
ഡെൻമാർക്കിലെയും ഫ്രാൻസിലെയും സന്ദർശനങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്‍റെ ആദ്യ പാദത്തിൽ പ്രധാനമന്ത്രി മോദി മെയ് 2 ന് രാവിലെ ബെർലിനിലെത്തി. ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തെ ബെർലിനിലെ ഫെഡറൽ ചാൻസലറിയിൽ ചാൻസലർ ഷോൾസ് ആചാരപരമായി സ്വാഗതം ചെയ്തു.
ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ് പര്യടനത്തിൽ മോദി സന്ദർശിച്ചത്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. അദ്ദേഹത്തിന്‍റെ ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. പ്രധാനമന്ത്രി മോദിയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഇരിക്കുന്ന മുറിയിൽ ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം ഭിത്തിയിൽ ഫ്രെയിം ചെയ്തിരുന്നതായി കാണാം.
ചിത്രത്തോടൊപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: നെഹ്റുവിനെ കുറ്റം പറഞ്ഞ് നടക്കുന്ന മോദിയെ നെഹ്റുവിൻറെ ഫോട്ടോ വെച്ച് വരവേറ്റ് ഈ നേതാവ് മാസല്ല മരണ മാസ് ആണ് ഒരു നുണ നൂറു തവണ പറഞ്ഞ 100 പേര് കൊണ്ട് പറയിപ്പിച്ച നേരാണ് എന്ന് തോന്നിപ്പിക്കുന്ന നെറികെട്ട രാഷ്ട്രീയം ആണ് ബിജെപി രാഷ്ട്രീയം

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ഗൂഗിളിൽ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2022 മെയ് 2-ന് ഇതേ ചിത്രം പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇന്ത്യ-ജർമ്മനി സഹകരണം വിപുലീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൻസലർ ഷോൾസും ബെർലിനിൽ കൂടിക്കാഴ്ച നടത്തി.
ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രമില്ലെന്ന് ഞങ്ങൾ കണ്ടെത്തി. വൈറലായ ചിത്രം എഡിറ്റ് ചെയ്തതാണ്.
2022 മെയ് 3 ന് ചാൻസലർ ഷോൾസുമായുള്ള ചർച്ചകളുടെ മറ്റ് നിരവധി ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇപ്രകാരമാണ്, “ഞാൻ ചാൻസലർ ഷോൾസുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ഇന്നത്തെ ചർച്ചകൾ വ്യാപാരം, വാണിജ്യം, നവീകരണം, സംസ്‌കാരം, ആളുകൾ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചായിരുന്നു. ഇന്ത്യയും ജർമ്മനിയും നിരവധി വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ പങ്കാളിത്തം നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യും.”
വൈറലായ ചിത്രവും യഥാർത്ഥ ചിത്രവും തമ്മിലുള്ള താരതമ്യ ചിത്രം താഴെ കാണാം ചിത്രം എഡിറ്റ് ചെയ്ത് നെഹ്‌റുവിന്‍റെ ഫോട്ടോ കൂട്ടിചേർത്തതാണെന്ന് വ്യക്തമാകുന്നു.

പിന്നിൽ ഭിത്തിയിൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഫോട്ടോ ഇല്ലെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.
ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:
Viral Image Of Nehru’s Photo On A Wall During PM Modi’s Meeting With German Chancellor Is Fake…
നിഗമനം
പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ നെഹ്‌റുവിന്‍റെ ഫോട്ടോ ഫ്രെയിം കാണിക്കുന്നില്ല. ബെർലിനിൽ പ്രധാനമന്ത്രി മോദിയും ചാൻസലർ ഷോൾസും ചര്ച്ച നടത്തിയ വേളയിലെ വീഡിയോ ലഭ്യമാണ്. അതില്‍ നെഹ്റുവിന്‍റെ ഫോട്ടോ ഇല്ല. അതിനാല്‍ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് മനസ്സിലാക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മോദിയും ജര്‍മന്‍ ചാൻസലറും ചര്‍ച്ച നടത്തുന്ന മുറിയിലെ നെഹ്‌റുവിന്‍റെ ചിത്രം എഡിറ്റ് ചെയ്തതാണ്…
Fact Check By: Vasuki SResult: Altered
