വൃദ്ധസദനത്തില്‍ മുത്തശ്ശിയെ കണ്ട് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥിനിയുടെ വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇത്-

സ്കൂളില്‍ നിന്നും ഒരു വൃദ്ധസദനം സന്ദര്‍ശിക്കാന്‍ അധ്യാപികര്‍ വിദ്യാര്‍ത്ഥികളുമായി പോയപ്പോള്‍ അവിടെ വെച്ച് അതില്‍ ഒരു കുട്ടിയുടെ മുത്തശ്ശിയെ കാണുന്നു. ഇരുവര്‍ക്കും അടക്കാന്‍ കഴിയാത്ത തേങ്ങലാണുണ്ടായത്. മുത്തശ്ശിയെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരു ബന്ധുവീട്ടിലാണെന്നാണ് മാതാപിതാക്കള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. ഇങ്ങനെയൊരു തലമുറയെയാണ് സമൂഹവും ചില മാതാപിതാക്കളും ഇവിടെ വാര്‍ത്തെടുക്കുന്നത്.. എന്ന പേരിലുള്ള ഒരു ചിത്രം സഹിതമുള്ള സന്ദേശം ഇതിനോടകം പലര്‍ക്കും ലഭിച്ചിട്ടുണ്ടാവും. യേശുദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റായക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച മുത്തശ്ശിയെ വൃദ്ധസദനത്തില്‍ കണ്ടുമുട്ടിയപ്പോഴുള്ള വികാരനിര്‍ഭരമായ നിമിഷത്തിന്‍റെ ചിത്രമാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2018ല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ചിത്രത്തിന്‍റെ യഥാര്‍ത്ഥ വസ്‌തുത ഇതാണ്-

2007ല്‍ ബിബിസി ഗുജറാത്തി ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ഒരു മത്സരം സംഘടപ്പിച്ചു. ഫോട്ടോ ജേണലിസ്റ്റായ കല്‍പേഷ് ഭാരേച്ച് മത്സരത്തിലേക്ക് അയച്ച ചിത്രമാണ് മുത്തശിയും കൊച്ചുമകളുമുള്ള വൈറല്‍ ചിത്രം. എന്നാല്‍ ചിത്രത്തിന് പിന്നില്‍ പ്രചരിക്കുന്ന കഥയുടെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. വൈറല്‍ വീഡിയോയിലെ കൊച്ചുമകളുടെ പേര് ഭക്തിയെന്നും മുത്തശ്ശിയുടെ പേര് ദമ്യന്തി എന്നുമാണ്. ചിത്രത്തെ കുറിച്ച് വ്യാജ പ്രചരണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ബിബിസി ഇവരെ അഭിമുഖം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ഭക്തി പ്രചരണത്തെ കുറിച്ചുള്ള പ്രതികരണം നല്‍കിയത് ഇപ്രകാരമാണ്-

തന്‍റെ മുത്തശ്ശി വൃദ്ധസദനത്തില്‍ തന്നെയാണ് കഴിയുന്നത്. എന്നാല്‍ മുത്തശ്ശിയെ തന്‍റെ മതാപിതാക്കള്‍ പറഞ്ഞ് അയച്ചതല്ല. മുത്തശ്ശി തന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു ജീവിതരീതി തിരഞ്ഞെടുത്തത്. മുത്തശ്ശി വൃദ്ധസദനത്തിലാണ് കഴിയുന്നതെന്ന് അറിയാമായിരുന്നു എന്നും പക്ഷെ അത് എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഭക്തി പറഞ്ഞു.

തനിക്ക് സമാധാനത്തോടെ ശിഷ്ടകാലം ജീവിക്കണമെന്ന ആഗ്രഹത്തോടെ താന്‍ തന്നെ തിരഞ്ഞെടുത്തതാണ് വൃദ്ധസദനത്തിലെ താമസമെന്ന് മുത്തശ്ശിയായ ദമ്യന്തിയും ബിബിസിയോട് പ്രതികരിച്ചു. വീട്ടില്‍ നിന്നും പുറത്താക്കിയതാണെന്നും തന്നെ ഉപേക്ഷിച്ചതാണെന്നമുമൊക്കെയുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും താന്‍ മക്കളെയും കൊച്ച്മക്കളെയും കാണാന്‍ പോകാറുണ്ടെന്നും അവര്‍ തന്നെ സന്ദര്‍ശിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

ബിബിസ്ക്ക് നല്‍കിയ അഭമുഖത്തിന്‍റെ പൂര്‍ണ്ണരൂപം  ഇവിടെ കാണാം-

BBC News 

നിഗമനം

വൃദ്ധസദനത്തില്‍ കഴിയുന്ന മുത്തശ്ശിയെ നേരിട്ട് കണ്ടപ്പോള്‍ വികാരനിര്‍ഭരരായി ഇരുവരും കരയുന്നത് തന്നെയാണ് ചിത്രമെന്നത് വാസ്തവമാണ്. എന്നാല്‍ ഈ മുത്തശ്ശിയെ വീട്ടുകാര്‍ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചതാണെന്നും. അപ്രതീക്ഷിതമായി കുട്ടി മുത്തശ്ശിയെ കണ്ടപ്പോഴാണ് ഇതറഞ്ഞതെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വൃദ്ധസദനത്തില്‍ മുത്തശ്ശിയെ കണ്ട് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥിനിയുടെ വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •