എടിഎം പിൻ തട്ടിപ്പിനെതിരായുള്ള ഈ മുന്നറിയിപ്പ് റിസർവ് ബാങ്കിന്‍റേതാണോ ..?

സാമൂഹികം

വിവരണം 

കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് അധികം ഷെയറുകൾ ലഭിച്ചിട്ടില്ലെങ്കിലും ധാരാളം പേര് ഈ വാർത്ത ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. കാരണം എടിഎം ഉപയോഗത്തെപ്പറ്റി റിസർവ് ബാങ്ക് നൽകുന്ന മാർഗ്ഗ നീർദേശത്തെ പറ്റിയുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇംഗ്ലീഷിൽ നൽകിയിട്ടുള്ള പോസ്റ്റിന്റെ പരിഭാഷ  ഇങ്ങനെയാണ് : എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ഉപയോഗപ്രദമായ ചില നുറുങ്ങുകൾ.: എടിഎം കാർഡ് അകത്തേയ്ക്ക് ഇടുന്നതിന് മുമ്പ് ‘കാൻസൽ ‘ ബട്ടൺ രണ്ടു തവണ അമർത്തുക. ആരെങ്കിലും പിന് നമ്പർ മോഷ്ടിക്കാൻ തക്കവണ്ണം കീപാഡ് തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിൽ അത് കാൻസൽ ആകുന്നതാണ്. ഓരോ തവണ എടിഎം ഉപയോഗിക്കുമ്പോഴും ഇതൊരു ശീലമാക്കുക. നിങ്ങളുടെ ചുറ്റുമുള്ളവരിലേയ്ക്ക് ഷെയർ ചെയ്യുക “

archived linkFB post

എടിഎം തട്ടിപ്പിനെ കുറിച്ച് നിരവധി വാർത്തകൾ മാധ്യമങ്ങളിൽ കാണാറുണ്ട്. ബാങ്കുകൾ ഇതിനെ പ്രതിരോധിക്കാൻ പൊതുജനങ്ങൾക്ക്  മെസ്സെജുകളായും മറ്റും ചില മുന്നറിയിപ്പുകൾ നൽകുന്നതിനെ പറ്റി നമുക്ക് അറിയാം. എന്നാൽ ആർബിഐ പോസ്റ്റിൽ നല്കിയിരിക്കുന്നതു പോലെയൊരു അറിയിപ്പ് പൊതു ജങ്ങൾക്കായി നല്കിയിരുന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിലെ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. എന്നാൽ ആർബിഐ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയതായി വാർത്തകൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ ആർബിഐയുടെ  വെബ്‌സൈറ്റ് എടുത്ത് പരിശോധിച്ച് നോക്കി. എടിഎമ്മിനെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും ചില വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. അതിലും ഈ പോസ്റ്റിൽ പറയുന്ന മുന്നറിയിപ്പ് നൽകിയതായി കാണാൻ കഴിഞ്ഞില്ല. എക്കൊണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ ധനകാര്യവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട വാർത്തകൾ മുടക്കമില്ലാതെ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊരു വാർത്ത അവരുടെ മാധ്യമ വെബ്‌സൈറ്റുകളിൽ കാണാനില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ ഇതേ പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തിയ ലിങ്കുകൾ ലഭിച്ചു. എല്ലാ വെബ്സൈറ്റിലുമുള്ള ലേഖനങ്ങളിൽ ആർബിഐ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിട്ടില്ല എന്ന വാർത്തയാണുള്ളത്. afp  എന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റ് ആർബിഐ യുടെ വക്താവ് ജോസ് കോട്ടൂരിന്‍റെ ഇതേപ്പറ്റി നൽകിയ വിശദീകരണം ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഇതൊരു വ്യാജ വാർത്തയാണ്.” എന്ന് അദ്ദേഹം പ്രതികരിച്ചതായി അവർ പറയുന്നു. 

കൂടാതെ ബാങ്ക് കാർഡുകൾ നിർമിക്കുന്ന കമ്പനിയായ   മണിപ്പാൽ ടെക്നോളജീസ് ലിമിറ്റഡ്   afp ക്കു നൽകിയ വിശദീകരണം രണ്ടുതവണ ക്യാൻസൽ ബട്ടൺ അമർത്തുന്നത് എടിഎം തട്ടിപ്പ് തടയാനുള്ള ഫലപ്രദമായ മാർഗമായി കരുതാനാവില്ല എന്നാണ്. വസ്തുത പരിശോധന നടത്തിയ ഏതാനും വെബ്‌സൈറ്റുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു. വായനക്കാർക്ക് അവ പരിശോധിക്കാവുന്നതാണ്.

archived linknewsmobile
archived linkboomlive

ഞങ്ങളുടെ അന്വേഷണത്തിൽ തെളിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂര്‍ണ്ണമായും തെറ്റാണ് എന്നാണ്. ആർബിഐ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിട്ടില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. എടിഎം സുരക്ഷയ്ക്കായി ആർബിഐ ഇങ്ങനെയൊരു സന്ദേശം പൊതു ജനങ്ങൾക്കായി നൽകിയിട്ടില്ല. ആരോ തയ്യാറാക്കിയ പോസ്റ്റിന് കൂടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ ആർബിഐയുടെ പേരിൽ പ്രചരിപ്പിക്കുന്നതാണ്. മാത്രമല്ല രണ്ടുതവണ കാൻസൽ ബട്ടൺ അമർത്തുന്നത് എടിഎം പിൻ  തട്ടിപ്പിനെ പ്രതിരോധിക്കുമെന്നതിന് സാങ്കേതികമായ വിശദീകരണങ്ങളൊന്നുമില്ല. അതിനാൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:എടിഎം പിൻ തട്ടിപ്പിനെതിരായുള്ള ഈ മുന്നറിയിപ്പ് റിസർവ് ബാങ്കിന്‍റേതാണോ ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •