
പ്രചരണം
നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട് സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ഇതര പാര്‍ട്ടികളില്‍ ചേരുന്നു എന്ന വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല എന്ന കാരണത്താലാണ് പാര്‍ട്ടി മാറുന്നത് എന്നാണ് പ്രചരണങ്ങളില്‍ അധികവും. ഇതില്‍ പലതും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്.
ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണനെ പറ്റി ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു എന്നാണ് പ്രചരണം. അദ്ദേഹത്തിൻറെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഈ അധികാരമോഹികളെ കേരളജനത തിരിച്ചറിയുമെന്ന വാചകവും ഒപ്പം ചേർത്തിട്ടുണ്ട്.
ഈ പോസ്റ്റര്‍ രൂപത്തിലുള്ള പ്രചാരണത്തിന് അടിക്കുറിപ്പായി “സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകും അർദ്ധ സംഘി പ്രയാർ ഗോപാലകൃഷ്ണൻ” എന്ന വാചകം നൽകിയിട്ടുണ്ട്.

ഫാക്റ്റ് ക്രെസണ്ടോ ഈ വാർത്തയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇത് അദ്ദേഹത്തെ പറ്റിയുള്ള വെറും വ്യാജപ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങൾ അറിയിക്കാം.
വസ്തുത ഇങ്ങനെ
ദേശാഭിമാനി പത്രത്തിലാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. മറ്റു മാധ്യമങ്ങൾ ഒന്നും ഈ വാർത്ത നൽകിയിട്ടില്ല. കേരള കൌമുദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യോഗ്യതയുണ്ടെന്ന് നേതൃത്വത്തിന് തോന്നിയാല്‍ ചടയമംഗലത്ത് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നുണ്ട്. അല്ലെങ്കില്‍ യു ഡി എഫിന് ഭരണം ലഭിച്ചാല്‍ തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചാല്‍ സന്തോഷം എന്ന നിലയില്‍ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അല്ലാതെ ബിജെപിയിലെയ്ക്ക് പോലും എന്ന തരത്തില്‍ യാതൊന്നും പറയുന്നില്ല.
അതിനാൽ വാർത്തയുടെ നിജസ്ഥിതി അറിയാനായി ഞങ്ങൾ പ്രയാർ ഗോപാലകൃഷ്ണനോട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധി അറിയിച്ചത് ഇങ്ങനെയാണ്: ഇത് വെറും തെറ്റായ വാർത്തയാണ്.
ഞാൻ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഈ വാർത്ത ഞാൻ കണ്ടിരുന്നു. ഉടനെ തന്നെ ഞാൻ എൻറെ ഫേസ്ബുക്ക് പേജിൽ ഇതിന് ഇതിനെതിരെ പ്രതികരണവും നല്‍കിയിരുന്നു. ഞാനിപ്പോൾ 70 വയസ്സിലെയ്ക്ക് എത്തുന്ന ഒരാളാണ്. ഇക്കണ്ട കാലമത്രയും കോൺഗ്രസിൽ സജീവമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ എംഎൽഎ ആയിരുന്നു.
മറ്റ് ക്യാബിനറ്റ് റാങ്കുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്നു. ഇങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഞാൻ ഇനി ബിജെപിയിലേക്ക് പോകുന്നു എന്നത് വെറും ദുഷ്പ്രചരണം മാത്രമാണ്. മരണം വരെ ഞാൻ കോൺഗ്രസുകാരനായി തന്നെയാണ് തുടരുവാന്‍ ഉദ്ദേശിക്കുന്നത്.
തുടർന്ന് ഞങ്ങൾ അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു പ്രചരണത്തിനെതിരെ അദ്ദേഹം നല്‍കിയ പോസ്റ്റ് താഴെ കാണാം.
പോസ്റ്റിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ ഒരിടത്തും പറഞ്ഞിട്ടില്ല. മരണം വരെ കോൺഗ്രസുകാരനായി തന്നെ തുടരും എന്നാണ് അദ്ദേഹം അന്വേഷണത്തിനായി വിളിച്ചപ്പോൾ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്.

Title:സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടില്ല… വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
