വിദ്യാഭ്യാസ ലോൺ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളവർ തുകയുടെ 40 % മാത്രം അടച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിവന്നോ…?

സാമൂഹികം

വിവരണം 

Zulfiker Ali Kp എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രദ്ധിക്കൂ….

ശ്രദ്ധിക്കൂ……വിദ്യാഭ്യാസ ലോൺ എടുത്തവർ….. ശ്രദ്ധിക്കു :…… ——————

ഇപ്പോൾ എടുത്തിട്ടുള്ള ലോണിന്റെ40% ത്തിൽ

കൂടുതൽ അടച്ചിട്ടുണ്ടെങ്കിൽ,,,,…………………

ഇനിയും ബാങ്കിൽ ലോൺ അടക്കേണ്ടതില്ല: … —–

:: ——, സുപ്രിം കോടതി വിധിഅനുസരിച്ച് 40 % ത്തിൽ കൂടുതൽ ലോൺ തുക അടച്ചവർ  ഇനിയും ബാക്കി തുക അടക്കരുത്…

………………..,,,,,,,,………..

40 % ത്തിൽ കൂടുതൽ അടച്ചവർക്ക്

മൊത്തം തുകയുടെ 40% കിഴിച്ച ബാക്കി തുക

തിരികെ ലഭിക്കും -…………………………………….

ബാങ്കുകൾ  ഒന്നര വർഷമായി .മൂടി വെച്ചതാണ്

ഇത്::: ::… ……………………………….

ലോണിന്റെ ..40 %അടക്കണം 60% ….. കേന്ദ്രഫണ്ടാണ് ,-…………………..???……….????

ലോൺ എടുത്തവർ നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കു…

 ഇപ്പോൾ തന്നെ …::: —- … — .

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കൂ……

ആചാര്യ .ടി .വി.രാജേന്ദ്രൻ,

(PLV)

[ നിയമ സേവന അതോററ്റി വാളണ്ടിയർ ]

വിശ്വബ്രഹ്മ വൈദീക

വിദ്യാപീഠം,

സുമാ ബിൽഡിംഗ്

ഇറവങ്കര .പി – ഒ.

മാവേലിക്കര

ആലപ്പുഴ

Pin – 69010 8

ഫോൺ :::… –

924930 16 7 1,  9562797827

………….

വേഗം തന്നെ വിദ്യാഭ്യാസ ലോൺ

എടുത്തവരിൽ ഈ വിവരം  എത്തിക്കൂ – .. —-“ 

ഇതാണ് പോസ്റ്റിലെ വാർത്ത.

archived linkFB post

അതായത് വിദ്യാഭ്യാസ ലോൺ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളവർ തുകയുടെ 40 % മാത്രം അടച്ചാൽ മതിയെന്നും അതിൽ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കിൽ ആ തുക തിരികെ ലഭിക്കുമെന്നും സുപ്രീംകോടതി വിധിയുണ്ട് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം. ഈ പോസ്റ്റ് വസ്തുതാ അന്വേഷണത്തിനായി ഞങ്ങൾക്ക് വാട്ട്സ് ആപ്പിൽ ലഭിച്ചതാണ്.  സുപ്രീം കോടതി ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ കീ വേർഡ്‌സ്  ഉപയോഗിച്ച് ഞങ്ങൾ ഫേസ്‌ബുക്കിൽ തിരഞ്ഞപ്പോൾ 2017 മുതൽ ഈ പോസ്റ്റ് പ്രചരിക്കുന്നതായി അറിയാൻ കഴിഞ്ഞു. 

വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ ഇതിലേക്കുള്ള സേവനം നിർത്തിവച്ചിരിക്കുന്നു എന്ന സന്ദേശമാണ് കേൾക്കാൻ കഴിയുന്നത്. 

വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ആലപ്പുഴ ലീഡ് ബാങ്ക് മാനേജർ വിനോദിനോട് വിശദീകരണം തേടി ആദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ് : “ഈ മെസ്സേജിനെ പറ്റി  രണ്ടു വർഷം മുമ്പ് ഞങ്ങൾക്ക് അന്വേഷണം വന്നിരുന്നു. യഥാർത്ഥത്തിൽ 100 % തെറ്റായ വാർത്തയാണിത്. ഈ സന്ദേശത്തോടൊപ്പം നൽകിയ നമ്പർ ഞങ്ങൾ തന്നെ ഇടപെട്ട് ബ്ലോക്ക് ചെയ്യിപ്പിച്ചു. ഈ സ്ഥാപനം തന്നെ വ്യാജമാണെന്ന് തോന്നുന്നു. ഇതിനെതിരെ ഞങ്ങൾ പോലീസ് കംപ്ലയിന്‍റ് ഒന്നും കൊടുത്തില്ല. പക്ഷെ  സന്ദേശം ലഭിച്ചവർ ആരോ പരാതി നൽകി എന്നാണ് എന്‍റെ അറിവ്. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ അന്വേഷങ്ങൾ ഒഴിഞ്ഞിരുന്നു. സുപ്രീം കോടതി ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

