അമേഠിയിൽ റീപോളിംഗ് നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടോ ..?

രാഷ്ട്രീയം

വിവരണം

Shaji Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 1000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമേഠിയിൽ വോട്ടിങ് മെഷീൻ സ്ട്രോങ്ങ് റൂമിൽ നിന്നും കടത്തി. ലോറിയിൽ കടത്തുന്ന ദൃശ്യം കോൺഗ്രസ്സ് പ്രവർത്തകർ പുറത്തുവിട്ടു. റീപോളിംഗ് ആവശ്യവുമായി രാഹുൽ ഗാന്ധി” എന്ന വാചകത്തോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒരു വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived FB post

മുകളിൽ നൽകിയ സ്ക്രീൻഷോട്ടുകളിൽ പ്രതിപാദിക്കുന്ന വീഡിയോ അമേഠിയിൽ നിന്നുമുള്ളതാണ്. അനധികൃതമായി സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ച വോട്ടിങ് യന്ത്രങ്ങൾ നീക്കം ചെയ്യുന്നു എന്ന പേരിൽ ഇത് രാജ്യം മുഴുവൻ വൈറലായിരുന്നു. ഈ പോസ്റ്റിൽ പ്രതിപാദിക്കുന്ന കാര്യം സത്യമാണോ..? അമേഠിയിൽ വോട്ടിഗ്  യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്നും കടത്തിയോ..? രാഹുൽ ഗാന്ധി റീപോളിംഗ് ആവശ്യപ്പെട്ടോ ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ പരിശോധന

ഞങ്ങൾ ഈ പോസ്റ്റ് വസ്തുതാ പരിശോധനയ്ക്ക് എടുക്കുന്ന വേളയിൽ വായനക്കാരെ ഒരു കാര്യം ഓർമിപ്പിക്കുകയാണ്. പോസ്റ്റിൽ പ്രതിപാദിക്കുന്ന വീഡിയോയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിയിരുന്നു.

കൂടുതൽ വായനയ്ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക്  സന്ദർശിക്കുക

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

“അമേഠിയിലെ ഗൗരിഗഞ്ചിലുള്ള മനീഷി മഹിളാ മഹാവിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ നിന്നുമാണ് മെഷീനുകൾ നീക്കം ചെയ്തത്‌.വേണ്ടത്ര ഉദ്യോഗസ്ഥരുടെ അഭാവത്തിലാണിത് എന്ന ആക്ഷേപം ശക്തമായതിനെ തുടർന്ന് അൽപ സമയത്തിനകം കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് യോഗേന്ദ്ര മിശ്ര സ്ഥലത്തെത്തി ജോലിക്കാരെ തടഞ്ഞു. റിസർവ് സൂക്ഷിച്ചിരുന്ന എവിഎം മെഷീനുകളാണിതെന്ന് സീരിയൽ നമ്പർ കാണിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഡെപ്യൂട്ടി ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ വന്ദിത ശ്രീവാസ്തവ അഭ്യൂഹങ്ങൾ നിഷേധിച്ചു. അമേഠിയിൽ കരുതൽ സൂക്ഷിച്ചിരുന്ന എവിഎം, വിവിപാറ്റ്‌ , സിയു മെഷീനുകൾ കളക്റ്ററേറ്റിലെത്തിച്ചു ബാർകോഡ് സ്കാനിങ്ങിനു ശേഷം സുൽത്താൻപൂരിലേയ്ക്ക് അയയ്ക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.” ഈ വിവരണവുമായി /boltahindustan എന്ന മാധ്യമം 2019 മെയ് 9 ന്  വാർത്ത നൽകിയിട്ടുണ്ട്.

archived link
boltahindustan

കൂടാതെ പ്രസ്തുത വീഡിയോയുടെ വസ്തുതാ വിശദീകരണം  ഉത്തർപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ അദ്ദേഹത്തിന്‍റെ ട്വിറ്റർ പേജിലൂടെ നല്‍കിയിട്ടുണ്ടായിരുന്നു

archived link
twitter post

പോസ്റ്റിൽ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ഈ വീഡിയോയുടെ പേരിൽ രാഹുൽ ഗാന്ധി അമേഠിയിൽ റീപോളിംഗ് ആവശ്യപ്പെട്ടു എന്നാണ്. ഇതിന്‍റെ വസ്തുത തിരഞ്ഞു നോക്കാം

പ്രമുഖ  മാധ്യമങ്ങളൊന്നും ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. ഈ പോസ്റ്റ് ഒഴികെയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളിലൊന്നിലും  ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ല. രാഹുൽ ഗാന്ധി അദ്ദേഹത്തിൻറെ ട്വിറ്റർ പേജിലൂടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സദാ പങ്കു വയ്ക്കുന്നയാളാണ്. തമാശകൾ പോലും അദ്ദേഹം ട്വിറ്റർ  വഴി പങ്കു വയ്ക്കാറുണ്ട്. അതിനാൽ ഞങ്ങൾ അദ്ദേഹത്തിൻ്റെ ട്വിറ്റർ പേജ് പരിശോധിച്ചു. അതിൽ ഇത്തരത്തിൽ യാതൊരു പരാമർശങ്ങളും നടത്തിയതായി സൂചനകളില്ല.

അതിനാൽ ഇത് വെറും വ്യാജ വാർത്ത പ്രചരിപ്പിക്കാനായി സൃഷ്ഠിച്ച പോസ്റ്റാണെന്ന് അനുമാനിക്കാം

നിഗമനം

ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണ്.  സ്ക്രീൻഷോട്ടുകൾ വഴി പരാമർശിക്കുന്ന വീഡിയോ തെറ്റിദ്ധാരണ സൃഷ്‌ടിച്ച ഒന്നായിരുന്നു. അമേഠിയിൽ നിന്നും സുൽത്താൻപൂരിലേയ്ക്ക് കൊണ്ടു പോവുകയായിരുന്ന ഉപയോഗിക്കാത്ത  വോട്ടിങ് യന്ത്രങ്ങളായിരുന്നു അവ. കൂടാതെ അമേഠിയിൽ റീപോളിംഗ് വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് വായനക്കാർ ദയവായി ഷെയർ ചെയ്യാതിരിക്കുക.

Avatar

Title:അമേഠിയിൽ റീപോളിംഗ് നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടോ ..?

Fact Check By: Deep M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •