യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

മുന്‍ എം‌പി യും നിലവില്‍ എം‌എല്‍‌എയുമായ കുഞ്ഞാലിക്കുട്ടിയെ യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

തുറന്ന തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയും ചാണ്ടി ഉമ്മനും അംബുല്‍ വഹാബ് എം‌പിയും അടക്കമുള്ള ഏതാനും പേര്‍ ചേര്‍ന്ന് ശ്രദ്ധാപൂര്‍വം താഴേയ്ക്ക് ഇറങ്ങാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ പ്രചാരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലീഗ് നേതാക്കളെ വച്ചുകൊണ്ട് വാഹനം പോകാൻ കഴിയില്ല. അത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന് ദോഷം ചെയ്യും അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നു😪😪😪

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വീഡിയോയെ കുറിച്ച് മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും പ്രചരണത്തെ സാധൂകരിക്കുന്ന വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവായ കുഞ്ഞാലിക്കുട്ടിയെ യു‌ഡി‌എഫ് പ്രചാരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുകയാണെങ്കില്‍ നിലവിലെ  കേരള രാഷ്ട്രീയത്തില്‍ അത് വാര്‍ത്തയാവുകയും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാവുകയും ചെയ്യുമായിരുന്നു. 

തുടര്‍ന്ന് ഞങ്ങള്‍ അബ്ദുള്‍ വഹാബ് എം‌പിയോട് പ്രചരണത്തെ കുറിച്ച്  സംസാരിച്ചു: “തെറ്റായ പ്രചരണമാണ്. കനത്ത ചൂടും നോമ്പെടുക്കലും മൂലം കുഞ്ഞിക്കയ്ക്ക് ക്ഷീണം തോന്നി. അദ്ദേഹം തന്നെയാണ്  താന്‍ തുടരുന്നില്ലെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടത്. അതിനാല്‍ വിശ്രമിക്കാനായി അദ്ദേഹത്തെ താഴെ ഇറങ്ങാന്‍ സഹായിക്കുകയാണ് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും ചെയ്തത്. അദ്ദേഹത്തെ ഇറക്കി വിട്ടുവെന്ന് തെറ്റായ പ്രചരണം നടത്തുകയാണ്.”

പേജുകള്‍ പി‌കെ കുഞ്ഞാലിക്കുട്ടിയെ കരുതലോടെ താഴെ ഇറങ്ങാന്‍ സഹായിക്കുന്ന യു‌ഡി‌എഫ് നേതാക്കള്‍ എന്ന വിവരണത്തോടെ യുഡിഎഫിനെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

archived link

തുടര്‍ന്ന് ഞങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സംസ്ഥാന സെക്രട്ടറി പി‌എം‌എ സലാം  സമാന വിവരങ്ങള്‍ തന്നെയാണ് പങ്കുവച്ചത്. “വയനാട്ടിലെ പ്രചരണത്തിന് പി‌കെ കുഞ്ഞാലിക്കുട്ടി തീര്‍ച്ചയായും ഉണ്ടാവണം എന്ന് പറഞ്ഞ് അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടു പോയതാണ്. എന്നാല്‍ പെട്ടെന്നു ക്ഷീണം തോന്നിയത് മൂലം അദ്ദേഹത്തിന് വാഹനത്തില്‍ നിന്നും തിരികെ ഇറങ്ങേണ്ടി വന്നതാണ്. ഈ വീഡിയോ ഉപയോഗിച്ചാണ് ദുഷ്പ്രചരണം നടത്തുകയാണ്.” പക്ഷേ തെരെഞ്ഞെടുപ്പ് പ്രചരണ തിരക്കിലായതിനാല്‍ പി‌കെ കുഞ്ഞാലിക്കുട്ടിയുമായി നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞില്ല. 

എങ്കിലും ലഭ്യമായ വിവരങ്ങള്‍ പ്രകാരം തെറ്റായ പ്രചരണമാണിത്. പി‌കെ കുഞ്ഞാലിക്കുട്ടി വാഹനത്തില്‍ നിന്നും താഴെ ഇറങ്ങുന്ന വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ദൃശ്യങ്ങള്‍ പി‌കെ കുഞ്ഞാലിക്കുട്ടിയെ യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്നതാണെന്ന പ്രചരണം തെറ്റാണ്. കനത്ത ചൂടും നോമ്പെടുക്കലും മൂലം തളര്‍ച്ച തോന്നിയ പി‌കെ കുഞ്ഞാലിക്കുട്ടി യാത്ര തുടരാന്‍ പ്രയാസമുണ്ട് എന്നറിയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ വാഹനത്തില്‍ നിന്നും താഴേയ്ക്ക് ഇറങ്ങാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണിത്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False