രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ദേശീയം രാഷ്ട്രീയം

ആദ്യത്തെ ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയാണ്. യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. യാത്രക്കിടെ രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് നല്‍കി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

യാത്രക്കിടെ കണ്ടുമുട്ടിയ പട്ടിക്കുട്ടിയെ രാഹുല്‍ ഗാന്ധി വണ്ടിയില്‍ കയറ്റിയിരുത്തി ലാളിക്കുന്നത് കാണാം. പട്ടിക്ക് ബിസ്ക്കറ്റ് പോലുള്ള എന്തോ ഭക്ഷണം നല്കിയപ്പോള്‍ അത് താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്. ചിരിയോടെ സമീപത്ത് നില്‍ക്കുന്ന ആളുടെ കൈയ്യിലേയ്ക്ക് ഭക്ഷണം കൈമാറുകയും അയാള്‍ക്ക് ഹസ്തദാനം നല്‍കുന്നതും കാണാം. പട്ടിയുടെ ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് കഴിക്കാനായി നല്‍കുകയാണ് രാഹുല്‍ ഗാന്ധി എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പട്ടി മണത്തു നോക്കി ഒഴിവാക്കിയ ബിസ്ക്കറ്റ് തന്റെ പണിക്കാരന് കൊടുക്കുന്നു എന്നിട്ട് കഴിക്കുവാൻ പറയുന്നു ഇവനെ നേതാവാക്കി കൊണ്ട് നടക്കുന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ🤪🤪🤪

@Keralam BJP യിലേക്ക്”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങൾ സംഭവത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ എഎൻഐ ന്യൂസ് പോസ്റ്റു ചെയ്ത ന്യൂസ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന്‍റെ പ്രസക്തഭാഗങ്ങൾ ലഭ്യമായി. 

പട്ടിക്കുട്ടി തന്‍റെ കയ്യിൽ നിന്ന് ബിസ്ക്കറ്റ് കഴിക്കാത്തതിനെ കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്. നായ്ക്കുട്ടിയുമായി വന്ന ആളെ ഞാൻ വിളിച്ചു നായക്കുട്ടി പേടിച്ചു പോയെന്ന് തോന്നുന്നു ഞാൻ ബിസ്ക്കറ്റ് കൊടുത്തപ്പോൾ അത് കഴിച്ചില്ല അവന്‍റെ ഉടമയുടെ കൈയ്യില്‍ ഞാന്‍  ബിസ്ക്കറ്റ് കൊടുത്തിട്ട് പട്ടിക്കുട്ടിക്ക് നല്‍കാന്‍  പറഞ്ഞു. അപ്പോള്‍  കഴിക്കാൻ അവൻ തയ്യാറായി എന്ന് രാഹുൽ ഗാന്ധി പറയുന്നുണ്ട്. നായയുടെ ഉടമസ്ഥൻ കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ബിജെപി ആരോപിക്കുന്നതായി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നായകളോടുള്ള ബിജെപിയുടെ അഭിനിവേശം എനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു രാഹുൽഗാന്ധി മറുപടി നൽകിയത്. സംഭവത്തെക്കുറിച്ച് നായയുടെ ഉടമ സംസാരിക്കുന്ന ദൃശ്യങ്ങൾ X ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്:

പട്ടിക്കുട്ടിയെ കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി കൌതുകത്തോടെ അടുത്തേയ്ക്ക് വിളിച്ചെന്നും ബിസ്ക്കറ്റ് നല്‍കിയെന്നുമാണ് ഉടമ പറയുന്നത്. 

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അറിയിച്ചത് ഇങ്ങനെ: “രാഷ്ട്രീയം നോക്കിയല്ല, പട്ടിക്കുട്ടിയെ കണ്ടപ്പോഴുള്ള കൌതുകം കൊണ്ടാണ് രാഹുല്‍ ഗാന്ധി അതിനെ അടുത്തേയ്ക്ക് വിളിച്ചത്. ആള്‍ക്കൂട്ടം കണ്ട് ഭയന്നിട്ടാകും അദ്ദേഹം നല്‍കിയ ബിസ്ക്കറ്റ് പട്ടിക്കുട്ടി കഴിച്ചില്ല. ബിസ്കറ്റ് കഴിക്കാതിരുന്നപ്പോള്‍ ഉടമയുടെ കൈയ്യില്‍ അതിനു കൊടുക്കാനായി ബിസ്ക്കറ്റ് അദ്ദേഹം നല്‍കിയതാണ്. പട്ടിയുടെ ഉടമ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനല്ല. ഭാരത് ജോഡോ ന്യായ് യാത്ര കാണാന്‍ എത്തിയ ആളാണ്. സംഭവം വെറുതെ ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.”

നിഗമനം 

നായ കഴിക്കാതെ മാറ്റിയ ബിസ്ക്കറ്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പട്ടിക്കുട്ടിക്ക് നല്‍കാനായി ബിസ്ക്കറ്റ് അതിന്‍റെ ഉടമയുടെ കൈയ്യില്‍ കൊടുത്തതാണ്. ഉടമ നല്കിയപ്പോള്‍ പട്ടിക്കുട്ടി ബിസ്ക്കറ്റ് കഴിച്ചു. പട്ടിക്കുട്ടിയുടെ ഉടമ കോണ്‍ഗ്രസ്സ്  പ്രവര്‍ത്തകനല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Written By: Vasuki S 

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *