FACT CHECK: ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

രാഷ്ട്രീയം | Politics

ഇന്നലെ മുംബൈയില്‍ അന്തരിച്ച 84 വയസുകാരനായ സാമുഹിക പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയോട് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കാണിച്ച ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ഫാദര്‍ സ്റ്റാന്‍ സ്വാമിയാണ്, അദ്ദേഹത്തിനെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടി വെച്ചിട്ടുണ്ട് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം അന്തരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

Screenshot: Facebook post claiming the elderly man in shackles is late Fr. Stan Swamy.
FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആശുപത്രി കട്ടിലില്‍ തീരെ വയ്യാത്ത ഒരു വയോധികനെ ചങ്ങലകൊണ്ട്  കെട്ടിവെച്ചതായി കാണാം. ഈ ചിത്രം ഇന്നലെ അന്തരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

84 കാരനായ ഈ മനുഷ്യൻ അവസാന നാളിൽ ആശുപത്രിയിൽ ചങ്ങലയിൽ ബന്ധിതനായിരുന്നു!….. ഇദ്ദേഹം ഉത്തരേന്ത്യയിലെ ദളിത് – ആദിവാസി- പിന്നോക്ക വിഭാഗങ്ങളുടെ പോരാളിയായിരുന്നു!…. അഞ്ച് പതിറ്റാണ്ടായി ഭാരതത്തിന്റെ ഹൃദയഭൂമിയിലെ പതിതരുടെ പക്ഷം ചേർന്ന് നിൽക്കുകയായിരുന്നു !….. ഭക്ഷണം – വിദ്യാഭ്യാസം – തൊഴിൽ – ഇതെല്ലാം തേടി പിടിക്കാനും , ജനാധിപത്യത്തിനും മതസൗഹാർദ്ദത്തിനും ദരിദ്ര ഗ്രാമങ്ങളിലെ സമൂഹങ്ങളെ പ്രാപ്തമാക്കുകയായിരുന്നു!… എന്നാൽ ഇന്നത്തെ ഭാരതം മാവോവാദിയും, ഭീകര വാദിയുമാക്കി 82 – വയസ്സിൽ ഈ ക്രിസ്ത്യൻ മിഷനറി പുരോഹിതനെ കൽതുറുങ്കിലടച്ചു!…. 84ാം വയസ്സിൽ വന്ദ്യവയോധികനായ സ്റ്റാൻ സ്വാമി കരിനിയമങ്ങളുടെ തടങ്കൽ പാളയത്തിൽ വെച്ച് തന്നെ മരണപ്പെട്ടിരിക്കുന്നു!…. മനുഷ്യവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തോടെ മദം പൊട്ടിയ മത രാഷ്ട്രീയത്തിന്റെ മനുഷ്യത്ത്വ വിരുദ്ധമായ മുഖം വ്യക്തമാക്കുന്നു!

ഈ ചിത്രം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതാണ് എന്ന് വാദിച്ച് പല പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle search shows multiple posts with the same image claimed to be of late Fr. Stan Swamy.

വസ്തുത അന്വേഷണം

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ എന്‍.ഡി.ടി.വിയുടെ ഒരു വാര്‍ത്ത‍ ലഭിച്ചു. 

Screenshot: dated: 13 May 2021, titled: Elderly Inmate Chained Up During Treatment In UP, Jail Warden Suspended

ലേഖനം വായിക്കാന്‍-NDTV | Archived Link

ഈ ചിത്രം ഉത്തര്‍പ്രദേശിലെ എട്ടാഹ് ജയിലിലെ ബാബുറാം സിംഗ് എന്ന 92 വയസുകാരനുടെതാണ്. അദ്ദേഹം ഒരു കൊലകുറ്റത്തിന് ശിക്ഷ ലഭിച്ച  ഒരു കുറ്റവാളിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ട് പോയ അദ്ദേഹത്തിന്‍റെ അവസ്ഥയാണ് നാം ചിത്രത്തില്‍ കാണുന്നത്. ഈ സംഭവം മെയ്‌ മാസത്തിലാണ് സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന്‍ ഒരു ജയില്‍ അധികൃതനെ സസ്പണ്ട് ചെയ്യുകയുണ്ടായി.

Screenshot: NDTV article dated:18 June, 2021, titled: Human Rights Body Issues Notice To UP Government Over Chaining Of Elderly Prisoner To Hospital Bed

ലേഖനം വായിക്കാന്‍-NDTV | Archived Link

സംഭവത്തെ തുടര്‍ന്ന്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാറിന് നോട്ടീസ് അയച്ച് സംഭവത്തിനെ കുറിച്ച് മറുപടി ആവശ്യപെട്ടിരുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്, 90 വയസായ ഒരു വ്യക്തി ജയിലില്‍ കഴിയുന്നത് തന്നെ ശിക്ഷ പുനപരിശോധന ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തിനെ കുറിച്ച് പല ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ്.

മാസങ്ങളായി തന്‍റെ ആരോഗ്യ നില മോശമായികൊണ്ടിരിക്കുന്നു അതിനാല്‍ തനിക്ക് ബയില്‍ നല്‍കണം എന്ന് കോടതിയോട് ഫാദര്‍ സ്റ്റാന്‍ സ്വാമി ആവശ്യപെട്ടിരുന്നു. പക്ഷെ ദേശിയ അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്‍റെ ബയില്‍ അഭ്യര്‍ത്ഥനയെ എതിര്‍ത്തിരുന്നു. കോടതി ഓര്‍ഡര്‍ പ്രകാരം മെയ്‌ 28 മുതല്‍ അദ്ദേഹത്തിനെ മുംബൈയിലെ ഹോളി ലൈഫ് ആശുപത്രിയില്‍ ചികിത്സിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ വെന്‍റിലെറ്ററില്‍ വെച്ചിരുന്നു. തിങ്കളാഴ്ച  രാവിലെ അദ്ദേഹം അന്തരിച്ചു.

വെള്ളം കുടിക്കാന്‍ സിപ്പര്‍ പോലെയുള്ള ചെറിയ ആവശ്യങ്ങള്‍ മുതല്‍ ചികിത്സ വരെ ആവശ്യപെട്ടു അദ്ദേഹത്തിന്  കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ മുതല്‍ കോടതിയില്‍ പോകേണ്ടി വന്നു.

Screenshot: NDTV article dated July 5,2021, titled: 84-Year-Old Activist Stan Swamy Dies In Hospital Waiting For Bail

ലേഖനം വായിക്കാന്‍- NDTV | Archived Link

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധനസ്ഥനാക്കിയ  ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അവസാന നിമിഷങ്ങളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് ജയില്‍ ശിക്ഷ ഒരു 92 വയസായ ബാബുറാം സിംഗ് എന്ന വയോധികന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

Fact Check By: Mukundan K 

Result: False