ആയുഷ്മാന്‍ ഭാരത്‌ പദ്ധതി ആനുകൂല്യത്തിനായി പോസ്റ്റ് ഓഫീസ് വഴി അപേക്ഷ നല്‍കാം എന്നാ അറിയിപ്പ് തെറ്റാണ്…

ആരോഗ്യം

വിവരണം

കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ പറ്റി ചര്‍ച്ചകളും സംവാദങ്ങളും അറിയിപ്പുകളും സാമൂഹ്യ മാധ്യമങ്ങളില്‍  പതിവായി പ്രചരിക്കാറുണ്ട്. ഇങ്ങനെയുള്ള അറിയിപ്പുകളില്‍ പലതിനും ചിലപ്പോള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. 

ആയുഷ്മാന്‍ ഭാരതിനെ പറ്റി ഇപ്പോള്‍ ഒരു പോസ്റ്റ് വീണ്ടും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: എത്രയും വേഗം ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ പോസ്റ്റ്  ഓഫീസില്‍ ചെല്ലുക. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി ആയുഷ്മാന്‍ ഭാരതില്‍ അംഗമാവുക.

archived linkFB post

എന്നാല്‍ ഈ അറിയിപ്പ് യാഥാര്‍ത്ഥ്യമല്ല എന്ന് അന്വേഷത്തില്‍ മനസ്സിലായിട്ടുണ്ട്. പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം നിങ്ങളെ അറിയിക്കാം

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ അറിയിപ്പിന്‍റെ വിശദാംശങ്ങള്‍ക്കായി  മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിച്ചു നോക്കി. എങ്ങനെയാണ് അപേക്ഷ നല്‍കേണ്ടത്, ആരാണ് പദ്ധതിക്ക് അര്‍ഹര്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി വെബ് സൈറ്റിലുണ്ട്. ഇതിലെ പദ്ധതികള്‍ പലതും  സംസ്ഥാന സര്‍ക്കാരുമായി സംയോജിച്ചാണ് നടപ്പിലാക്കുന്നത്. എന്നാല്‍ പോസ്റ്റ് ഓഫീസ് വഴി പദ്ധതിക്കുള്ള അപേക്ഷ നല്‍കാന്‍ സാധിക്കും എന്ന അറിയിപ്പുകളോ സൂചനകളോ വെബ് സൈറ്റില്‍ ഇല്ല. 

അതിനാല്‍ ഇക്കാര്യത്തെ പറ്റി വ്യക്തത വരുത്താനായി ഞങ്ങള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ എസ്. ശ്രീരംഗന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്: ആയുഷ്മാന്‍ ഭാരത്‌ പദ്ധതിയുടെ സേവനങ്ങളൊന്നും പോസ്റ്റ് ഓഫീസ് വഴി നല്‍കുന്നില്ല. ഇത്തരത്തില്‍ ഇതുവരെ ഒരു അറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.

23.09.2018 ന് കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യയോജന ആരംഭിച്ചു. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ്  പദ്ധതിയുടെ ഉദ്ദേശം.  രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന, സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്കീം (എസ്‌സിഎച്ച്ഐഎസ്), കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ഇഎസ്ഐഎസ്) തുടങ്ങി ഒന്നിലധികം പദ്ധതികൾ ഉൾക്കൊള്ളിച്ചാണ്  നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം (എൻ‌എച്ച്‌പി‌എസ്) പദ്ധതി രൂപീകരിക്കുന്നത്. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെവൈ) എന്നും പദ്ധതി അറിയപ്പെടുന്നുണ്ട്.

ചികിത്സ ലഭിക്കണമെങ്കില്‍ ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. പദ്ധതിയുടെ ഗുണഭോക്താവിന് രാജ്യത്തിന്‍റെ ഏത് ഭാഗത്തുമുള്ള കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ തേടാന്‍ കഴിയും. ഓരോ സംസ്ഥാനത്തും ഇതിനായി പ്രത്യേക സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ട്. ആശുപത്രിയിൽ അഡ്‌മിറ്റായതിനു മുൻപും ശേഷവുമുള്ള ചെലവുകളെല്ലാം തന്നെ കവറേജിൽ ഉൾപ്പെടും

സംസ്ഥാന സര്‍ക്കാര്‍ വെബ് സൈറ്റ് വഴിയും ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ നല്‍കാം.

പോസ്റ്റ് ഓഫീസ് വഴി ആയുഷ്മാന്‍ ഭാരത്‌ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല

നിഗമനം

ഈ പോസ്റ്റില്‍ നല്കിയിരിക്കുന്ന വിവരം തെറ്റാണ്. പോസ്റ്റ് ഓഫീസ് മുഖേന കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല.

Avatar

Title:ആയുഷ്മാന്‍ ഭാരത്‌ പദ്ധതി ആനുകൂല്യത്തിനായി പോസ്റ്റ് ഓഫീസ് വഴി അപേക്ഷ നല്‍കാം എന്നാ അറിയിപ്പ് തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •