സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍ അബ്‌ദുള്ളക്കുട്ടിയുടെ ബിജെപി ഉപാധ്യക്ഷ സ്ഥാനത്തെ പ്രശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ?

രാഷ്ട്രീയം

വിവരണം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  വൈറലാകുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അബ്‌ദുള്ള കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുനവര്‍ അലി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-

Sayyid Munavvar Ali Shihab Thangal fb പോസ്റ്റ്‌ വൈറലാകുന്നു…..

അസ്സലാമു അലൈക്കും….

മുസ്ലിം സമുദായത്തിന് വളരെയേറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് നമ്മൾ അറിഞ്ഞത് കേരള സംസ്ഥാനത്തിലെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് ഒരു ഉപാദ്ധ്യക്ഷൻ മുസ്ലിം ആയി വരുന്നു എന്നത് വളരെ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.. കാലങ്ങളായി ബിജെപി മുസ്ലിം സമുദായത്തെ അവഗണിച്ച് കൊണ്ടിരിക്കുകയാണ് പക്ഷേ അതിനൊരു മാറ്റം എന്ന രീതിയിൽ ബിജെപി ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത് നല്ലൊരു കാര്യമാണ് എന്റെ പ്രിയ സുഹൃത്താണ് അബ്ദുള്ളക്കുട്ടി അദ്ദേഹം കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ഇടക്കിടക്ക് പാണക്കാട് തറവാട്ടിൽ വരുമായിരുന്നു അവിടെ എപ്പോഴും ഞങ്ങളോട് ബിജെപിയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു ഞങ്ങൾക്ക് ഒരിക്കലും ബിജെപിയോട് യാതൊരു വെറുപ്പും ദേശമോ ഒന്നുമില്ല നിരീശ്വരവാദികളായ സിപിഐഎം കാരോട് എന്നും ഞങ്ങൾക്ക് എതിർപ്പ് ആണുള്ളത്…. ഇവിടെ സിപിഐഎമ്മിനെ തകർക്കണം എങ്കിൽ ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണം എന്നതാണ് എന്റെ നിലപാട് ആ നിലപാട് കൂടുതൽ ഊട്ടിയുറപ്പിക്കാൻ അബ്ദുള്ളക്കുട്ടിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു….

വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹി വബറകാതുഹു.. 

പ്രചരിക്കുന്ന പോസ്റ്റിന് 538ല്‍ അധികം ഷെയറുകളും 234ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സ്ഥാനം നേടിയ അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലോ അല്ലാതെയോ ഇങ്ങനെയൊരു പോസ്റ്റിട്ടിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സത്യാവസ്ഥ എന്തെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായ സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങളിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പോസ്റ്റിന് കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്-

പോസ്റ്റില്‍ അബ്‌ദുള്ളകുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം മുന്‍പ് അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്തെയാണ്. കോണ്‍ഗ്രസ് വിട്ട്  ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ച അബ്ദുള്ളക്കുട്ടിക്ക് ആശംസകള്‍ അറിയിച്ച് ഫെയ്‌‌സ്ബുക്ക് പോസ്റ്റ് ഒന്നും തന്നെ ഇതുവലരെ പങ്കുവെച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ വ്യാജമായി പ്രചരിപ്പിക്കുന്ന വസ്‌തുത വിരുദ്ധമായ കാര്യങ്ങള്‍ മാത്രമാണിത്. (മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്, സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍)

കൂടാതെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റുകളും പങ്കുെവച്ചിട്ടില്ലെന്നത് പേജ് സന്ദര്‍ശിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്.

നിഗമനം

ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരോപണം ഉന്നയിക്കപ്പെട്ട മുനവര്‍ അലി തന്നെ പോസ്റ്റ് വ്യാജമാണെന്ന് പറഞ്ഞതിനാല്‍ കൊണ്ടോട്ടി പച്ചപ്പട പേജില്‍ പ്രചരിക്കുന്ന പോസ്റ്റ് അടിസ്ഥാന രഹിതമാണെന്നും വ്യാജമാണെന്നും അനുമാനിക്കാം.

Avatar

Title:സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍ അബ്‌ദുള്ളക്കുട്ടിയുടെ ബിജെപി ഉപാധ്യക്ഷ സ്ഥാനത്തെ പ്രശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •