അംഗനവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെതാണ്… സത്യമറിയൂ…

രാഷ്ട്രീയം | Politics

അംഗനവാടി ഈ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്ത വാര്‍ത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാം അറിഞ്ഞിരുന്നു. ഇതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട് 

പ്രചരണം

കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്‍റെ അക്ഷയപാത്രം എന്ന പദ്ധതിയാണെന്നും സംസ്ഥാന സർക്കാർ പേരുമാറ്റി ഇപ്പോൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് എന്നുമാണ് പ്രചരണം.  ഇത് സൂചിപ്പിച്ച്  നൽകിയിരിക്കുന്ന പോസ്റ്ററില്‍ അക്ഷയ പാത്ര പദ്ധതി ലോഗോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്മൃതി ഇറാനിയുടെയും ചിത്രവും നൽകിയിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  

കേന്ദ്രസർക്കാന്റെ അക്ഷയപത്ര-പദ്ധതിആണ്

#മുട്ടയും പാലും കൊടുക്കുന്നത് എന്ന് എത്ര പേർക്ക് അറിയാം ???

#പദ്ധതിയുടെ പേര് എന്തുകൊണ്ട് മാധ്യമങ്ങളിൽ കാണുന്നില്ല ???

#മോദിഗവണ്മെന്റ്നു

🎉അഭിനന്ദനങ്ങൾ 🎉

https://www.akshayapatra.org

archived linkFB post

എന്നാൽ പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. പോഷക ബാല്യം പദ്ധതിക്ക് കേന്ദ്രസർക്കാരുമായി യാതൊരു ബന്ധവുമില്ല.

വസ്തുത ഇതാണ് 

നിരവധിപ്പേര്‍ ഇതേ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിലെ അടിക്കുറിപ്പിനൊപ്പം അക്ഷയപാത്ര എന്ന പദ്ധതിയുടെ വെബ്സൈറ്റ് ലിങ്ക് നൽകിയിട്ടുണ്ട്. ഞങ്ങള്‍ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് ഒരു സാമൂഹ്യസേവന സംഘടനയാണ് എന്നു ബോധ്യമായി. അക്ഷയപാത്ര സംഘടനയ്ക്ക് കേന്ദ്രസർക്കാരുമായി യാതൊരു ബന്ധവുമില്ല. പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. 

അക്ഷയപാത്ര സംഘടനയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു NGO യാണ് അക്ഷയപാത്ര ഫൗണ്ടേഷൻ. സർക്കാർ സ്‌കൂളുകളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി ക്ലാസ് മുറിയിലെ വിശപ്പ് ഇല്ലാതാക്കാൻ സംഘടന ശ്രമിക്കുന്നു. കൂടാതെ പോഷകാഹാരക്കുറവ് തടയാനും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ പിന്തുണയ്ക്കുവാനും അക്ഷയപാത്ര ലക്ഷ്യമിടുന്നു. 

അക്ഷയപാത്ര ഓരോ സ്കൂൾ ദിനത്തിലും കുട്ടികൾക്ക് പുതിയതും പോഷകപ്രദവുമായ ഭക്ഷണം നൽകുന്നതിനുള്ള എല്ലാ ശ്രമങ്ങളും 2000 മുതൽ നടത്തുന്നുണ്ട്. കോർപ്പറേറ്റുകൾ, വ്യക്തികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ പിന്തുണയ്‌ക്കൊപ്പം, കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായും ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നു.”

ഇന്ന്, ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 19,039 സ്‌കൂളുകളിൽ നിന്നുള്ള 1.8 ദശലക്ഷത്തിലധികം കുട്ടികൾക്ക് എല്ലാ സ്‌കൂൾ ദിവസവും ആരോഗ്യകരമായ ഭക്ഷണം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ (ലാഭരഹിതമായ) മിഡ്-ഡേ മീൽ പ്രോഗ്രാമാണ് അക്ഷയപാത്ര.”

അതായത് അക്ഷയപാത്ര കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയല്ല എന്നര്‍ത്ഥം. മാത്രമല്ല, അക്ഷയപാത്ര എന്ന സംഘടന കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.  

പോഷക ബാല്യം പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനിൽ തിരഞ്ഞപ്പോൾ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് വെബ്സൈറ്റില്‍ വിവരങ്ങൾ നൽകിയിട്ടുള്ളതായി  കണ്ടു. 

“പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നൽകുന്നത്. ഇത് കൂടാതെയാണ് അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തിയത്.”

സമൂഹമാധ്യമങ്ങളിൽ പദ്ധതിയെക്കുറിച്ച് നടത്തി നടക്കുന്ന പ്രചരണത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനായി ഞങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു.  അവിടെനിന്നും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബിപിന്‍ ചന്ദ്രന്‍  ഞങ്ങൾക്ക് നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്:  ഈ പദ്ധതിക്ക് കേന്ദ്രസർക്കാരുമായി യാതൊരു ബന്ധവുമില്ല.  പൂർണ്ണമായും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശ്രദ്ധയിൽപ്പെട്ടിരുന്നു. പോഷക ബാല്യം പദ്ധതി പൂർണമായും സംസ്ഥാന സര്‍ക്കാരിന്‍റെത്  മാത്രമാണ് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്

പോഷക ബാല്യം പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റെതാണ് എന്ന മട്ടില്‍  സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണങ്ങൾ തെറ്റാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

സംസ്ഥാന സർക്കാർ അംഗനവാടി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച്   കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പോഷക ബാല്യം പദ്ധതി കേന്ദ്ര സർക്കാരിന്‍റെ അക്ഷയ പാത്ര എന്ന പദ്ധതി ആണെന്നും പേരുമാറ്റി അവതരിപ്പിച്ചിരിക്കുക ആണെന്നുമുള്ള പ്രചരണം പൂർണമായും തെറ്റാണ്.  കേന്ദ്രസർക്കാരുമായി ഈ പദ്ധതിക്ക് യാതൊരു ബന്ധവുമില്ല.  പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ‘അക്ഷയപാത്ര’ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയാണ്.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലല്ല, സംഘടന പ്രവര്‍ത്തിക്കുന്നത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അംഗനവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെതാണ്… സത്യമറിയൂ…

Fact Check By: Vasuki S 

Result: False