ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിന് ബെംഗളുരു പോലീസ് പോപ് കോണ്‍ കച്ചവടക്കാരനെ പിടികൂടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വർഗീയം

വിവരണം

ബെംഗളുരു നഗരത്തിലെ ലാല്‍ബാഗ് പാര്‍ക്കിന് സമീപത്തെ പോപ്പ് കോണ്‍ വില്‍പ്പനക്കാരനെ പോലീസ് പിടികൂടിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പോപ്പ് കോണില്‍ ഉപ്പിന് പകരം മൂത്രം കലര്‍ത്തിയതിനാണ് ഇയാളെ പോലീസ് പിടികൂടിയെന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. ടിവി 9 കന്ന‍‍ഡയുടെ ഒരു വാര്‍ത്ത വീഡിയോയാണ് ഇത്തരത്തില്‍ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി! ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു! ബാംഗ്ലൂരിലെ മലയാളികൾക്ക് ഏറ്റവും ഇഷ്ട്ട പെട്ട പോപ്പ് കോൺ സ്‌റ്റാൾ ആണെന്നാണ്  പറയപ്പെടുന്നത്

മലയാളി പൊളി അല്ലെ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സുനില്‍ കുമാര്‍ ഭാസ്‌കാരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 150ല്‍ അധികം റിയാക്ഷനുകളും 1,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facbook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോപ്പ് കോണില്‍ ഉപ്പിന് പകരം മൂത്രം കലര്‍ത്തിയെന്ന പേരിലാണ് കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്? അങ്ങനെ തന്നെയാണോ ടിവി 9 കന്നഡ ന്യൂസ് ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ യൂട്യൂബില്‍ Pop Corn seller arrested എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ടിവി 9 കന്നഡയുടെ പ്രചരിക്കുന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയുടെ തലക്കെട്ടും ‍വിവരണവും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്. ബെംഗളുരു ലാല്‍ബാഗില്‍ പോപ് കോണ്‍ കച്ചവടക്കാരന്‍ പോപ് കോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ തുപ്പിയെന്ന് ആരോപിച്ച് സംഘര്‍ഷം. കച്ചവടക്കാരന്‍ എണ്ണയില്‍ തുപ്പുന്നത് കണ്ടു എന്ന് ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അതായത് ഉപ്പിന് പകരം മൂത്രം കലര്‍ത്തിയതിനാണ് ഇയാളെ പിടികൂടിയതെന്നോ ഇത് മലയാളകളുടെ ഇഷ്ട പോപ് കോണ്‍ കടയാണെന്നോ വാര്‍ത്തയിലില്ല. പ്രദേശികമായി ബെംഗളുരുവില്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോഴും ഇതെ വിവരങ്ങള്‍ തന്നെയാണ് ലഭിച്ചത്.

യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ പൂര്‍ണ്ണരൂപം-

TV 9 Kannada News 

അതെസമയം തന്നെ അപീകര്‍ത്തിപ്പെടുത്താനും താന്‍ ചെയ്യാത്ത കുറ്റം തന്‍റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു എന്നും ആരോപിച്ച് പിടിയിലായ പോപ് കോണ്‍ വില്‍പ്പനക്കാര്‍ നവാസ് പാഷയും രംഗത്ത് വന്നിട്ടുണ്ട്. താന്‍ അതിരാവിലെ പോപ് കോണ്‍ സ്റ്റാള്‍ തുറന്നപ്പോള്‍ പ്ലാസ്റ്റിക് പാക്കറ്റിലെ എണ്ണ കൈകൊണ്ട് പൊട്ടിച്ച് അതിന്‍റെ കീറിയ കഷ്ണം കടിച്ച് പിടിച്ച് ഒരു കുപ്പിയിലേക്ക് പകര്‍ത്തുകയായിരുന്നു. ഇത് കണ്ട് പ്രഭാത സവാരിക്ക് എത്തിയ ഒരാള്‍ തന്‍റെ അരികിലേക്ക് വന്ന് പേര് ചോദിക്കുകയും നവാസ് എന്ന് പേര് പറഞ്ഞതിന് പിന്നാലെ താന്‍ എണ്ണയില്‍ മൂന്ന് തവണ തുപ്പിയെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു എന്നും നവാസ്  ദ് ന്യൂസ് മിനിറ്റിനോട് പറഞ്ഞു. താന്‍ എണ്ണയില്‍ തുപ്പിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും താന്‍ എന്തിനാണ് ഭക്ഷണത്തില്‍ തുപ്പുന്നതെന്നും നവാസ് ചോദിക്കുന്നു. തന്‍റെ ഉപജീവനമാര്‍ഗം തടസപ്പെട്ടു എന്നും പോപ് കോണ്‍ മെഷീന്‍ പോലീസ് തിരികെ നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു.

ദ് ന്യൂസ് മിനിറ്റില്‍ നവാസിന്‍റെ വെളിപ്പെടുത്തല്‍-

The News Minute 

നിഗമനം

പോപ് കോണില്‍ ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിനല്ല പോപ് കോണ്‍ നിര്‍മ്മിക്കാനുള്ള എണ്ണയില്‍ തുപ്പിയെന്ന് ആരോപിച്ചാണ് പോപ് കോണ്‍ കച്ചവടക്കാരനെ ബെംഗളുരു ലാല്‍ബാഗില്‍ നിന്നും പിടികൂടിയയത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കുറ്റാരോപിതന്‍റെ പക്ഷം. അതുകൊണ്ട് തന്നെ പ്രചരണം അര്‍ധസത്യമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിന് ബെംഗളുരു പോലീസ് പോപ് കോണ്‍ കച്ചവടക്കാരനെ പിടികൂടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Partly False