ഈ നമ്പർ ഓട്ടോക്കാർക്ക് പണി നൽകുമോ..?

സാമൂഹികം
archived link
marunadan tv

marunadan video

വിവരണം

വിളിച്ചാൽ  വരാത്ത ഓട്ടോക്കാർക്ക്  പണികൊടുക്കാൻ   നമ്പർ  സേവ് ചെയ്യുക. 8547639101 എന്ന നമ്പർ സേവ് ചെയ്ത് ഓട്ടോക്കാർക്കിട്ട് പണി കൊടുക്കാം;  എന്ന വിവരണവുമായി മറുനാടൻമലയാളിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് 38000 ഷെയറുകൾ ആയിട്ടുണ്ട്. വാട്ട്സ് ആപ്പിലൂടെയും ഈമെയിലിലൂടെയും പരാതി നൽകാനുള്ള സംവിധാനമുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. മറുനാടൻ കൂടാതെ ഭാരതീയ ജനതാ പാർട്ടി, PSK News Media  എന്നീ ഫേസ്‌ബുക്ക് പേജുകളിലും വീഡിയോ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 സെപ്റ്റംബർ 12 നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാധാരണ ജനങ്ങൾ ഗതാഗതത്തിന് ഏറ്റവും കൂടുതൽ ഇപ്പോഴും ആശ്രയിക്കുന്നത് ഓട്ടോകളെയാണ്. അതിനാൽത്തന്നെ ഈ വാർത്ത കൂടുതൽ ജനശ്രദ്ധ ആകർഷിക്കും. നിരവധിപ്പേർക്ക് പ്രയോജനം ചെയ്യുന്ന ഈ വാർത്ത സത്യമാണോ എന്ന് നമുക്ക് ഔദ്യോഗിക വൃന്ദങ്ങളിൽ അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ് പരിശോധിച്ചു. അതിൽ ഇതേപ്പറ്റി യാതൊരു വിവരങ്ങളും ലഭ്യമല്ല.പിന്നീട് തിരുവനന്തപുരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ കെ നജീബുമായി സംസാരിച്ചു.സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ കൊടുക്കുന്നു :

” മോട്ടർ വാഹന വകുപ്പ് പരീക്ഷണാർത്ഥം ഇങ്ങനെയൊരു കാര്യം തുടങ്ങി വച്ചതാണ്. ഇതൊരു പൈലറ്റ് പ്രൊജക്റ്റായിരുന്നു.  തിരുവനന്തപുരത്തു മാത്രമായാണ് തുടക്കം. ഇവിടെ ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഓട്ടോക്കാരെ കേന്ദ്രീകരിച്ച് മൊബൈൽ നമ്പർ വഴി പരാതി സ്വീകരിക്കുന്ന രീതിയായിരുന്നു. ഔദ്യോഗികമായി ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. പൊതുസമക്ഷം പദ്ധതി സമർപ്പിച്ചിട്ടില്ല. തിരുവനന്തപുരം ടൗണിനുള്ളിൽ ആരംഭിച്ച പദ്ധതിയെ പറ്റി നടന്ന വ്യാജ പ്രചാരണം മൂലം അത് ജില്ല മുഴുവനും പരാതി നൽകാനുള്ള നമ്പർ എന്ന മട്ടിൽ പരന്നു. അല്ലെങ്കിൽ തന്നെ 01 ൽ അവസാനിക്കുന്ന നമ്പർ തിരുവനന്തപുരം ജില്ലയുടേതാണ്. 02 കൊല്ലം 03 പത്തനംതിട്ട എന്നിങ്ങനെ അനുക്രമമായി 14  ജില്ലകളിലേക്കും വേറെ വേറെ നമ്പറുകളാണ് നൽകുക.   

പിന്നീട് അത് കേരളം മുഴുവൻ പരാതി നൽകാനുള്ള നമ്പർ എന്ന പ്രചരണത്തിലേക്കെത്തി. മൂന്നു മാസം ഈ നമ്പർ കൈകാര്യം ചെയ്തത് ഞാനാണ്. പരീക്ഷണ അടിസ്ഥാനത്തിൽ നമ്പർ മുന്നോട്ടു കൊണ്ടുപോയെങ്കിലും  നിരന്തരം വരുന്ന പരാതികളുടെ ആധികാരികത പരിശോധിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ നിർത്തിവച്ചു. പദ്ധതി ആരംഭിക്കുമ്പോൾ പരാതികളുടെ എണ്ണം മനസ്സിലാക്കുക എന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. ഇ മെയിൽ വഴി മാത്രമാണ് ഇപ്പോൾ പരാതി സ്വീകരിക്കുന്നത്. കൂടാതെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓട്ടോറിക്ഷ സംബന്ധിച്ച പരാതികൾക്ക് മറ്റൊരു നമ്പർ കൊണ്ടുവരികയും ചെയ്തു.

(കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഓട്ടോറിക്ഷാ പരാതികൾ നൽകാൻ കൊടുത്തിട്ടുള്ള നമ്പർ. തിരുവനന്തപുരം സിറ്റിക്കുള്ളിൽ എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്) കടപ്പാട് : ഫേസ്‌ബുക്ക്    

മറുനാടൻ മലയാളിയുടെ ഒരു റിപ്പോർട്ടർ എന്നെ വിളിച്ചിരുന്നു. 8547639101 എന്ന നമ്പർ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും പോലീസ് കമ്മീഷണർ മറ്റൊരു നമ്പർ ഇതിനായി തുടങ്ങിയെന്നും അദ്ദേഹത്തെ അറിയിച്ചതാണ്. വൈകാതെ ഈ സംവിധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഇനി പരാതി സ്വീകരിക്കാൻ ആരംഭിച്ചാൽ തന്നെയും വാട്ട്സ് ആപ്പ്  ഉണ്ടാവില്ല.”

ഇതാണ് അദ്ദേഹം ഞങ്ങളോട് പങ്കുവച്ചത്.

കൂടാതെ ഞങ്ങൾ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ  ജനറൽ സെക്രട്ടറി ബിനീഷ് ബോയി യോടും ഞങ്ങൾ ഇതേപ്പറ്റി അന്വേഷിച്ചു. മോട്ടോർ വാഹന വകുപ്പ് സാധാരണ ഔദ്യോഗികമായി യൂണിയൻ നേതാക്കളെ ഇത്തരം കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കാറുണ്ടെന്നും ഈ മൊബൈൽ നമ്പറിനെ പറ്റി  അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിഗമനം

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ കഴിയുന്നത് ഈ വാർത്ത തെറ്റാണ് എന്നാണ്. പ്രസ്തുത മൊബൈൽ നമ്പർ തിരുവനന്തപുരം സിറ്റിക്കുള്ളിൽ മാത്രം പരാതിക്ക്  വേണ്ടി മാത്രം തുടങ്ങിയതാണ്. ഇപ്പോൾ ഈ നമ്പറിൽ വാട്ട്സ്  ആപ്പ്  സേവനം ഇല്ല. വായനക്കാരുടെ ഇടയിൽ തെറ്റിധാരണ പരത്തുന്ന ഇത്തരം വാർത്തകളോട്  സൂക്ഷമായി നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിക്കുക

Avatar

Title:ഈ നമ്പർ ഓട്ടോക്കാർക്ക് പണി നൽകുമോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •