
വിവരണം
മലപുറത്തെ ലീഗുകാർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും 6 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ മുഴുവനായും തകർന്ന ഒരു റോഡിന്‍റെ ചിത്രവും ഒപ്പം ” പ്രകൃതിയെ മാത്രം കുറ്റം പറയണ്ട നല്ലോണം കൈയ്യിട്ട് വാരിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നേ 8 കോടിയുടെ റോഡ് സ്വാഹാ..” എന്ന വാചകവും നൽകിയിട്ടുണ്ട്.കൂടാതെ ” ഇത് ഉമ്മൻചാണ്ടിയും .ഇബ്രാഹിം കുഞ്ഞും പാസാക്കി പണികഴിപ്പിച്ചതല്ല. പിണറായിയും സുധാകരനും പണി കഴിപ്പിച്ചത ഇതിനുത്തര വാദി മന്ത്രിമാരോ ഉദ്യാഗസ്ഥരോ?” എന്ന വിവരണവും ഒപ്പം ചേർത്തിട്ടുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പണിത പാലാരിവട്ടം റെയിൽവേ മേൽപ്പാലം പൊളിഞ്ഞു തുടങ്ങിയ വാർത്ത ഇപ്പോഴും കേരളത്തിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായോ..? ഈ റോഡ് എവിടെയുള്ളതാണ്..? എന്നാണ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്..? നമുക്ക് വാർത്തയുടെ വസ്തുത തിരഞ്ഞു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിലുള്ള തകർന്ന റോഡിന്റെ ചിത്രം yandex ഉപയോഗിച്ച് പരിശോധിച്ചു. അവിടെ നിന്നും ലഭിച്ച ഒരു ലിങ്ക് ഇതേ റോഡിന്‍റെ ഒരു വീഡിയോ ആണ്.
വീഡിയോ പ്രസിദ്ധീകരിച്ച തിയതി താഴെയുള്ള സ്ക്രീൻഷോട്ടിൽ ശ്രദ്ധിക്കുക വാളാട് പുതുശ്ശേരി റോഡ് മഴയിൽ തകർന്നു

വീഡിയോയുടെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിൽ മാതൃഭൂമി ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് ലഭ്യമായി. ഇതേ ചിത്രം വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്.

archived link | mathrubhumi |
കൽപ്പറ്റ വാളാട് പുതുശ്ശേരി റോഡാണിത്. പൊള്ളമ്പാറ പാലവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. 2018 ജൂൺ 10 നാണ് വാർത്ത പുറത്തു വന്നത്.

archived link | open newser |
എന്നാൽ പോസ്റ്റിൽ അവകാശപ്പെടുന്ന സംഭവം വടകരയിൽ ഈയടുത്ത കാലത്ത് നടന്നിരുന്നു. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ 2019 ജൂൺ 12 ന് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടകര കല്ലേരി വില്യാപള്ളി ചേലക്കാട് റൂട്ടിൽ കല്ലേരി പാലത്തിന്റെ അപ്രോച്ച് റോഡാണ് ഉദ്ഘാടനത്തിന് മുമ്പ് തകർന്നത്. ഇതിന്റെ വീഡിയോ വാർത്ത താഴെ കൊടുക്കുന്നു

archived link | localnews manorama online |
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലുള്ള റോഡ് തകർന്നത് കഴിഞ്ഞ കൊല്ലമാണ്. പോസ്റ്റിൽ ആരോപിക്കുന്ന റോഡ് തകർച്ച വടകരയിൽ കഴിഞ്ഞ ദിവസം സംഭവിച്ചിരുന്നു. എന്നാൽ അതിന്റെ ചിത്രം പോസ്റ്റിൽ നല്കിയിരിക്കുന്നതല്ല. വടകരയിലെ റോഡ്, വാളാട് പുതുശ്ശേരിയിലെ റോഡിന്റെ അത്രകണ്ട് തകർന്നിട്ടില്ല.
ഈ രണ്ടു വാർത്തകൾക്കും പ്രത്യക്ഷത്തിൽ ചില സമാനതകളുണ്ട്. എന്നാൽ രണ്ടും വെവ്വേറെയാണ്. രണ്ടു സ്ഥലത്തെത്തും രണ്ടു കാലത്തേതും. പോസ്റ്റിൽ നൽകിയ വിവരണത്തിൽ പരാമർശിക്കുന്ന റോഡ് ചിത്രത്തിൽ നൽകിയിട്ടുള്ള റോഡിന്റെയത്ര തകർച്ച സംഭവിച്ചതല്ല. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുത തെറ്റിധാരണ ജനിപ്പിക്കുന്നതാണ്
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം 2018 ജൂണിൽ തകർന്ന വാളാട് പുതുശ്ശേരി റോഡിന്റേതാണ്. പോസ്റ്റിൽ ആരോപിക്കുന്ന ഉദ്ഘാടനത്തിന് മുമ്പ് തകർന്ന കല്ലേരി പാലത്തിന്റെ അപ്രോച്ച് റോഡല്ല. പോസ്റ്റിൽ വാർത്ത നൽകിയിരിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിലാണ്. അതിനാൽ വസ്തുത മനസ്സിലാക്കി മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Title:ഉത്ഘാടനത്തിനു മുമ്പ് തകർന്ന റോഡിന്റെ ചിത്രം എപ്പോഴത്തേതാണ് ..?
Fact Check By: Deepa MResult: Mixture
