റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് ഇത്തരത്തിലൊരു സൗജന്യ ചികിത്സ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ഡോ. ജോണ്‍ പണിക്കരുമായി ഫോണില്‍ ബന്ധപ്പെട്ട്. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

പ്രചരിക്കുന്ന വിവരങ്ങള്‍ അര്‍ദ്ധസത്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയല്ല ഇത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍റെയും കേരള പോലീസിന്‍റെയും സഹകരണത്തോടെയും 2017ല്‍ ആരംഭിച്ച പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. റോഡ് അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് 9188100100 എന്ന നമ്പര്‍ സേവനം ആരംഭിച്ചത്. എന്നാല്‍ ആംബുലന്‍സിന്‍റെ ചെലവ് പൂര്‍ണ്ണമായും സൗജന്യമല്ല. ഇതിന് പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് (സാമ്പത്തികമായി പിന്നോക്കം ആണെങ്കില്‍) ട്രോമ റെസ്ക്യു ഇനിനഷ്യേറ്റീവ് ആ പണം നല്‍കും. അല്ലാതെ ആശുപത്രി ചികിത്സ ചെലവ് സൗജന്യമാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കണ്ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കണക്‌ട് ആകുന്നത്. പിന്നീട് കണ്ട്രോള്‍ റൂമില്‍ നിന്നും തൊട്ടടുത്ത ആംബുലന്‍സിനെയും അറിയിക്കുകയുമാണ് രീതി.

സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം

ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍റെ നേതൃത്വത്തില്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍റെയും കേരള പോലീസിന്‍റെയും സഹകരണത്തോടെ ആരംഭിച്ച ഒരു ആംബുലന്‍സ് സേവന പദ്ധതിയെ കുറിച്ചുള്ള തെറ്റായ വിവരങ്ങലാണ് വാട‌്സാപ്പില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന പ്രചരണവും വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Partly False