
വിവരണം
“ഇന്ത്യ മുസ്ലിം രാജ്യമാക്കണം. ഹുന്ദുക്കളെയും & ഹിന്ദുത്വവും ഇല്ലായ്മ ചെയ്യണം.
ഇന്ത്യ മുസ്ലിം രാജ്യമാക്കണം. ഹുന്ദുക്കളെയും & ഹിന്ദുത്വവും ഇല്ലായ്മ ചെയ്യണം. ഫിറോസ് ജഹാംഗീർ ഖാന്റെ കൊച്ചുമകൻ രാഹുൽ ഖാൻ മറ്റു മുസ്ലീങ്ങളോടൊപ്പം ഹിന്ദുക്കൾക്കെതിരെ ശപഥം ചെയ്യുന്നു.
കോൺഗ്രസ്സിന് വോട്ട് ചെയ്യുന്ന ഹിന്ദുക്കളോട് പുച്ഛം മാത്രം”
ഇങ്ങനെയുള്ള വിവരണവുമായി ത്രയംബക കേരളം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഒരു വീഡിയോ വൈറലാകുന്നുണ്ട്. പോസ്റ്റിനു ഏകദേശം 1000 ത്തോളം ഷെയറുകൾ ആയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും കുടുംബത്തിന്റെയും ജാതിയും മതവും എക്കാലവും ചർച്ചാ വിഷയമാണ്. മുസ്ലീങ്ങളുടെ പരമ്പരാഗത തൊപ്പി ധരിച്ച് രാഹുൽ ഗാന്ധി കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിനോടും മറ്റു ചിലരോടുമൊപ്പം ഇസ്ലാം മത പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ലോക് സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന് പിന്നാലെ രാഷ്ട്രീയ വിഭാഗത്തിൽ ധാരാളം വാർത്തകൾ ഇതുപോലെ പ്രചരിക്കാനിടയുണ്ട്. ഇതിൽ സത്യമേത് വ്യാജമേത് എന്ന് നിർണയിക്കുക താരതമ്യേന വായനക്കാർക്കിടയിൽ വെല്ലുവിളിയായിരിക്കും. രാഹുൽ ഗാന്ധിയുടെ പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ വീഡിയോയുടെ വസ്തുത തെരെഞ്ഞെടുപ്പ് കാലത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണോ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം
വസ്തുതാ പരിശോധന
2016 സെപ്റ്റംബർ 10 നാണ് സഹാറയുടെ സമയ് ലൈവ് എന്ന യൂട്യൂബ് ചാനലിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 സെപ്തംബർ 10 ന് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ കിച്ചൗച്ച ഷരീഫ് ദർഗ സന്ദർശിച്ചപ്പോൾ പ്രസിദ്ധീകരിച്ച വാർത്തയാണിത്. മുഴുവൻ വാർത്താ ക്ലിപ്പ് ഇവിടെ കാണാം.
അയോധ്യ യാത്രക്കിടെ 2016 ൽ രാഹുൽ ഗാന്ധി ഹനുമംഗർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി, തുടർന്ന് അംബേദ്കർ നഗറിലെ കിച്ചൗച്ച ഷെരീഫ് ദർഗ സന്ദർശിക്കുകയുണ്ടായി. “രാജ്യത്തിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും ” വേണ്ടി മൗലാനാ സുൽ അഷാറഫ് നടത്തിയ പ്രാർഥനയിൽ അദ്ദേഹം പങ്കെടുത്ത് 30 മിനിറ്റ് ദർഗയിൽ തങ്ങുകയും ചെയ്തു. പ്രാർത്ഥനയുടെ പരിഭാഷ ഇതാണ്: “കരുത്തിനായാണ് ഇദ്ദേഹം ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്. സമ്പത്ത് തേടിയല്ല. വർഗീയ ശക്തികൾ മൂലം ഊണും ഉറക്കവുമില്ലാതെ ഇദ്ദേഹം രാപകൽ പൊരുതിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ നിന്നും വർഗീയത തുടച്ചു നീക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഭിലാഷം. ഹിന്ദുസ്ഥാനിൽ ശാന്തിയുടെ സന്ദേശം എല്ലായിടത്തുംഎത്തിച്ചവനേ…അതേ ഹിന്ദുസ്ഥാന്റെ നിലനിൽപ്പിനായി ശാന്തി കൊണ്ടുവരേണമേ.. ഞങ്ങൾക്ക് ശക്തി തരൂ..ഞങ്ങൾക്ക് ധൈര്യം തരൂ.. ഹിന്ദുസ്ഥാന്റെ അഖണ്ഡതയും പരിശുദ്ധിയും നിലനിർത്താനുള്ള പ്രയാണത്തിൽ അതിനായി പ്രവർത്തിക്കാൻ ഇദ്ദേഹത്തെ അനുഗ്രഹിക്കേണമേ.. വർഗീയ ശക്തികൾക്കെതിരെ പൊരുതാൻ ഇദ്ദേഹത്തിന് കരുത്ത് നൽകേണമേ…”
രാഹുലിന്റെ രണ്ട് വർഷം മുമ്പുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ നൽകിയിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചാൽ സംഭവം നടന്ന ദിവസമേതെന്നും കൂടെയുള്ളവർ ആരൊക്കെയായിരുന്നു എന്നും വ്യക്തമാകും.
അപഗ്രഥനത്തിൽ നിന്നും വീഡിയോയുടെ വസ്തുത ഇങ്ങനെ അനുമാനിക്കാവുന്നതാണ്. രാഹുൽ ഗാന്ധി ദർഗയിൽ പോവുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവം നടന്നിട്ടു രണ്ടു വർഷം കഴിഞ്ഞു. ഹിന്ദുത്വത്തിനെതിരായോ ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യുന്നതിനെ പറ്റിയോ യാതൊരു പരാമർശങ്ങളും വീഡിയോയിലില്ല.
രാഹുൽ ഗാന്ധിയുടെ മതം ജാതി എന്നിവയെപ്പറ്റി പരസ്യമായ വിവരങ്ങൾ ലഭ്യമല്ല. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ അച്ഛൻ പാഴ്സി സമുദായത്തിൽ പെട്ട ആളായിരുന്നു. ഫിറോഷ് ഷാ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഖാൻ എന്ന ജാതീയ നാമം മുസ്ലീങ്ങളുടേതാണ് അത് ഫിറോസ് ഷായുടെ പേരിനൊപ്പം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അമ്മ ഇന്ദിരാ ഗാന്ധി ഹിന്ദു മതവിഭാഗത്തിൽപ്പെട്ട ആളായിരുന്നു. അതുകൊണ്ട് രാജീവ് ഗാന്ധി പാഴ്സി മതത്തിൽപ്പെട്ടയാളാണെന്നും രാഹുലിന്റെ ‘അമ്മ സോണിയാ ഗാന്ധി ഇറ്റലിയിലെ റോമൻ കാത്തലിക് മതവിഭാഗത്തിൽ പെടുന്ന ആളാണെന്നും അതുകൊണ്ട് രാഹുൽ ഹിന്ദു അല്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ താൻ ഹിന്ദു ബ്രാഹ്മണ വിഭാഗത്തിൽ ദത്താത്രേയ ഗോത്രത്തിൽ പെട്ടയാളാണെന്നാണ് രാഹുൽ അവകാശപ്പെടുന്നത്.
ഇതിന്റെ വിശദാംശങ്ങൾ താഴെ വായിക്കാം
इस परिवार का क्या करोगे! यह जनता के दिलों से लेकर इतिहास के पन्नों तक में बिखरा है।
— Shakeel Akhtar (@shakeelNBT) November 27, 2018
पवित्र पुष्कर सरोवर में जब राहुल ने अपना कुल गौत्र बताया तो पुजारी ने पुराने अभिलेखों के पृष्ठ खोलकर राहुल को वहां दर्ज प्रविष्ठियों में पूरी वंश बेल दिखाई। @RahulGandhi #Pushkar pic.twitter.com/GOgKFR4emQ
നിഗമനം
രാഹുൽ ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ യുടെ വിവരങ്ങൾ തികച്ചും തെറ്റാണ്. രാഹുൽ ഗാന്ധി മുസ്ലിമാണെന്ന് പറയുന്നതിന് തെളിവുകളുടെ അടിസ്ഥാനമില്ല. കൂടാതെ വീഡിയോ ദൃശ്യങ്ങളിലുള്ള പ്രാർത്ഥനയുടെ സാരാംശം മുകളിൽ നൽകിയിട്ടുണ്ട്. അത് രാജ്യത്തെ ഹിന്ദുക്കൾക്കെതിരായുള്ളതല്ല. രാഹുൽ ഗാന്ധി ദർഗ സന്ദർശിച്ചതും പ്രാർത്ഥനയിൽ പങ്കെടുത്തതും രണ്ടു വർഷം മുമ്പാണ്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പു സമയത്തെ ജനവികാരം ലക്ഷ്യമിട്ടുകൊണ്ടുള്ള തെറ്റിധാരണ പരമായ പോസ്റ്റാണിത് .
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാൻ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നുണ്ടോ…?
Fact Check By: Deepa MResult: False
