ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

സാമൂഹികം

വിവരണം

കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകളും എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നതോടെ മതങ്ങള്‍ തമ്മിലുള്ള പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടയല്‍ ഹിജാബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടകയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന പല വീഡിയോകളും ഇതുമായി ബന്ധമില്ലാത്തതാണെന്ന് ഞങ്ങള്‍ തന്നെ ഫാക്‌ട് ചെക്ക് ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ ഇതാ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ കട്ടയ്ക്ക് കൂടെ നിന്ന് രക്ഷിച്ച സ്വാമിജി.. എന്ന പേരിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ബസ് സ്റ്റോപ്പ് എന്ന് തോന്നിക്കുന്ന ഒരു സ്ഥലത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ അപരിചിതരായ രണ്ട് യുവാക്കള്‍ ശല്യം ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. ഇതുവഴി സ്കൂട്ടറില്‍ വന്ന കറുപ്പ് വസ്‌ത്രം ധരിച്ച ശബരിമല വ്രതം നോല്‍ക്കുന്ന സ്വാമി ഇത് കണ്ട് ഇടപെടുകയും ശല്യം ചെയ്യുന്ന രണ്ടുപേരെയും പ്രതിരോധിക്കുകയും പെണ്‍കുട്ടിയോട് മാപ്പ് പറയിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സിസിടിവി ക്യാമറിയില്‍ പതിഞ്ഞ പോലെയുള്ള ദൃശ്യമാണിത്. അബ്ബാസ് പിടിഎച്ച് ‌ശാന്തി നഗര്‍ എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen record 

എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെയാണോ വീഡിയോയിലുള്ളത്? അങ്ങനെയെങ്കില്‍ എവിടെയാണ് ഈ സംഭവം നടന്നത്? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് വീ വേരിഫൈ ടൂള്‍ ഉപയോഗിച്ച് കീ ഫ്രെയിം സെര്‍ച്ച് ചെയ്തതില്‍ നിന്നും  സഞ്ചന ഗല്‍റാണി എന്ന സിനിമ താരത്തിന്‍റെ വേരിഫൈഡ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇതെ  വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. She was saved എന്ന തലക്കെട്ട് നല്‍കിയാണ് സഞ്ചനയുടെ പ്രൊഫൈലില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷന് കുറച്ച് സ്പേസ് നല്‍കിയ ശേഷം ഒരു കാര്യം കൂടി തലക്കെട്ടില്‍ ചേര്‍ത്തിട്ടുണ്ട്, Thank you for watching! Please be aware that this page features scripted dramas and parodies as well. These short films are for entertainment & educational purposes only! എന്നതാണ് ചേര്‍ത്തിട്ടുള്ളത്. അതായത് വീഡിയോ കണ്ടതിന് നന്ദി. ഈ പേജില്‍ നിന്നും പങ്കുവയ്ക്കുന്ന വീഡിയോകള്‍ മുന്‍കൂട്ടി തിരക്കഥ എഴുതി ചിത്രീകരിക്കുന്ന നാടകങ്ങളോ, പാരഡികളോ മാത്രമാണ്. ഈ ഷോര്‍ട്ട് വീഡിയോകള്‍ വിനോദത്തിനും അവബോധത്തിനും വേണ്ടി മാത്രമുള്ളതാണ്. എന്നതാണ് സഞ്ചന ഗല്‍റാണിയുടെ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ടിന്‍റെ തര്‍ജ്ജിമ. അവരുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ നിരവധി സ്ക്രിപ്റ്റഡ് വീഡിയോകളും പ്രാങ്കുകളുമൊക്കെ കാണാന്‍ സാധിക്കും. ഇവയൊന്നും യഥാര്‍ത്ഥ സംഭവങ്ങളുടെ വീഡിയോകളല്ല എന്നതാണ് വാസ്‌തവം.

സഞ്ചന ഗല്‍റാണി പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ-

വീഡിയോയുടെ തലക്കെട്ട് (സ്ക്രീന്‍ഷോട്ട്) –

നിഗമനം

വിനോദത്തിനും അവബോധത്തിനും വേണ്ടി ചിത്രീകരിച്ച ഒരു വീഡിയോ മാത്രമാണ് തെറ്റായ തലക്കെട്ടോടെ യഥാര്‍ത്ഥ സംഭവമെന്ന് തെറ്റ്ദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങലിലൂടെ പ്രചരിപപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

Fact Check By: Dewin Carlos 

Result: Misleading