മുഖ്യമന്ത്രി അവധിക്കാലം ആഘോഷിക്കാനാണോ യൂറോപ്പിൽ പോയത്..?

രാഷ്ട്രീയം

വിവരണം

Politics Now എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “കേരളജനതയുടെ ഗതികേട്…” എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാങ്ങങ്ങളും മറ്റ്‌ ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും “കൊച്ചുമകന്റെ വെക്കേഷൻ അടിച്ചു പൊളിക്കാൻ പിണറായിയും കുടുംബവും കേരളം ജനതയെ മണ്ടന്മാരാക്കി യൂറോപ്പിലേയ്ക്ക് യാത്രയായി…” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 മെയ് 9 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 10000 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.

FacebookArchived Link

പിണറായി വിജയൻ യൂറോപ്പ് സന്ദർശനത്തിനായി മെയ് 8 നാണ് യാത്ര തിരിച്ചത്. മെയ് 9 മുതൽ 20  വരെ നീണ്ട സന്ദർശനമാണ് മുഖ്യമന്ത്രി നടത്തിയത്.നെതർലാൻഡ്‌സ് , സ്വിട്സർലാൻഡ് , ബ്രിട്ടൻ, ഫ്രാൻസ് എന്നീ  രാജ്യങ്ങളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തിയത്. മുഖ്യമന്ത്രി പര്യടനത്തിനായി തിരിച്ചപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇതേപ്പറ്റി വിവിധതരത്തിലുള്ള പോസ്റ്റുകൾ നിറഞ്ഞിരുന്നു. യാത്രയ്ക്ക് ആശംസകൾ നേർന്നും അതുപോലെതന്നെ യാത്രയെ വിമർശിച്ചുമുള്ള പോസ്റ്റുകൾ ഒരേപോലെ വൈറലായിരുന്നു. ഈ പോസ്റ്റും അതേ വിഭാഗത്തിൽ പെടുന്നതാണ്. കൊച്ചുമകന്റെ വെക്കേഷൻ അടിച്ചു പൊളിക്കാനാണ് മുഖ്യമന്ത്രി പോയത് എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ പോസ്റ്റിന്‍റെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. അദ്ദേഹം നടത്തിയ പര്യടനത്തിന്‍റെ തുടക്കം മുതലുള്ള വികാസങ്ങൾ ഫേസ്‌ബുക്ക് പേജിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. തികച്ചും ഔദ്യോഗികമായ പര്യടനമായിരുന്നു  മുഖ്യമന്ത്രിയുടേത് എന്നാണു അദ്ദേഹത്തിന്‍റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

FacebookArchived Link
FacebookArchived Link
FacebookArchived Link
FacebookArchived Link

കൂടാതെ ഇതേപ്പറ്റി മാദ്ധ്യമ വാർത്തകളും വന്നിരുന്നു.

പ്രമുഖ പ്രാദേശിക-ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വായനക്കാരുടെ അറിവിലേക്കായി ഏതാനും  വാർത്തകളുടെ സ്ക്രീൻഷോട്ടും ലിങ്കും താഴെ കൊടുക്കുന്നു.

പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. വാർത്ത സമ്മേളനത്തിന്റെ വീഡിയോ അദ്ദേഹത്തിൻ്റെ ഫെസ്ബുക്ക് പേജിൽ കാണാം. മാത്രമല്ല പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ അദ്ദേഹത്തിൻ്റെ  പര്യടനത്തെക്കുറിച്ചുള്ള തുടർ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു അവധിക്കാല പര്യടനത്തിനല്ല അദ്ദേഹം പോയതെന്ന് തെളിയിക്കുന്ന വ്യക്തമായ സൂചനകൾ ഇതേപ്പറ്റി വന്ന മാധ്യമ വാർത്തകളിൽ നിന്നും നമുക്ക് കാണാം.

FacebookArchived Link

കുടുംബാങ്ങളോടൊപ്പം അവധിക്കാലം ചെലവഴിക്കാനാണോ അദ്ദേഹം പോയതെന്നും  കുടുംബാംഗങ്ങൾ അദ്ദേഹത്തെ അനുഗമിച്ചിരുന്നോ എന്നും അറിയാനായി ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ സ്‌പെഷ്യൽ പേഴ്സണൽ സ്റ്റാഫായ രാജശേഖരനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. “മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെപത്നി പോയിരുന്നു. എന്നാൽ  മുഖ്യമന്ത്രി മാത്രമാണ് സർക്കാർ ചിലവിൽ പര്യടനം നടത്തിയത്. അദ്ദേഹത്തിൻറെ പത്നിയുടെ ചിലവ് അവർ തന്നെയാണ് വഹിച്ചത്. പേരക്കുട്ടിയും കൂടെയുണ്ടായിരുന്നു എന്നാണു തോന്നുന്നത്. ഇവിടെ ഞങ്ങളുടെ പക്കൽ ഔഗ്യോഗികമായി മുഖ്യമന്തിയുടെ യാത്രാരേഖകൾ മാത്രമേയുള്ളു. അതുമാത്രമാണ് സർക്കാർ വഹിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വിദേശത്താണുള്ളത്. ഇവിടെ സ്ഥലത്തില്ല.” ഇതാണ് അദ്ദേഹം നൽകിയ വിശദീകരണം.

നിഗമനം

ഈ പോസ്റ്റിൽ ആരോപിക്കുന്ന കാര്യം വസ്തുതാപരമായി തെറ്റാണ്. മുഖ്യമന്ത്രി തികച്ചും ഔദ്യോഗികമായ കാര്യത്തിനാണ് യൂറോപ്യൻ പര്യടനം നടത്തിയത്. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ അവധിക്കാലം ചെലവഴിക്കാനല്ല.

ചിത്രങ്ങൾ കടപ്പാട്:  ഫേസ്‌ബുക്ക്, ഗൂഗിൾ

Avatar

Title:മുഖ്യമന്ത്രി അവധിക്കാലം ആഘോഷിക്കാനാണോ യൂറോപ്പിൽ പോയത്..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •