“കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞോ…?

രാഷ്ട്രീയം

വിവരണം 

Reporter Live  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 21 മുതൽ പ്രചരില്ലുന്ന ഒരു വാർത്തയ്ക്ക് 260 തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ്, സന്തോഷത്തോടെ സ്വീകരിക്കും: രമ്യ ഹരിദാസ്”  എന്ന തലക്കെട്ടിൽ ഫേസ്‌ബുള്ളിൽ നൽകിയിട്ടുള്ള പോസ്റ്റിൽ വാർത്തയുടെ ലിങ്ക് നൽകിയിട്ടുണ്ട്. വാർത്തയിലും ഇതേ തലക്കെട്ടാണുള്ളത്.  

archived linkFB post
archived linkreporter

“വാർത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പണപ്പിരിവ് വിവാദമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണപ്പിരിവ് നടക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം, ഏഴു നിയമസഭാ മണ്ഡലത്തില്‍ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം. സംഭവം വിവാദമായതോടെ എംപി രമ്യ തന്നെ പ്രതികരണവുമായി എത്തി. 

പിരിവില്‍ തെറ്റൊന്നുമില്ലെന്ന് രമ്യ ഹരിദാസ്  പറഞ്ഞു. ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് അംഗമായ തനിക്ക് യൂത്ത് കോണ്‍ഗ്രസ് അത്തരത്തിലൊരു സമ്മാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു. കാര്‍ വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരില്‍ നിന്നും പിരിവ് നടത്തുന്നില്ല. ഒന്നുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കിയതും യൂത്ത് കോണ്‍ഗ്രസാണെന്നും  മത്സരിപ്പിച്ച് വിജയിപ്പിച്ച് അവര്‍ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും രമ്യ പറഞ്ഞു.”

സാമൂഹിക മാധ്യമങ്ങളിൽ  ഏറെ വിവാദമായ വാർത്തയായിരുന്നു രമ്യ ഹരിദാസിന് കാർ വാങ്ങാൻ കോൺഗ്രസ്സ് പ്രവർത്തകർ പിരിവ് നടത്തുന്നു എന്നത്. പാർട്ടിയുടെ നിലപാട് കെപിസിസി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതോടെ വിവാദങ്ങൾ ഏതാണ്ട് അവസാനിക്കുകയായിരുന്നു. ഇതിനിടയിൽ കാർ വാങ്ങാനുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെ തീരുമാനത്തെ രമ്യ ഹരിദാസ് ഈ വാർത്തയിൽ പറയുന്നതുപോലെ സ്വാഗതം ചെയ്തിരുന്നോ..? നമുക്ക് വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ പ്രസക്തമായ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓണ്‍ലൈനില്‍ തിരഞ്ഞു. ഏതാനും മാധ്യമങ്ങൾ ഇതേ തലക്കെട്ടിൽ വാർത്ത നല്കിയിട്ടുള്ളതായി കാണാൻ സാധിച്ചു. എന്നാൽ രമ്യ ഹരിദാസ് ഇങ്ങനെ ഏത് അവസരത്തിലാണ് പറഞ്ഞത് എന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ ആരുംതന്നെ പറഞ്ഞിട്ടില്ല.

archived linkdailyhunt
archived linkmalayalam.news18

 തുടർന്നുള്ള ഞങ്ങളുടെ അന്വേഷണത്തിൽ മറുനാടൻ ടിവി പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. അതിൽ മറുനാടന്‍റെ പ്രതിനിധി രമ്യാ  ഹരിദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് നൽകിയിട്ടുണ്ട്. ഇതായിരിക്കാം വാർത്തയ്ക്ക് ആധാരം എന്ന് അനുമാനിക്കുന്നു. ഈ ഓഡിയോ ക്ലിപ്പ് അല്ലാതെ ഇത് സംബന്ധിച്ച് മറ്റു വാർത്തകളൊന്നും ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായില്ല. 

archived link

ഓഡിയോ ക്ലിപ്പിൽ രമ്യ പറയുന്നത് ഇങ്ങനെയാണ്. ആലത്തൂരുകാരിയ തനിക്ക് ആലത്തുരുകാര്‍ക്ക് വേണ്ടി ഓടിനടക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരു വാഹനം വാങ്ങി തരുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ലോക്സഭാ എംപി രമ്യാ ഹരിദാസ്. ഇതിലൂടെ അവര്‍ തനിക്ക് തരുന്ന പിന്തുണയാണ് വ്യക്തമാകുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ മാത്രമാണ് തനിക്ക് ഇത്തരത്തിലൊരു വാഹനം വാങ്ങി തരുന്നതിനെ കുറിച്ച് അറിഞ്ഞതെന്നും ഇപ്പോഴുണ്ടാകുന്ന വിവാദങ്ങളുടെ  ആവശ്യമില്ല എന്നും രമ്യ സംഭാഷണത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഇത്തരത്തിൽ സഹായിക്കാൻ സാദ്ധത പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ സ്നേഹം ഇതിനു മുമ്പും പലയവസരത്തിലും കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും രമ്യ പറയുന്നുണ്ട്. എന്നാൽ കോൺഗ്രസ്സ് പ്രവർത്തകർ കാർ തരുന്നതിൽ എന്താണ് തെറ്റ് എന്ന് രമ്യ സംഭാഷണത്തിൽ പറയുന്നില്ല. 

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ രമ്യ ഹരിദാസുമായി നേരിട്ട് സംസാരിച്ചിരുന്നു. രമ്യ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്. 

യൂത്ത് കോൺഗ്രസ്സിന്‍റെ തീരുമാനത്തിനെതിരെ അതിന്‍റെ നിയമ വശങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയുടെ തീരുമാനം തന്‍റെ ഫെബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. 

archived linkFB post

അധ്യക്ഷന്‍റെ വാക്കുകൾ കണക്കിലെടുത്ത് യൂത് കോൺഗ്രസ്സിന്‍റെ സ്നേഹസമ്മാനം സ്വീകരിക്കുന്നില്ലെന്ന് രമ്യ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

archived linkFB post

അങ്ങനെ കാർ വാങ്ങൽ വിവാദം അവസാനിച്ചിരുന്നു. ഇതേപ്പറ്റി ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിയ്ക്കാം. 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ഒരു കാര്യം തെറ്റാണ് എന്നാണ്. വാർത്തയുടെ തലക്കെട്ടിൽ നൽകിയിരിക്കുന്ന “കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ്” എന്ന രമ്യയുടെ പരാമർശം തെറ്റാണ്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രമ്യ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയിരുന്നു. കൂടാതെ വാർത്തയ്ക്ക് ആധാരമായി കണക്കാക്കപ്പെടുന്ന ഓഡിയോ ക്ലിപ്പിലും ഇത്തരത്തിൽ പരാമർശം കാണാനില്ല. 

നിഗമനം 

ഈ പോസ്റ്റിൽ തലക്കെട്ടിൽ നൽകിയിരിക്കുന്ന ഒരു കാര്യം തെറ്റാണ്. കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിൽ എന്താണ് തെറ്റ് എന്ന് പറഞ്ഞിട്ടില്ലെന്ന് രമ്യ ഹരിദാസ് എംപി നേരിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനെപ്പറ്റി മാധ്യമ പ്രവർത്തകനുമായി രമ്യ സംസാരിച്ച ഓഡിയോ ക്ലിപ്പിലും ഇത്തരത്തിൽ പരാമർശം ഇല്ല. അതിനാൽ മുകളിലെ വസ്തുതകൾ പൂർണ്ണമായും മനസ്സിലാക്കി മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:“കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞോ…?

Fact Check By: Vasuki S 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •