ATM ൽപണം ഇല്ലെങ്കിൽ ഇനി മുതൽ ബാങ്ക് പിഴ നൽകേണ്ടി വരുമെന്ന അറിയിപ്പ് അർബിഐ പുറത്തിറക്കിയോ..?

സാമൂഹികം

വിവരണം 

കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ജൂൺ 15 മൂതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. എടിഎം ഉപയോഗത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു അറിവാണ് പോസ്റ്റിലൂടെ ഷെയർ ചെയ്യുന്നത്. നോ കാഷ്  എന്നെഴുതിയ ഒരു എടിഎം മെഷീന്റെ ചിത്രവും ഒപ്പം “ATM ൽപണം ഇല്ലെങ്കിൽ ഇനി മുതൽ ബാങ്ക് നിങ്ങൾക്ക് പിഴ നൽകേണ്ടി വരും. 

ATM പണംതീർന്നാൽ 3മണിക്കൂറിനുള്ളിൽ പണം നിറക്കണമെന്നാണ് നിയമം. ബാങ്കിന്‍റെ അലസത മൂലം പലപ്പോഴും ഇത് നടക്കാറില്ല. അതിനായി മെഷീനിൽതന്നെ സെൻസർ ഘടിപ്പിക്കാൻ നിർദേശം നൽകിയതായി അറിയുന്നു. ഇതുമൂലം ഉപഭോക്താവിന് തന്നെ പണം തീർന്ന വിവരം ബാങ്കിനെ അറിയിക്കാൻ സാധിക്കും. ഗ്രാമീണ മേഖലകളിൽ നിന്നും വ്യാപക പരാതി വന്നതിനെത്തുടർന്നാണ് RBI തീരുമാനം.”  എന്ന വിവരണവും നൽകിയിട്ടുണ്ട്. 

archived linkFB post

നാം പലപ്പോഴും പണമെടുക്കാൻ എടിഎമ്മിൽ എത്തുമ്പോൾ നേരിടേണ്ടണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് മെഷീനുള്ളിൽ പണം ഇല്ലാതെ വരുക എന്നുള്ളത്. പലപ്പോഴും എടിഎമ്മിൽ കാർഡ് ഇൻസേർട്ട് ചെയ്ത് പണമെടുക്കാനുള്ള നിർദേശങ്ങൾ മെഷീന് നല്കിക്കഴിയുമ്പോഴാണ് നമുക്ക് ഇതേപ്പറ്റി അറിയിപ്പ് ലഭിക്കുന്നത്. ഇതിനെതിരായി ആർബിഐ നിയമം കൊണ്ടുവന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ലഭ്യമായില്ല. റിസർവ് ബാങ്ക് അവർ പുറത്തിറക്കുന്ന അറിയിപ്പുകളുടെ പകർപ്പുകൾ വെബ്‌സൈറ്റിൽ നൽകാറുണ്ട്. കൂടാതെ പ്രമുഖ മാധ്യമങ്ങൾ ഇത് വാർത്തയാക്കാറുമുണ്ട്. മാത്രമല്ല ബാങ്കുകൾ ചില പ്രധാന ആർബിഐ തീരുമാനങ്ങൾ ബാങ്കുകളുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. എന്നാൽ ഇങ്ങനെയൊരു  നിര്‍ദ്ദേശം ആർബിഐ നല്‍കിയതിനെപ്പറ്റി ഇതുവരെ നമ്മൾ എവിടെ നിന്നും അറിഞ്ഞിട്ടില്ല. ആര്‍ബിഐയും എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട് ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്ത ഇതാണ്: 

livemintarchived link

ഏകോണോമിക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത താഴെ കൊടുക്കുന്നു. എടിഎം ഉപയോഗിക്കുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും ഇടപാടുകാരന്‍റെ അക്കൌണ്ടില്‍ നിന്നും പണം പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ എട്ടാമത്തെ ദിവസം മുതല്‍ ബാങ്ക് 100 രൂപ വീതം നഷ്ട പരിഹാരം ഇടപാടുകാരന് നല്‍കണം എന്ന് ആര്‍ബിഐ നിര്‍ദേശമുണ്ട് എന്നതാണ് വാര്‍ത്ത.

archived linkeconomic times
archived linkthe better india

ആർബിഐ വെബ്‌സൈറ്റിലും മാധ്യമങ്ങളിലും തിരഞ്ഞിട്ടു ലഭിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ ഫെഡറൽ ബാങ്ക് കോട്ടയം കുമാരനല്ലൂർ ബ്രാഞ്ച് മാനേജരായ അമിത് കുമാറുമായി സംസാരിച്ചു. അദ്ദേഹം തന്ന വിശദീകരണം ഇപ്രകാരമാണ് :ഒരു എടിഎം സെന്‍ററിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാകാം ഉദാഹരണത്തിന് നെറ്റ് വർക്ക് ഇല്ലാതെ വരുക, വൈദ്യുതി ഇല്ലാതെ വരുക തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളുൾപ്പെടെ പണം ലഭിക്കാതെ വരുന്ന വേളകളിൽ ബാങ്കിന് ഉത്തരവാദിത്തമില്ല എന്നതാണ് എടിഎം കാർഡ് നൽകുമ്പോൾ ബാങ്ക് ഇടപാടുകാർക്ക് നൽകുന്ന കരാറിലെ വ്യവസ്ഥ. ഒരു എടിഎം കാർഡ് നമുക്ക് തരുമ്പോൾ നമ്മൾ സമ്മതിക്കുന്ന കരാർ അങ്ങനെയാണ് എടിഎം മെഷീനിൽ പണം ഇല്ലാതെ വരുന്ന സന്ദർഭങ്ങളിലും ഇതുപോലെ തന്നെ ബാങ്ക് നഷ്ട പരിഹാരം നൽകില്ല.  എന്നാൽ എടിഎമ്മിൽ നിന്നും പണം തിരികെ പോകുകയാണെങ്കിൽ, 7 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളിൽ അക്കൗണ്ടിൽ പണം തിരികെ എത്താത്തപക്ഷം എട്ടാമത്തെ ദിവസം മുതൽ 100 രൂപ വച്ച് ബാങ്ക് നഷ്ടപരിഹാരം തരാൻ ബാധ്യസ്ഥരാണ്. മറ്റൊരു ബാങ്കിന്‍റെ എടിഎമ്മിൽ നിന്നും പണം എടുക്കാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്‌നം ഉണ്ടായാലും ഇതേ നഷ്ടപരിഹാരം ഇടപാടുകാരന് ലഭിക്കും.. എടിഎമ്മിൽ പണം ഇല്ലാത്തതുകൊണ്ടോ നെറ്റ് വർക്ക് ഇല്ലാത്തതുകൊണ്ടോ വൈദ്യുതി ഇല്ലാത്തതുകൊണ്ടോ പണം ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്ക് നഷ്ടപരിഹാരം തരുമെന്ന് ആർബിഐ ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല . “

ഞങ്ങളുടെ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച് റായ്പൂര്‍ ഉപഭോക്തൃ ഫോറം 2018 ജൂണില്‍ വിധി പ്രഖ്യാപിച്ച ഒരു കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ ഇടപാടുകാരന് ബാങ്ക് നഷ്ടപരിഹാരം നല്കണം എന്ന്‍ ഉപഭോക്തൃ ഫോറം വിധിപ്രഖ്യാപിച്ചതിനെ കുറിച്ചാണ് വാര്‍ത്ത. 

archived linklatest laws

ഞങ്ങള്‍ ഇത് സംബന്ധിച്ച് ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്രീലേഖ ഷിംജി എന്ന നിയമവിദഗ്ധയോട് വിദഗ്ദ്ധോപദേശം തേടി. അവര്‍ പറഞ്ഞത് ഇന്‍ഡ്യയില്‍ ഒരു സംസ്ഥാനത്തെ കന്‍സ്യൂമര്‍ കോടതിയിലെ വിധി അപ്പലേറ്റ് കോടതിയാണെങ്കില്‍ മാത്രമേ കീഴ്കോടതികളില്‍ ബാധകമാകുകയുള്ളൂ എന്നാണ്. അല്ലാത്ത വിധികള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബാധകമാകുക. സമാന കേസുകള്‍ വരുമ്പോള്‍ കക്ഷികള്‍ ഇത്തരം വിധികള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണന നല്‍കാനുള്ള തീരുമാനം കോടതിയുടെതു മാത്രമായിരിക്കും. എന്നാല്‍ സുപ്രീംകോടതി വിധി രാജ്യം മുഴുവന്‍ ഒരേപോലെ ബാധകമാണ്. 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വിവരമാണെന്നാണ്. റിസര്‍വ് ബാങ്ക് പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ എടിഎം ഉപയോഗ കാര്യത്തില്‍ ഇങ്ങനെയൊരു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വിവരമാണ്. എടിഎമ്മിൽ പണം തീർന്ന സാഹചര്യത്തിൽ ഇടപാടുകാരന് ബാങ്ക് നഷ്ടപരിഹാരം നൽകുമെന്ന് ഇതുവരെ ആർബിഐ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ തെറ്റിദ്ധരിക്കപ്പെട്ട് ഇടപാടുകാർ ബാങ്കിനെ സമീപിക്കാതിരിക്കാനായി വായനക്കാർ മാന്യ വായനക്കാർ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കുക  

Avatar

Title:ATM ൽപണം ഇല്ലെങ്കിൽ ഇനി മുതൽ ബാങ്ക് പിഴ നൽകേണ്ടി വരുമെന്ന അറിയിപ്പ് അർബിഐ പുറത്തിറക്കിയോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •