
വിവരണം
കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈരലായ ഒരു ദൃശ്യമാണിത്. ഒപമുള്ളവരോട് എന്തോ പറഞ്ഞ ശേഷം ഒരാള്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് എടുത്തു ചാടുന്നതും അടുത്ത നിമിഷം ഒരു സ്രാവ് വെള്ളത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന് അയാളെ മുഴുവനായി വിഴുങ്ങുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്ലാം മത പ്രാര്‍ഥനയും വീഡിയോയുടെ അകമ്പടിയായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം നല്‍കിയ വാചകങ്ങള്‍ ഇങ്ങനെയാണ്: “മരണ സമയം, സ്ഥലം എന്നിവയെല്ലാം അല്ലാഹു അവന്റെ സൃഷ്ടിക്ക് മുമ്പായി തന്നെ നിർണ്ണയിച്ചിട്ടുണ്ട്.
തീർച്ചയായും തന്റെ മരണം അടുക്കുമ്പോൾ എവിടെയാണോ അവിടെ അവൻ എത്തിപ്പെടും സർവശക്തനായ അല്ലാഹുവാണ് ( ദൈവം ) എല്ലാറ്റിന്റെയും പരമാധികാരി യാ റബ്ബൽ ആലമീൻ!”
പോസ്റ്റിന് ഇതുവരെ 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളില്‍ സംഭവം സത്യമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ നടന്ന സംഭവമല്ല.
യാഥാര്‍ത്ഥ്യം ഇതാണ്
ഞങ്ങള്‍ ഇന്‍വിഡ് വി വെരിഫൈ ഉപയോഗിച്ച് വീഡിയോ പല കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതില്‍ നിന്നും പ്രസക്തമായ ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോയെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത ലഭ്യമായി. ലോകം മുഴുവന്‍ റിലീസ് ചെയ്ത ഡീപ് ബ്ലൂ സീ 3 എന്ന സിനിമയില്‍ നിന്നുള്ള സീനാണിത്.
അമേരിക്കന്‍ ചലച്ചിത്രകാരനായ ജോണ്‍ പോഗ് സംവിധാനം ചെയ്ത് ടാനിയ റെയ്മോണ്ട് അഭിനയിച്ച 2020 ലെ സയൻസ് ഫിക്ഷൻ നാച്ചുറൽ ഹൊറർ ചിത്രമാണ് ഡീപ് ബ്ലൂ സീ 3. ഡീപ് ബ്ലൂ സീ ഫിലിം സീരീസിലെ മൂന്നാമത്തെ സിനിമയാണിത്, ഡീപ് ബ്ലൂ സീ 2 ന്‍റെ നേരിട്ടുള്ള തുടർച്ചയുമാണ്. മതവുമായി വെറുതേ ബന്ധപ്പെടുത്തി ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമല്ല. ഡീപ് ബ്ലൂ സീ 3 എന്ന ഹോളിവുഡ് സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

Title:കടലില്‍ ചാടിയയാളെ ഉടന്‍തന്നെ സ്രാവ് ഭക്ഷിക്കുന്ന ഈ ദൃശ്യം സിനിമയിലെതാണ്…
Fact Check By: Vasuki SResult: Misleading