വിദ്യാഭ്യാസ ലോണിന്‍റെയോ മറ്റു ലോണുകളുടെയോ കാര്യത്തിലായാലും ചില കസ്റ്റമേഴ്സിന് ചില മാനദണ്ഡങ്ങൾ പ്രകാരം ചിലപ്പോൾ ഇളവുകൾ ലഭിക്കും. അല്ലാതെ എഡ്യൂക്കേഷണൽ ലോൺ 40 % മാത്രം അടച്ചാൽ മതി എന്നൊക്കെ പ്രായോഗികമല്ലാത്ത കാര്യങ്ങളാണ്.”

 സുപ്രീം കോടതി വിദ്യാഭ്യാസ ലോണുകളുടെ മുകളിൽ എന്തെങ്കിലും തീരുമാനങ്ങളോ ഉത്തരവുകളോ നൽകിയിട്ടുണ്ടോ എന്ന് തിരഞ്ഞപ്പോൾ അത്തരത്തിലുള്ള വാർത്തകളൊന്നും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. വഞ്ചനയുടെ ഉദ്ദേശങ്ങളില്ലെങ്കിൽ ലോൺ തിരികെ അടയ്ക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമല്ല എന്നൊരു തീരുമാനം  സുപ്രീം കോടതി പുറപ്പെടുവിച്ചതായി 2019  മാർച്ച് 1 ന് പ്രസിദ്ധീകരിച്ച ഹിന്ദു ബിസിനസ്സ് ലൈൻ  വാർത്ത നൽകിയിട്ടുണ്ട്.

archived linkthehindubusinessline

ഇതല്ലാതെ വിദ്യാഭ്യാസ ലോണുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളോ ഉത്തരവുകളോ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ല. വിദ്യാഭ്യാസ ലോണുകളുടെ മുകളില്‍ ചില ഹൈക്കോടതി വിധികള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും പോസ്റ്റിലെ വാര്‍ത്തയോട് യോജിക്കുന്നവയല്ല. 

നിയമരംഗത്തുള്ളവർ ഈ വാർത്തയെ പറ്റി  എന്താണ് പറയുന്നത് എന്നറിയാനായി ഞങ്ങൾ കേരള ഹൈക്കോടതിയിൽ അഡ്വക്കറ്റായ ശുഭലക്ഷ്മിയോട് അഭിപ്രായം ചോദിച്ചു. ശുഭലക്ഷ്മി ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയാണ് : “ഇത്തരത്തിൽ സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതിയും പ്രഖ്യാപിച്ചിട്ടില്ല.  ചില പ്രത്യേക വിദ്യാർത്ഥിക്ക് കോടതി നടപടികളെ തുടർന്ന് പലിശ ഇളവുകളും ലോൺ എഴുതി തള്ളലും ബാങ്കുകൾ ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാൽ അത് ചില വിദ്യാർത്ഥികൾക്ക് മാത്രമാണ്. എല്ലാ വിദ്യാഭ്യാസ ലോൺ  അപേക്ഷകർക്കും ഒരുപോലെ ബാധകമായ വിധികളൊന്നും ഇതുവരെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.” 

പോസ്റ്റിൽ പറയപ്പെടുന്ന രാജേന്ദ്രൻ എന്ന വ്യക്തി മോട്ടോർ വൈൻഡ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ട ആളാണെന്ന് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരങ്ങൾ ലഭിച്ചാലുടൻ ലേഖനത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്ന്  അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നു.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.  തെറ്റിധാരണ സൃഷ്ടിക്കുന്ന അടിസ്ഥാന രഹിതമായ വാർത്തയാണിത്. വിദ്യാഭ്യാസ ലോണുകൾ 40% മാത്രം തിരിച്ചടച്ചാൽ മതിയെന്ന് സുപ്രീം കോടതി ഉത്തരവ് ഇട്ടിട്ടില്ല. അതിനാൽ തെറ്റായ വാർത്തായുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:വിദ്യാഭ്യാസ ലോൺ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളവർ തുകയുടെ 40 % മാത്രം അടച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിവന്നോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •