ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത് സിപിഎം പ്രവര്‍ത്തകരല്ല… സത്യമിതാണ്…

പ്രാദേശികം രാഷ്ട്രീയം

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്ര കേരളത്തിൽ പര്യടനം തുടരുകയാണ്. കേരളത്തിൽ യാത്ര  ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു കൊണ്ട് പലയിടത്തും പ്രവർത്തകരും അണികളും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ സിപിഎംകാർ ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

പ്രചരണം 

ദൃശ്യങ്ങളിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച കൊടികള്‍ ഉയര്‍ത്തി പാർട്ടി പ്രവർത്തകർ ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിക്കുന്നത് കാണാം.  ഇവർ സിപിഎമ്മുകാരാണ് എന്നാണ് പോസ്റ്റിലെ വിവരണം. ഇത് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് കാർ.

ഇതൊക്കെ സത്യം തന്നെയാണോ എന്തോ…

ചാനലുകളിൽ കിടന്നു പരസ്പരം ആക്രമിക്കുന്ന നാടകം കൂടി നിർത്തിയാൽ നാട്ടുകാർക്ക് സമാധാനം കിട്ടിയേനെ”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി. യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം പ്രവർത്തകരല്ല. 

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മുദ്രാവാക്യം വിളിക്കുന്നത് സിപിഎം പ്രവർത്തകർ അല്ല മറിച്ച് സിഎംപി  പ്രവർത്തകരാണ് എന്നുള്ള ചില സൂചനകള്‍ ലഭ്യമായി. വീഡിയോ ദൃശ്യങ്ങളിൽ സിഎംപി ജില്ലാ സെക്രട്ടറി സിപി ജോണ്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി എംപി സാജു,  ജില്ലാ സെക്രട്ടറി എം ആര്‍ മനോജ്, സംസ്ഥാന കമ്മിറ്റി അംഗം സിനി തുടങ്ങിയവരെ കാണാം. പ്രവർത്തകർ പിടിച്ചു നിൽക്കുന്ന ഫ്ലക്സില്‍ സിഎംപി എന്നെഴുതിയിട്ടുള്ളതും അവ്യക്തമായി കാണാൻ സാധിക്കും. സിഎംപിയുടെ അഭിവാദ്യങ്ങൾ എന്ന മുദ്രാവാക്യവും അവർ ഉറക്കെ വിളിക്കുന്നുണ്ട്.  

തുടർന്ന് ഞങ്ങൾ സിഎംപി മഹിളാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ തിരുവനന്തപുരം ആക്കുളം ഡിവിഷനിൽ കൗൺസിലറും ആയിരുന്നു വിആര്‍ സിനിയുമായി സംസാരിച്ചു. അവര്‍  അറിയിച്ചത് ഇങ്ങനെയാണ്: പൂർണമായും തെറ്റായ പ്രചരണമാണിത്.  ഞങ്ങളുടെ കൊടിയില്‍ അരിവാൾ ചുറ്റിക നക്ഷത്രമുണ്ട്.  യുഡിഎഫിനൊപ്പമാണ് ഞങ്ങൾ നിൽക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഞങ്ങള്‍ ഒറ്റകക്ഷി ആണ്. മുമ്പ് ഫാക്ഷന്‍ ഉണ്ടായിരുന്നു എന്നാലിപ്പോഴില്ല. യാത്രയ്ക്ക് അഭിവാദ്യങ്ങൾ അര്‍പ്പിക്കാന്‍ തിരുവനന്തപുരം പട്ടം ഭാഗത്താണ് ഞങ്ങള്‍ നിന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സിപി ജോണ്‍, അസിസ്റ്റൻറ് സെക്രട്ടറി ജില്ലാ സെക്രട്ടറി എം ആർ മനോജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഫ്ലെക്സില്‍ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ പാർട്ടിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. പൂര്‍ണ്ണമായും ഞങ്ങള്‍ യുഡിഎഫിന്‍റെ ഭാഗമാണ്.  എതിര്‍ രാഷ്ട്രീയ പാർട്ടിക്കാർ ഈ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുകയാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നത് സിപിഎം പ്രവർത്തകരല്ല, സിഎംപി എന്ന പാർട്ടി പ്രവർത്തകരാണ്. ഇവർ യുഡിഎഫ് ഘടക കക്ഷിയാണ്. അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്രവർത്തകർക്ക് സിപിഎം പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത് സിപിഎം പ്രവര്‍ത്തകരല്ല… സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.