ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

രാഷ്ട്രീയം

വിവരണം

ഇടതുപക്ഷം രാജ്യത്തെ വഞ്ചിക്കില്ല.. അവര്‍ ഒരിക്കലും ഈ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ല.. രാഹുല്‍ ഗാന്ധി.. രാഹുലിന്‍റെ വാക്കുകള്‍ കേട്ട് കലിപൂണ്ട് യുഡിഎഫ് നേതാക്കള്‍..എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ മാതൃക ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം.

യഥാര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ കുറിച്ച് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്താണ് കേരളത്തില്‍ സജീവമായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. ആ വേളയിലെ പ്രസംഗങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തമിഴാനാട്ടിലും ബംഗാളിലും കോണ്‍ഗ്രസിന്‍റെ സംഖ്യകക്ഷിയായിരുന്ന സിപിഎമ്മിനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന രാഹുല്‍ഗാന്ധി നടത്തിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചും വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കേരളത്തെ വാനോളം പുകഴ്‌ത്തി രാഹുല്‍ പ്രസംഗം നടത്തിയതിനെ കുറിച്ച് സമയം മലയാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താന്‍ മത്സരിക്കാന്‍ കേരളം തിര‍ഞ്ഞെടുത്തിതിന്‍റെ കാരണം കേരളത്തിലെ തുല്യതയാണെന്നും അമിത് ഷാ പറയുന്നത് പോലെയല്ല കേരളമെന്നും. ഹൃദയ വിശാലതയും ആത്മവിശ്വാസമുള്ളവരുമാണ് കേരളയീരെന്നും രാഹുല്‍ തെരഞ്ഞടെുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി വയാനട്ടിലെ രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം അടിസ്ഥാനരഹിതമാണെന്നും രാഹുല്‍ ഗാന്ധി നാളിതുവരെ ഇടതുപക്ഷത്തെ കുറിച്ച് അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് നുണപ്രചരണമാണെന്നും ഓഫിസ് പ്രതിനിധി അറിയിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളം വാര്‍ത്ത റിപ്പോര്‍ട്ട്-

Samayam Malayalam News ReportArchived Link

നിഗമനം

രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്ല. കൂടാതെ അദ്ദേഹത്തിന്‍റെ ഓഫിസും പ്രചരണം വസ്‌തുതവിരുദ്ധമാണെന്ന് പ്രതികരിച്ചു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •