
വിവരണം
പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം പ്രഖ്യാപിച്ച് മുകേഷ് അംബാനി. പബ്ജി നിരോധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.. എന്ന തലക്കെട്ട് നല്‍കി പ്രമുഖ മലയാളം വാര്‍ത്ത ചാനലായ മീഡിയ വണ്‍ അവരുടെ ഫെയ്‌സ്ബുക്കില്‍ നല്‍കിയ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതാത് മണിക്കൂറിലെ പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍ ചുരുക്കത്തില്‍ അവതരിപ്പിക്കുന്ന ഫാസ്റ്റ് ന്യൂസ് പരിപാടിയിലാണ് പബ് ജി നിരോധന പ്രഖ്യാപനത്തിന് പിന്നാലെ മുകേഷ് അംബാനി പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം പ്രഖ്യാപിച്ചു എന്ന് വാര്‍ത്തയില്‍ പറയുന്നത്. 20 വാര്‍ത്തകളില്‍ പതിനെട്ടാമത്തെ വാര്‍ത്തയാണ് ഇത്. അവതാരകന്‍ ഈ വാര്‍ത്തയെ കുറിച്ച് വിശീദകരിക്കുന്നുമുണ്ട്. ജിയോ ജി എന്നാണ് മുകേഷ് അംബാനി ഗെയിമിന് പേര് നല്‍കിയതെന്നും മീഡിയ വണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഈ വാര്‍ത്തയില്‍ പറയുന്നു. പബ് ജി നിരോധനം ഇപ്പോള്‍ ദേശീയ തലത്തില്‍ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവമായതിനാല്‍ മീഡിയ വണ്‍ വാര്‍ത്തയിലെ മുകേഷ് അംബാനിയുടെ ജിയോ ജി വാര്‍ത്ത മാത്രമായി ക്രോപ്പ് ചെയ്ത് പലരും പ്രചരിപ്പിക്കുന്നുമുണ്ട്.
മീഡിയ വണ്‍ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം-
ജിയോ ജി എന്ന പേരില്‍ മുകേഷ് അംബാനി ഗെയിം പ്രഖ്യാപിച്ചു എന്ന വാര്‍ത്തയുടെ ഭാഗം-
മീഡിയ വണ്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുകേഷ് അംബാനി ജിയോ ജി എന്നൊരു ഗെയിം പ്രഖ്യാപിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ഒരു ഗെയിം പ്രഖ്യാപിച്ചതായി ജിയോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ജിയോ ജി എന്ന പേരില്‍ പബജിക്ക് പകരമായി മുകേഷ് അംബാനിയ ഒരു മള്‍ട്ടി പ്ലേയര്‍ ഗെയിം പ്രഖ്യാപിച്ചു എന്ന പ്രചരണത്തിന് കാരണം ഒരു ട്വീറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. എഎന്‍ഐ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട ട്വീറ്റ് എന്ന് തെറ്റദ്ധരിക്കപ്പെട്ടാണ് പലരും ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ട്വീറ്റ് പരിശോധിച്ചാല്‍ ഏതൊരു സാധരണക്കാരനും ഇതൊരു വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പ്രചരിപ്പിച്ചതാണെന്നത് മനസാലാകും. കാരണം എഎന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നീല ടിക്ക് ലഭിച്ച വേരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലാണ്. കൂടാതെ വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ പ്രൊഫൈല്‍ ഫോട്ടയില്‍ ആകട്ടെ എഎന്‍ഐ എന്നതിന് പകരം എഐഎന്‍ എന്നാണ് ലോഗോ നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ യൂസര്‍ നെയിം ആവട്ടെ @Man_isssh എന്നും. അതെസമയം മീഡിയ വണ്‍ പോലെയൊരു മുഖ്യധാര മാധ്യമത്തിന് പുറമെ നിരവധി പേര്‍ ഇത് എഎന്‍ഐയുടെ ഔദ്യോഗിക ട്വീറ്റാണെന്ന് തെറ്റ്ദ്ധരിക്കപ്പെട്ട് റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്ഷേപഹാസ്യ രൂപേണ പങ്കുവെച്ച ഈ ട്വീറ്റ് താന്‍ ഉദ്ദേശിക്കാത്ത തലങ്ങളിലേക്ക് പോകുന്ന എന്ന് തിരിച്ചറിഞ്ഞ വ്യക്തി ട്വീറ്റര്‍ ഹാന്‍ഡിലിന്‍റെ പേര് മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി മനീഷ് എന്ന ആക്കുകയും ചെയ്തു. ഇതൊരു പാരഡി അക്കൗണ്ട് ആണെന്ന വിവരണവും അക്കൗണ്ടില്‍ നല്‍കിയിട്ടുണ്ട്.
കൂടാതെ മുകേഷ് അംബാനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോ എന്ന സ്ഥിരീകരണം നടത്താന്‍ ജിയോയുടെയും അദ്ദേഹത്തിന്‍റെയും സമൂഹമാധ്യങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച് വ്യാജ പ്രചരണം മാത്രമാണിതെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
എഎന്‍ഐ വ്യാജ പേജില്‍ പങ്കുവെച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം- (പേര് മാറ്റുന്നതിന് മുന്‍പുള്ള സ്ക്രീന്‍ഷോട്ട്)

പേര് മാറ്റിയ ശേഷം മനീഷ് എന്ന പേരിലെ അതെ ഹാന്‍ഡിലില്‍ ഈ ട്വീറ്റ് ലഭ്യമാണ്-
Mukesh Ambani announces a new Multiplayer game called JioG after announcement of Ban on #PUBG by Indian Government (File Pic) pic.twitter.com/SZygllNBQK
— Manish (@Man_isssh) September 2, 2020

ഇത് ഒരു പാരഡി അക്കൗണ്ടാണെന്ന് പോസ്റ്റ് പ്രചരിപ്പിച്ച വ്യക്തി ഹാന്‍ഡിലില്‍ വിവരണത്തില്‍ എഴുതിയിരിക്കുന്നു-

നിഗമനം
എഎന്‍ഐ വാര്‍ത്ത ഏജെന്‍സിയുടെ ഔദ്യോഗിക ട്വീറ്റ് എന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് വെറുമൊരു പാരഡി അക്കൗണ്ടിലെ ആക്ഷേപഹാസ്യം മാത്രമായിരുന്നു. ഇത് തിരിച്ചറിയാന്‍ കഴിയാതെയാണ് മീഡിയ വണ്‍ ഉള്‍പ്പടെയുള്ള മുഖ്യധാര മാധ്യമങ്ങളും മുകേഷ് അംബാനി ജിയോ ജി പ്രഖ്യാപിച്ചു എന്ന പേരില്‍ വാര്‍ത്ത നല്‍കിയതെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പബ്‌ജിക്ക് പകരം ജിയോ ജി? മീഡിയ വണ്‍ നല്‍കിയത് വ്യാജ വാര്‍ത്ത..
Fact Check By: Dewin CarlosResult: False
