്യതിയാനം-പരിസ്ഥിതി ഏകോപന വകുപ്പ് മന്ത്രി അഹ്മദ് ഈര്‍ഫാന്‍ അസ്ലാം ആണ്. സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതേ ചിത്രം ലഭ്യമാണ്. 

കൂടാതെ, സോഷ്യൽ ബ്ലേഡ് എന്ന X അനലിറ്റിക്‌സ് ടൂൾ ഉപയോഗിച്ച് നടത്തിയ ഒരു വിശകലനത്തില്‍  2024 മാർച്ച് 11-ന് ഷെഹ്‌ബാസ് ഷെരീഫ് ട്വീറ്റുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചു. 

അതേസമയം പാക് സര്‍ക്കാര്‍ 2019 ലെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പാകിസ്ഥാൻ അപലപിച്ചുവെന്ന് പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിട്ടുണ്ട്. “അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളുടെ സങ്കേതമായി ഇന്ത്യയെ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു “ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ” വിവേചനപരമായ നീക്കമാണിതെന്ന് മുദ്രകുത്തി.

“വ്യക്തമായും, നിയമനിർമ്മാണങ്ങളും പ്രസക്തമായ നിയമങ്ങളും സ്വഭാവത്തിൽ വിവേചനപരമാണ്, കാരണം അവ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു,” തിങ്കളാഴ്ച പ്രാബല്യത്തിൽ വന്ന വിവാദ ഇന്ത്യൻ നിയമത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതിനിടെ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.  ഇതാദ്യമായാണ് പൗരത്വത്തിന് മതപരമായ മാനദണ്ഡം സ്ഥാപിക്കുന്നത്.”എന്ന ഉള്ളടക്കത്തിലാണ് ലേഖനം

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഇന്ത്യയുടെ പൌരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്ക് പൌരത്വം നല്‍കാന്‍ പാകിസ്താനില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നു എന്ന് വ്യാജ പ്രചരണം നടത്തുകയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ ട്വീറ്റിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു സന്ദേശം പ്രചരിക്കാന്‍ ഇടയായത് 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്‍കാന്‍ നിയമം വരുന്നുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False