മണ്ഡലമേതായാലും മണ്ഡലകാലം ഓർമ്മയുണ്ടാവണമെന്ന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്തോ ..?

രാഷ്ട്രീയം സാമൂഹികം

വിവരണം

Krishna K Variath എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പന്തളത്തു കൊട്ടാരം നിർവാഹക സംഘത്തിൻ്റെ ലെറ്റർഹെഡിൽ സംഘം സെക്രട്ടറിയുടേത് എന്ന നിലയിൽ ഒരു വാർത്താ കുറിപ്പിൻ്റെ   മൂന്നാം പേജ് പ്രചരിപ്പിക്കുന്നുണ്ട്. 2019 ഏപ്രിൽ 9 ന് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിന് 117 ഷെയറുകളാണുള്ളത്.Udayakumar Ealakkat എന്ന പ്രൊഫൈലിൽ നിന്നും ഇതേ പോസ്റ്റ് ഇതേ ദിവസം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു 143  ഷെയറുകൾ ലഭിച്ചിട്ടുണ്ട്.

“എല്ലാ അയ്യപ്പഭക്തരോടും ക്ഷേത്ര വിശ്വാസികളോടും പറയാനുള്ളത് ഇതു മാത്രമാണ്..സ്വാമി ശരണം സ്വാമി ശരണം സ്വാമി ശരണം” ഇതാണ് പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള വാചകം.

archived link FB post

“ആചാര  സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും അതിക്രമങ്ങൾ കാട്ടിയവർ ഈ തെരെഞ്ഞെടുപ്പിൽ വിജയിച്ചു വരാൻ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് കൊട്ടാരത്തിനുള്ളത്. ഒരു മണ്ഡലകാലം മുഴുവൻ ആചാര സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു  പ്രവർത്തിച്ചവരേയും  ജീവത്യാഗം ചെയ്ത ഭക്തന്മാരെയും സാക്ഷി നിർത്തി ആചാര സംരക്ഷണത്തിനായി കൈമെയ് മറന്നു പ്രവർത്തിച്ചവരെ വിഭാഗീയ ചിന്തകൾക്കതീതമായി വിജയിപ്പിച്ച് ലോക്‌സഭയിൽ ശരണം വിളിയുടെ ശബ്ദം മുഴങ്ങി കേൾക്കുവാൻ സഹകരിക്കണമെന്ന് പന്തളം കൊട്ടാരം അഭ്യർത്ഥിക്കുന്നു. മണ്ഡലമേതായാലും മണ്ഡലകാലം ഓർമ്മയുണ്ടാവണമെന്നും കൊട്ടാരം ഭക്ത ജനങ്ങളെ ഓർമിപ്പിക്കുന്നു.” ഇതാണ് വാർത്താക്കുറിപ്പിൽ നൽകിയിരിക്കുന്നത്.

പന്തളം കൊട്ടാരം

ഇത്തരമൊരു വാർത്താക്കുറിപ്പ് പന്തളം കൊട്ടാരം മാധ്യമങ്ങൾക്കു നല്കിയിരുന്നോ….അല്ലെങ്കിൽ അവരുടെ ലെറ്റർഹെഡ് ആരെങ്കിലും ദുരുപയോഗം ചെയ്തതാണോ… വസ്തുതയെന്താണെന്ന് നമുക്ക് അന്വേഷിക്കാം:

വസ്തുതാ പരിശോധന

പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന വാർത്താക്കുറിപ്പ് സമഗ്രമായി പരിശോധിച്ചപ്പോൾ അതിൽ ഒപ്പു വെച്ചശേഷം നൽകിയ തീയതിയിൽ 2012 എന്നാണ് എഴുതിയിട്ടുള്ളത് എന്ന് കാണാം. അത് സംശയമുണ്ടാക്കുന്നതാണ്. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമയുടെ പേരിലാണ്  വാർത്താക്കുറിപ്പ് വന്നിട്ടുള്ളത്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭ്യമാക്കുമോ എന്ന് ഞങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റുകളിലും വാർത്താ മാധ്യമങ്ങളിലും ഏറെ തിരഞ്ഞെങ്കിലും വിശദാംശങ്ങൾ ലഭ്യമായില്ല.  തുടർന്ന് ഞങ്ങളുടെ പ്രതിനിധി പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമയോട് നേരിട്ട് വിശദാംശങ്ങൾ അന്വേഷിച്ചു. പന്തളം കൊട്ടാരം തന്നെ പ്രസിദ്ധീകരണത്തിനു നൽകിയ വാർത്തക്കുറിപ്പിന്‍റെ ഭാഗമാണിത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമ

അതെ, ഇത് ഞങ്ങൾ തന്നെ മാധ്യമങ്ങൾക്കു നൽകിയതാണ്. ആചാരംസംരക്ഷണം കൊട്ടാരത്തിന്‍റെ കർത്തവ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ നിരവധി വ്യാജ പ്രചാരണങ്ങൾ വരുന്നുണ്ട്. ഭക്തർക്കിടയിലെ അവ്യക്തത നീക്കാനാണ് ഞങ്ങൾ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്കു നൽകിയത്. വാർത്താക്കുറിപ്പിൽ തിയതിക്കൊപ്പം വർഷം  നൽകിയപ്പോൾ തെറ്റിപ്പോയതാണ്.”

നിഗമനം

ഈ വാർത്ത സത്യമാണ്. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി തന്നെ ഞങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വർഷം നൽകിയപ്പോൾ അബദ്ധവശാൽ തെറ്റിപ്പോയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:മണ്ഡലമേതായാലും മണ്ഡലകാലം ഓർമ്മയുണ്ടാവണമെന്ന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്തോ ..?

Fact Check By: Deepa M 

Result: True

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share