വലക്കണ്ടി പള്ളിയില്‍ സംഘര്‍ഷമുണ്ടായത് ഇറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ടല്ല… സത്യമറിയൂ…

സാമൂഹികം

വിശ്വാസികൾ റംസാൻ മാസം വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ഒരു ദിവസമാണ് പതിനേഴാം രാവ്. മുഹമ്മദ്‌ നബി ഉൾപ്പെടെ 313 പേർ ഒരു വശത്തും ആയിരത്തോളം സത്യ നിഷേധികൾ മറു വശത്തുമായി നടത്തിയ ബദർ യുദ്ധം ഈ ദിനത്തിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. 

മലപ്പുറത്തെ ഒരു മുസ്ലിം പള്ളിയിൽ പതിനേഴാം ദിനത്തില്‍ ബദര്‍ യുദ്ധത്തിന് സമാനമായ സംഘര്‍ഷം നടന്നുവെന്ന് ആരോപിച്ച്  ഒരു  വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പള്ളിമുറ്റത്ത് കുറെ പേർ തമ്മിൽ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  പോലീസ് ഇതിനിടയിൽ ആളുകളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. പള്ളിമുറ്റത്ത് ഇറച്ചിക്കറിക്ക് വേണ്ടി നടത്തിയ സംഘർഷമാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വലക്കണ്ടി പള്ളിയിൽ നടന്ന ബദർയുദ്ധം ഇറച്ചി കിട്ടാത്തതിന്റെ പേരിലാണ് ബദർ യുദ്ധം നടന്നത് 👆 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റായ വിവരണമാണ് വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായി. ഇറച്ചിയുടെ പേരിലല്ല ഈ സംഘർഷം നടന്നത് 

വസ്തുത ഇതാണ്

വലക്കണ്ടി പള്ളിയിലാണ് സംഘര്‍ഷം നടന്നതെന്ന് പോസ്റ്റിൽ നൽകിയ സൂചന അനുസരിച്ച് ഞങ്ങൾ ഈ പ്രദേശം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷന്‍ അന്വേഷിച്ചപ്പോള്‍  തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനാണ് എന്നു മനസ്സിലായി.  സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ എസ്ഐ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന  പ്രചരണം ശരിയല്ല. ഇറച്ചിയുടെ പേരിൽ ഒന്നുമല്ല അവിടെ സംഘർഷമുണ്ടായത്.  ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് നോമ്പിന്‍റെ 17 മത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരുന്നു. പള്ളിയുടെ ഭരണ ചുമതല ഏറെ നാളുകളായി ഒരു കുടുംബത്തിന്‍റെ കൈയിലാണ്. തലമുറകള്‍ മാറി, കുടുംബത്തിന് ശാഖകള്‍ ഉണ്ടാവുകയും പിരിയുകയുമൊക്കെ ചെയ്തു. ഇങ്ങനെ രണ്ടു ശാഖകളില്‍ പെട്ടവര്‍ തമ്മില്‍ പള്ളി മുറ്റത്തുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതാണ് ഈ വീഡിയോയിൽ കാണുന്നത്. തെറ്റായ വിവരണത്തോടെ പലരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണുണ്ടായത്.” 

തദ്ദേശീയനായ ഒരു മാധ്യമപ്രവർത്തകനോട് ഞങ്ങൾ ഈ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്:  “ഇപ്പോൾ ഭരണചുമതല കയ്യടക്കി വെച്ചിരിക്കുന്ന കുടുംബത്തിന്‍റെ  പൂർവികരാണ് ഈ പള്ളി ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.  അവരുടെ താഴെയുള്ള തലമുറകളിൽ പെട്ട ആളുകളാണ് ഇപ്പോൾ ഇവിടെ പ്രശ്നമുണ്ടാക്കിയത്. വീടിനുള്ളിലുണ്ടായ വാക്കുതർക്കം പള്ളിമുറ്റത്തേക്ക് എത്തുകയായിരുന്നു.  ഇറച്ചി വിളമ്പുന്നതുമായി ഈ സംഘർഷത്തിന് യാതൊരു ബന്ധവുമില്ല.”

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്‍റുകളിൽ, തദ്ദേശീയരായ പലരും പ്രചാരണം തെറ്റാണെന്നും രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് പള്ളിമുറ്റത്ത് സംഘർഷ രംഗങ്ങൾ സൃഷ്ടിച്ചതാണ് എന്നും വ്യക്തമാക്കുന്നുണ്ട്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഇറച്ചിയുടെ പേരിലല്ല പള്ളിമുറ്റത്ത് സംഘർഷമുണ്ടായത്.  പള്ളി കമ്മിറ്റിയുടെ ഭരണക്കാരായ രണ്ടു കുടുംബങ്ങൾ തമ്മിലാണ് പ്രശ്നം ഉണ്ടായത്. ഇറച്ചി വിളമ്പുന്നതുമായി ഈ സംഘർഷത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വലക്കണ്ടി പള്ളിയില്‍ സംഘര്‍ഷമുണ്ടായത് ഇറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ടല്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.