FACT CHECK: വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏതാനും മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ മൊത്തം ഞെട്ടിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസ്ഥാന നേതാക്കൾ ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ ആർഎസ്എസ് ശാഖയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി ഓൺലൈൻ മാധ്യമമായ പബ്ലിക് കേരള  ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രചരണം 

കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീനിവാസന്‍റെ അവസാന ദൃശ്യങ്ങൾ എന്ന പേരിൽ വീഡിയോ പ്രചരിക്കുകയാണ് എന്നാണ് വാർത്തയിൽ നൽകിയിട്ടുള്ളത്. രണ്ട് മൂന്ന് വ്യക്തികൾ വടി ചുഴറ്റി പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ കാണാം. ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന ആൾ രഞ്ജിത്ത് ശ്രീനിവാസനാണ് എന്നാണ് വാർത്തയിൽ നൽകിയിട്ടുള്ളത്. ഒപ്പം ഇങ്ങനെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

“കൊല്ലപ്പെട്ട RSS നേതാവിന്റെ ശാഖയിൽ നിന്നുള്ള പ്രകടനത്തിന്റെ വീഡിയോ| ranjith sreenivasan | alappuzha

കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന്റെ ശാഖയിൽ നിന്നുള്ള അഭ്യാസപ്രകടനത്തിന്റെ

വീഡിയോ പുറത്ത്”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍റെ പേരില്‍ പൂർണമായും തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് കണ്ടെത്തി. വീഡിയോയിൽ ഉള്ള വ്യക്തി രഞ്ജിത്ത് ശ്രീനിവാസനല്ല, മറ്റൊരാളാണ്. 

വസ്തുത ഇങ്ങനെ

ഞങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിലുള്ളത്  അമ്പലപ്പുഴ നിവാസിയായ ആർഎസ്എസ് പ്രവർത്തകൻ കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നയാളാണ് എന്ന സൂചനകൾ ലഭിച്ചു. 

തുടർന്ന് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:  “വീഡിയോയിലുള്ളത് ഞാനാണ്. രഞ്ജിത്ത് ശ്രീനിവാസനല്ല. ശാഖയില്‍ പ്രഹാര്‍ യജ്ഞം പരിശീലിക്കുന്ന എന്‍റെ പഴയ വീഡിയോ എടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.”

കൊട്ടാരം ഉണ്ണികൃഷ്ണന്‍  ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ പക്കലുള്ള യഥാർത്ഥ വീഡിയോ അയച്ചുതന്നിരുന്നു അത് താഴെ കാണാം. 

രഞ്ജിത്ത് ശ്രീനിവാസന്‍റെ ശാഖയിലെ വീഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ആർഎസ്എസ് പ്രവർത്തകന്‍റെ പഴയ  വീഡിയോ ആണ്. പ്രസ്തുത ദൃശ്യങ്ങള്‍ക്ക് കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസനുമായി യാതൊരു ബന്ധവുമില്ല. താഴെയുള്ള ചിത്രം നോക്കുക:

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോ വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് ആലപ്പുഴ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല. അമ്പലപ്പുഴയിലുള്ള ഒരു ആർഎസ്എസ് പ്രവർത്തകനായ കൊട്ടാരം ഉണ്ണികൃഷ്ണനാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

Fact Check By: Vasuki S 

Result: False