സംഘപരിവാർ മുസ്‌ലിം സ്ത്രീക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണോ ഇത്…?

അന്തർദേശിയ൦ രാഷ്ട്രീയം

വിവരണം

ഷിനോദ് ഓട്ടുപാറ, നാഡിപ്പാറ റോക്ക്സ്, Shanu Kollam, Madhu P A Madhu, Dileep Citu എന്നീ പ്രൊഫൈലുകളിൽ നിന്നും 2019 മെയ് 23, 24  തീയതികളിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. പർദ്ദ വേഷധാരിയായ ഒരു സ്ത്രീയുടെ മേൽ ഒരു സംഘം പുരുഷന്മാർ ചേർന്ന് ആക്രോശത്തോടെ  മുഖത്ത് വെള്ളം പോലുള്ള ഏതോ ദ്രാവകം ഒഴിക്കുകയും വെളുത്ത നിറമുള്ള പൊടിയും മാലിന്യങ്ങളും എറിയുകയും സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “സംഘപരിവാർ പണി തുടങ്ങി”, “നമ്മളിവിടെ ജയവും തോൽവിയും ആഘോഷിക്കുന്നു… അവർ അവിടെ പണി തുടങ്ങി.. ?”, “സങ്കികൾ പണി തുടങ്ങി” എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളാണ് ഓരോ പോസ്റ്റിലും നൽകിയിരിക്കുന്നത്.

archived link
facebook post

സാമൂഹിക മാധ്യമങ്ങളിൽ പതിവായി വടക്കേ ഇന്ത്യയിൽ നടക്കുന്ന സംഘപരിവാർ അക്രമങ്ങളുടേത് എന്ന പേരിൽ നിരവധി വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. അതിലേറെയും പോസ്റ്റുകളിൽ ആരോപിക്കുന്ന വാദഗതിയോട് പൊരുത്തമില്ലാത്തതോ വ്യാജമോ ആണെന്ന് ഞങ്ങൾ നടത്തിയ വസ്തുതാ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. കൂടുതലറിയാൻ ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക് സന്ദർശിച്ചാൽ മതിയാകും.

തെരെഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയായ കാലയളവിൽ രാഷ്ട്രീയ മുതലെടുപ്പിനായി നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അതേ  വിഭാഗത്തിൽ പെടുന്നതാണോ അതോ പോസ്റ്റുകളിൽ ആരോപിക്കുന്നതുപോലെ യഥാർത്ഥത്തിൽ സംഘപരിവാർ മുസ്‌ലിം വനിതയെ അക്രമിച്ചതാണോ …? നമുക്ക് അന്വേഷിക്കാം.

വസ്തുതാ പരിശോധന

ഞങ്ങൾ വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ച് yandex വഴി തിരച്ചിൽ നടത്തി. അതിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

2015 മുതൽ വിവിധ വിവരണങ്ങളോടെ വീഡിയോയും അതിന്‍റെ സ്ക്രീൻഷോട്ടുകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വീഡിയോയുടെ അള്ളാഹു കാക്കട്ടെ എന്നും ഈ അതിക്രമം സഹിക്കവയ്യ എന്നുമുള്ള അടിക്കുറിപ്പുകളോടെ ചിലർ വീഡിയോയും സ്ക്രീൻഷോട്ടുകളും ടർക്കിഷ്, റഷ്യൻ തുടങ്ങിയ ഭാഷകളിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“വന്യരായ മനുഷ്യർ ആക്രമിക്കുന്ന ഈ സ്ത്രീ ആരാണ് ..?” എന്ന ടർക്കിഷ് ഭാഷയിലെ അടിക്കുറിപ്പോടെ ibretlikvideo എന്ന വെബ്‌സൈറ്റിൽ വീഡിയോ 2017 ജൂൺ 6 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link
ibretlikvideo

ഇസ്‌ലാം സംബന്ധമായ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന islamnews എന്ന വെബ്‌സൈറ്റ് 2015 ഒക്ടോബർ 30 നു വീഡിയോ ഉൾപ്പെടെ വാർത്ത നൽകിയിട്ടുണ്ട്. കൂടുതലായും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ വാർത്തയാണ് റഷ്യൻ ഭാഷയിലുള്ള ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുക.

മുസ്‌ലിം gopnik തെരുവിൽ അനുഭവിക്കുന്നത്എന്ന തലക്കെട്ടിലാണ് വാർത്ത. (gopnik എന്ന റഷ്യൻ നാമം യഥാർത്ഥത്തിൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽ ഉൾപ്പെട്ട ഗ്രാമ പ്രദേശങ്ങളിലെ സാമ്പത്തികമായും വിദ്യാദ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന യുവാക്കൾക്കുള്ള വിളിപ്പേരാണ്.)

archived link
russiapedia

“പട്ടാപ്പകൽ റോഡിൽ നടക്കുന്ന ഒരു സ്ത്രീയെ മൊറോക്കോയിൽ ഒരുപറ്റം യുവാക്കൾ ആക്രമിക്കുന്ന വീഡിയോ  സാമൂഹിക മാധ്യമങ്ങളിൽ വീശിയടിക്കുകയാണ്. തെരുവുതെമ്മാടികൾ സ്ത്രീക്ക് നേരെ മാലിന്യങ്ങളും വെള്ളം നിറച്ച കുപ്പികളും എറിയുകയും അവളുടെ ശിരോവസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വൻതോതിലുള്ള പ്രതിഷേധമാണ് ദൃശ്യങ്ങൾക്കെതിരെ ഉയർന്നത്. അധികൃതർ  അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യവും വ്യാപകമാണ്….” ഇതാണ് വാർത്തയുടെ ഉള്ളടക്കം.

archived link
islamnews

മറ്റൊരു വെബ്‌സൈറ്റായ gunes.com വീഡിയോ പ്രസിദ്ധീകരിച്ച ശേഷം മൊറോക്കോയിൽ ഒരുപറ്റം അക്രമികൾ ശിരോവസ്ത്രമണിഞ്ഞ ഒരു മുസ്‌ലിം സ്ത്രീയെ കൈയ്യേറ്റം ചെയ്യുന്നു. ധാന്യപ്പൊടികളും മുട്ടകളും എറിയുകയും ശിരോവസ്ത്രം പിടിച്ചു വലിക്കുകയും ചെയ്തു. “അഷൂറ” എന്ന ആഘോഷത്തിന്റെ ഭാഗമാണിതെന്ന്  പറയപ്പെടുന്നു. എന്ന വിവരണം നൽകിയിട്ടുണ്ട്.

archived link
m.gunes

എന്താണ് അഷൂറ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം. ഷിയാ മുസ്ലീങ്ങളുടെ ഒരു വിശുദ്ധ ദിനമാണ് അഷൂറ. മുഹറം കഴിഞ്ഞു പത്താം ദിനമാണ് അഷൂറ ആഘോഷിക്കുന്നത്. എ ഡി 680 ൽ പ്രവാചകൻ മുഹമ്മദിന്‍റെ പൗത്രനായ ഇമാം ഹുസൈനെ കാർബാലയ്ക്കടുത്തു യസീദിൽ സൈന്യം കൊലചെയ്ത ദിനമാണിത് എന്ന് പറയപ്പെടുന്നു. അഷൂറ തങ്ങളുടെ പാപങ്ങൾ കഴുകിക്കളയാനുള്ള  ദിവസമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഷിയാകളുണ്ട്. ഹുസൈനു വേണ്ടി ഒഴുക്കുന്ന ഒരുതുള്ളി കണ്ണീർ 100 പാപങ്ങളെ കഴുകുമത്രേ. വാളുകൾ കൊണ്ട് സ്വയം വെട്ടി പരിക്കേൽപ്പിച്ചും മുറിവുകളുണ്ടാക്കി രക്തമൊഴുക്കിയും ദിനം ആചരിക്കുന്നവരുണ്ട്.

archived link
wikipedia

ഏതായാലും ഏതു കാരണം കൊണ്ടാണ് സ്ത്രീയെ ആക്രമിക്കുന്നത് എന്നതിന് ഒരിടത്തും വ്യക്തമായ സൂചനകളില്ല. എന്നാൽ ഈ വീഡിയോ മൊറോക്കോയിൽ നിന്നുമുള്ളതാണെന്ന് ഉറപ്പാണ്. അല്ലാതെ പോസ്റ്റിലുള്ള ആരോപണം പോലെ  വടക്കേ ഇന്ത്യയിൽ സംഘികൾ അക്രമിക്കുന്നതിന്റെതല്ല.

നിഗമനം

ഈ പോസ്റ്റുകളിലുള്ള ആരോപണം പൂർണ്ണമായും വ്യാജമാണ്. ഇത് ഇന്ത്യയിൽ നിന്നും 2019 ലെ തെരെഞ്ഞെടുപ്പിനു ശേഷം ഇറങ്ങിയ  വീഡിയോയല്ല. 2015 ൽ മൊറോക്കോയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ്. അതിനാൽ മുകളിൽ നൽകിയ വസ്തുതകൾ മനസ്സിലാക്കിയശേഷം മാത്രം പോസ്റ്റുകളോട് പ്രതികരിക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് : ഫേസ്‌ബുക്ക്

Avatar

Title:സംഘപരിവാർ മുസ്‌ലിം സ്ത്രീക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണോ ഇത്…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •