അത്തര്‍ വില്‍പ്പനയുടെ മറവില്‍ മോഷണ സംഘം ഇറങ്ങിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.. വസ്‌തുത ഇതാണ്.. 

സാമൂഹികം

വിവരണം

വഴിയോരങ്ങളില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തുന്നത് പോലെ തന്നെ വീടുകളിലെത്തിയും പല സാധനങ്ങള്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നയാളുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരത്തിലെത്തുന്നവര്‍ പലപ്പോഴും മോഷണം, കുട്ടികളെ തട്ടിക്കൊണ്ട് പോക്ക് തുടങ്ങിയ ദുരുദ്ദേശത്തോടെ എത്തുന്നവരാണെന്ന പ്രചരണം എല്ലാ കാലത്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതല്ലാതെ ഇത്തരത്തില്‍ കച്ചവടത്തിന് നടക്കുന്നവരെല്ലാം കുറ്റകൃത്യങ്ങള്‍ക്കായി നടക്കുന്ന ക്രിമനലുകളുമല്ല.

അതെ സമയം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. അത്തര്‍ കച്ചവടം നടത്തുന്നവരെ കുറിച്ചാണ്. പോലീസ് നല്‍കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോളും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് മുന്നറിയിപ്പ്.. അത്തര്‍ വില്‍പ്പനയുടെ മറവില്‍ വീട് കൊള്ളയടിക്കുന്നത് പതിവായിരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 150ല്‍ പരം ബംഗാളികള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആദ്യം നന്നായി മണമുള്ള അത്തറുകള്‍ മണപ്പിക്കും പിന്നീട് മയക്കുമരുന്ന് കലര്‍ത്തിയ അത്തര്‍ മണപ്പിക്കുന്നതോടെ ബോധരഹിതരാകും. പിന്നീട് വീട് കൊള്ളയടിക്കും. നമ്മുടെ വീട്ടുകാരെ പറഞ്ഞു മനസിലാക്കുക.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റര്‍ പ്രചരണം. എംപി പൊന്നാനി മോഹന്‍ പൊന്നാനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന പോലീസോ കോഴിക്കോട് ജില്ലാ പോലീസോ ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

“ഏറെ കാലങ്ങളായി പോലീസിന്‍റെ മുന്നറിയിപ്പ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററാണിത്. കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ടതില്‍ നിന്നും ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസിന്‍റെ പേരില്‍ ഇത്തരിത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ആരും തന്നെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും” അദ്ദേഹം പറഞ്ഞു.

നിഗമനം

പോലീസ് ഇത്തരത്തില്‍ അത്തര്‍ വില്‍പ്പനയെ കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ഇത് തെറ്റായ പ്രചരണമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അത്തര്‍ വില്‍പ്പനയുടെ മറവില്‍ മോഷണ സംഘം ഇറങ്ങിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •