
വിവരണം
Cinema Darbaar എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 4-മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ അച്ഛനാണ് ഇന്നത്തെ സിനിമ ദര്‍ബാറിന്റെ അഭിനന്ദനങ്ങൾ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു ചിത്രങ്ങളാണ്. ഒപ്പം ഇൻഗ്ലീഷിൽ നൽകിയിരിക്കുന്ന വാചകങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്: “അദ്ദേഹത്തിന്റെ ഭാര്യ പ്രസവവേളയിൽ മരിച്ചുപോയി. കുഞ്ഞിനെ പരിപാലിക്കുന്നതും കോളേജിൽ ക്ലാസ്സുകൾ എടുക്കുന്നതുമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ജീവിതം വച്ചുനീട്ടിയ ക്രൂരതയെ അദ്ദേഹത്തിലെ അധ്യാപകനും പിതാവും സ്വീകരിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോ”
Archived Link |
ഭാര്യ പ്രസവ സമയത്ത് മരിച്ചുപോയ ഒരു അദ്ധ്യാപകൻ തന്റെ കുഞ്ഞിനെ കാര്യബാഗിലിട്ട് കോളേജിൽ ക്ലാസ്സെടുക്കുകയാണ് എന്നാണു പോസ്റ്റിൽ അവകാശപ്പെടുന്നത്. ഈ പോസ്റ്റ് ഒരു സ്ക്രീൻഷോട്ടാണെന്ന് അനുമാനിക്കുന്നു. ഈ ചിത്രം പറയുന്ന യഥാർത്ഥ കഥ എന്തായിരിക്കും…? നമുക്ക് ഒരു അന്വേഷണം നടത്താം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം തീർത്തും തെറ്റാണ് എന്ന് മനസ്സിലായി.
ഇതേ ചിത്രം ഉപയോഗിച്ച് സിഎൻഎൻ എന്ന മാധ്യമ വെബ്സൈറ്റ് 2016 ജൂലൈ 13 നു സ്പാനിഷ് ഭാഷയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ അത് ഇഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു.
“ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണെന്ന് പറയപ്പെടുന്നു, ഒരു മെക്സിക്കൻ അധ്യാപകന് തന്റെ വിദ്യാർത്ഥികളിൽ ഒരാളുടെ കുഞ്ഞിനെ എടുത്തുകൊണ്ട് നില്ക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു, അവൾക്ക് നോട്ടുകള്‍ തടസ്സമില്ലാതെ എഴുതാന്‍ വേണ്ടിയായിരുന്നു അത്.
അക്കാപുൽകോയിലെ യുഎൻഐഡിയിലെ ഇന്റർ-അമേരിക്കൻ യൂണിവേഴ്സിറ്റി ഫോർ ഡവലപ്മെന്റിലെ നിയമ പ്രൊഫസറായ മൊയ്സസ് റെയ്സ് സാൻഡോവൽ, തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ച ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 20,000 ത്തിലധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
“എനിക്ക് ഒരു വിദ്യാർത്ഥിയുണ്ട്, അവളുടെ വ്യത്യസ്ത വേഷങ്ങൾക്കിടയിലും വിദ്യാഭ്യാസം അവസാനിപ്പിച്ചില്ല, അതിനാൽ ക്ലാസ് തടസ്സപ്പെടുത്താതെ നോട്ടുകള്‍ എഴുതാന്‍ അവളുടെ മകനെ എടുക്കാൻ ഞാൻ തീരുമാനിച്ചു,” അദ്ദേഹം ജൂലൈ 6 ന് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം കുറിച്ചു.
പ്രൊഫസർ സിഎന്‍എന്‍ നോട് പറഞ്ഞതുപ്രകാരം, അന്ന് അദ്ദേഹം അന്താരാഷ്ട്ര നിയമത്തിന്റെ നിർവചനങ്ങൾ വിവരിച്ചു കൊണ്ടിരുന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു, അതിനാൽ അമ്മയ്ക്ക് അവനെ സാന്ത്വനിപ്പിക്കാനോ ക്ലാസ്സിൽ പങ്കെടുക്കാനോ തടസ്സം നേരിട്ടു. .
ക്ലാസ്സിനിടെ കുഞ്ഞിനെ എടുക്കാൻ അദ്ദേഹം തീരുമാനിച്ചു, ക്ലാസ്സ് മുറിയില്‍ പ്രഭാഷണം നടത്തുമോള് കൊച്ചുകുട്ടി നെഞ്ചിൽ ഉറങ്ങുകയായിരുന്നു.
യൂണിവേഴ്സിറ്റി പ്രൊഫസറെ സംബന്ധിച്ചിടത്തോളം, കുഞ്ഞിന്റെ അമ്മ യലേന സലാസ് (22) അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്, കാരണം അവൾ അധികം റോളുകൾ നിറവേറ്റുന്നുണ്ടെങ്കിലും (അമ്മയായും മുത്തശ്ശിയെ പരിപാലിക്കുന്നതിലും പഠനവും ജോലിയും ചെയ്യുന്നതിലും) ഒപ്പം അവൾ പഠനം തുടരുന്നു, 2014-ൽ പ്രസിദ്ധീകരിച്ച ഒ.ഇ.സി.ഡി.യുടെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ റിപ്പോർട്ടിൽ, ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് പുറത്തുപോകുന്ന പ്രവണത മെക്സിക്കോയിൽ കൂടുതലാണ്”
ഇതേ വിവരണത്തോടെ ഇന്ഡ്യടിവി ന്യൂസ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | indiatvnews |
ഞങ്ങൾ ലേഖനത്തിൽ നൽകിയ ലിങ്ക് ഉപയോഗിച്ച് Moisés Reyes Sandoval (മൊയ്സസ് റെയ്സ് സാൻഡോവൽ) എന്ന, പോസ്റ്റിൽ പരാമർശിക്കുന്ന അദ്ധ്യാപകന്റെ ഫേസ്ബുക്ക് പേജ് കണ്ടെത്തി. അതിൽ അദ്ദേഹം സ്പാനിഷ് ഭാഷയിൽ “എനിക്ക് ഒരു വിദ്യാർത്ഥിയുണ്ട്, അവരുടെ വ്യത്യസ്ത വേഷങ്ങൾക്കിടയിലും സ്കൂളിൽ നിന്ന് മാറിയിട്ടില്ല, അതിനാലാണ് കുറിപ്പുകൾ എടുക്കാൻ ക്ലാസ് തടസ്സപ്പെടുത്താതെ മകനെ എടുക്കാൻ ഞാൻ തീരുമാനിച്ചത്” എന്ന് ചിത്രത്തോടൊപ്പം വിവരണം നൽകിയിട്ടുണ്ട്. ഈ പോസ്റ്റിന് 22000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.
archived link |
പോസ്റ്റിൽ ചിത്രത്തോടൊപ്പം നൽകിയ വിവരണം തെറ്റാണ്. അദ്ധ്യാപകൻ തന്റെ ശിഷ്യയുടെ കുഞ്ഞിനെ അവൾക്ക് നോട്ട് എഴുതാനുള്ള സൗകര്യത്തിനു വേണ്ടി എടുത്തതാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രസവവേളയിൽ മരിച്ചു പോയതിനാൽ കുഞ്ഞിനേയും തോൾസഞ്ചിയിലേറ്റി കോളേജിലെത്തി ക്ളാസ്സെടുന്ന ചിത്രമല്ല ഇത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ക്ളാസ്സെടുക്കുമ്പോൾ കുഞ്ഞിനൊപ്പം എത്തിയ ശിഷ്യയ്ക്ക് നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അദ്ധ്യാപകൻ സ്വയം കുഞ്ഞിനെ എടുത്തതാണ്. അല്ലാതെ ഭാര്യ മരിച്ചു പോയതിനാൽ കുഞ്ഞിനേയുമെടുത്തുകൊണ്ട് കോളേജിൽ ക്ലാസ്സെടുക്കാൻ എത്തിയതല്ല.

Title:ഈ അദ്ധ്യാപകൻ കുഞ്ഞിനെ തോൾസഞ്ചിയിൽ ചേർത്തു പിടിച്ച് ക്ളാസ്സെടുക്കുന്നത് എന്തുകൊണ്ടാണ്…?
Fact Check By: Vasuki SResult: False
