സുരേഷ് ഗോപി ഇടപെട്ടല്ല, സംസ്ഥാന സര്‍ക്കാരാണ് പൂരം നടത്തിപ്പിലെ പരാതിയിന്മേലുള്ള നടപടിയായി തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത്… സത്യമറിയൂ…  

പ്രാദേശികം | Local രാഷ്ട്രീയം | Politics

തൃശൂരില്‍ 2024 ലെ പൂരം നടക്കുമ്പോള്‍ പോലീസിന്‍റെ ചില നടപടികള്‍ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.പിന്നീട് പൊതുതെരെഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റല്‍ നടന്നിരുന്നില്ല. തൃശൂരില്‍ നിന്നും വിജയിച്ച ഏക ബി‌ജെ‌പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലം കമ്മീഷണറെ സ്ഥലം മാറ്റിയെന്ന് അവകാശപ്പെട്ട് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

പ്രചരണം 

“തൃശൂരില്‍ ഗോപി പണി തുടങ്ങി. വിവാദ നായകനെ പുറത്താക്കി തൃശൂരിന് ആദ്യ സമ്മാനം.”- എന്ന വാചകങ്ങളും സുരേഷ് ഗോപിയുടെയും അങ്കിത് അശോകിന്‍റെയും ചിത്രങ്ങളുമാണ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്. അതായത് ഇത്തവണ പൂരം തടസപ്പെടുത്തിയതിന് ആരോപണം നേരിട്ട എസ്‌പിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സുരേഷ് ഗോപി മന്ത്രിയായ ശേഷം മുന്‍കൈയ്യെടുത്ത് ആദ്യംതന്നെ സ്ഥലം മാറ്റി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്നും എസ്‌പിയെ സ്ഥലം മാറ്റിയ നടപടിയില്‍ സുരേഷ് ഗോപിക്ക് യാതൊരു പങ്കുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി 

വസ്തുത ഇതാണ് 

തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പരാതികളെ തുടര്‍ന്ന് എസ്‌പിയെ മാറ്റുന്ന നടപടിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്  ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റിപ്പോര്‍ട്ടര്‍ ലൈവ് ഓണ്‍ലൈന്‍ പതിപ്പില്‍ 2024 ഏപ്രില്‍ 21 ന് വന്ന റിപ്പോര്‍ട്ട് ഇങ്ങനെ: “തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയിൽ നടപടി. തൃശ്ശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

പൊലീസ് നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോർട്ട് തേടിയത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി.” 

archived link

അതായത്, പൂരവുമായി ബന്ധപ്പെട്ട് പോലീസിനെ കുറിച്ച് ഉയര്‍ന്ന  പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്. സമാന റിപ്പോര്‍ട്ട് തന്നെയാണ് മറ്റ് മാധ്യമങ്ങളും നല്‍കിയിരിക്കുന്നത്. 

സംസ്ഥാന ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്‍റെ പ്രസ്സ് സെക്രട്ടറി വിശദമാക്കിത് ഇങ്ങനെ: “തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത് സുരേഷ് ഗോപി ആണെന്നത് തെറ്റായ പ്രചരണമാണ് പൂരവുമായി ബന്ധപ്പെട്ട വിഷയത്തിൽ . തൃശ്ശൂർ കമ്മീഷണറെ മാറ്റാനായി  തീരുമാനമെടുക്കാന്‍ അന്ന് തന്നെ സർക്കാർ ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ടം മൂലം ഇലക്ഷൻ കമ്മീഷൻ മാറ്റാൻ തയ്യാറായില്ല, പെരുമാറ്റചട്ടം തീർന്ന് പിറ്റേ ദിവസം തന്നെ സർക്കാർ എസ്‌പിയെ മാറ്റുകയാണുണ്ടായത്. ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പോലീസിൽ ട്രാൻസ്ഫർ / നടപടി എടുക്കാൻ ഇലക്ഷൻ കമ്മീഷന്‍റെ അനുമതി വേണം. ആഭ്യന്തന്തം സ്റ്റേറ്റ് ലിസ്റ്റിൽ വരുന്ന വിഷയമാണ്. അതിൽ കേന്ദ്ര സർക്കാരിനോ/കേന്ദ്ര മന്ത്രിക്കോ ഇടപെടാൻ പറ്റില്ല. കമ്മീഷണറെ മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഗവണ്‍മെന്‍റ് ഓര്‍ഡര്‍ ലഭ്യമാണ്.”

പൂരവുമായി ബന്ധപ്പെട്ട് പരാതികള്‍ക്കു മേലുള്ള നടപടിയായി തൃശൂര്‍ കമ്മീഷണറെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ മാറ്റാതിരുന്നത് സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണ് എന്നു വിശദമാക്കി മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിന്‍ കാണാം: 

ലഭ്യമായ വിവരങ്ങളില്‍ നിന്നും തൃശൂര്‍ കമ്മീഷണറെ മാറ്റിയത് സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെയാണെന്നും വ്യക്തമാകുന്നു. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇക്കൊല്ലത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെ കുറിച്ച് ഉയര്‍ന്ന  പരാതികളെ തുടര്‍ന്ന് തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത് മാറ്റിയത് സുരേഷ് ഗോപിയുടെ ഇടപെട്ടല്ല. പൂരം കഴിഞ്ഞയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിലാണ് പോലീസ് വിഭാഗത്തില്‍ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും തീരുമാനിക്കുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റിയ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് യാതൊരു പങ്കുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സുരേഷ് ഗോപി ഇടപെട്ടല്ല, സംസ്ഥാന സര്‍ക്കാരാണ് പൂരം നടത്തിപ്പിലെ പരാതിയിന്മേലുള്ള നടപടിയായി തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത്… സത്യമറിയൂ…

Fact Check By: Vasuki S 

Result: False