
മനുഷ്യരാശി മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിയും വിസ്മയത്തിന്‍റെ ഓരോ കലവറകള്‍ തന്നെയാണ്. മനുഷ്യരെക്കാള്‍ വിവേക പൂര്‍വം മൃഗങ്ങള്‍ പലപ്പോഴും പെരുമാറ്റം കാഴ്ചവയ്ക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ റീലുകളില്‍ ഓമന മൃഗങ്ങളുടെ രസകരമായ കുസൃതികളും തമാശകളും എത്ര വേഗമാണ് വൈറലാകുന്നത്. ഗുരുതരമായി പരിക്കേറ്റ കടലാമയെ രക്ഷിക്കാൻ സഹായിക്കുന്ന സ്രാവിന്‍റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു സ്രാവ് കടലാമയെ അതിവേഗം മുന്നിലേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് ഒരാള്‍ ആമയെ ഓര്‍ക്കൊണ്ടിരിക്കുന്ന ബോട്ടിലേയ്ക്ക് ചൂണ്ട പോലെയുള്ള ഒരു വടി ഉപയോഗിച്ച് വലിച്ചടുപ്പിച്ച് ബോട്ടില്‍ കയറ്റുന്നതും ആമയുടെ കഴുത്തില്‍ മുറുകി കോടക്കുന്ന കയറിന്‍റെ കുറുക്ക് അറുത്തുമാറ്റി മുറിവില്‍ മരുന്ന് പുരട്ടി കൊടുകുന്നതും ആമ തിരികെ കടലില്‍നീന്തി മറയുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്. കടലാമയെ ടാക്ഷിക്കാന്‍ സ്രാവ് അതിനെ മനുഷ്യരുടെ അടുത്ത് എത്തിച്ചതാണെന്നും സ്രാവിന്‍റെ ഈ പുണ്യ പ്രവൃത്തി മൂലം ആമയ്ക്ക് അതിന്റെ ജീവന്‍ തിരിച്ചു കിട്ടി എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:
“🌊കടലിൽ കണ്ട 🚤 ബോട്ടിനരികിലേക്ക് അപകടത്തിൽ ആയ 🐢കടലാമയെയും എടുത്ത് സഹായം അഭ്യർത്ഥിച്ച് ഒരു സ്രാവ് 🦈. ആമയെ ബോട്ടിന്റെ ഗോവണിയിൽ വച്ച് സ്രാവ് തിരികെ പോകുന്നു .
തുടർന്ന് യുവാവ് കടലാമയെ എടുത്ത് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ കുരുങ്ങിയ , ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന വിധത്തിൽ രണ്ട് കയർ കണ്ടെത്തിയത്. തുടർന്ന് കത്തി ഉപയോഗിച്ച് കയർ മുറിച്ച് , മുറിവുകളിൽ മരുന്നു പുരട്ടി കടലിൽ തിരികെ വിടുന്നു.👍
ഇത് നിരീക്ഷിക്കുമ്പോൾ, തൻ്റെ ജീവൻ അപകടത്തിലായേക്കാം എന്നറിഞ്ഞിട്ടും ആമയുടെ ജീവൻ രക്ഷിക്കാൻ ആ സ്രാവ് തയ്യാറാകുന്നു.😇 കാരണം മനുഷ്യർക്ക് മാത്രമെ ആമയെ രക്ഷിക്കാൻ കഴിയൂ എന്ന് മനസിലാക്കി പ്രവർത്തിച്ചു.
*🐒മൃഗങ്ങൾ തൻ്റെ സഹജീവികളോട് കാണിക്കുന്ന കരുണ പോലും , പലപ്പോഴും മനുഷ്യർ😎, അപകടത്തിൽ പെടുന്ന തൻ്റെ സഹജീവികളോട് കാണിക്കാറില്ല .!!😏..😔*”
എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വീഡിയോയിൽ കാണുന്ന രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോയുടെ യാഥാർത്ഥ്യം പരിശോധിക്കാം.
വസ്തുതാ അന്വേഷണം
രണ്ട് വ്യത്യസ്ത സംഭവങ്ങൾ സംയോജിപ്പിച്ചാണ് വീഡിയോ യഥാർത്ഥത്തിൽ സൃഷ്ടിച്ചതെന്ന് റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് സൂചന ലഭിച്ചു. ആദ്യ ദൃശ്യങ്ങളില്‍, സ്രാവ് കടലാമയെ സഹായിക്കുകയായിരുന്നില്ല, മറിച്ച് അതിനെ ആക്രമിക്കുകയായിരുന്നു. ബഹാമിയൻ മത്സ്യത്തൊഴിലാളിയായ കെയ് ഓവൻ യൂട്യൂബ് ചാനലിൽ 2020 നവംബർ 29 ന് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ വിവരണത്തിൽ പറയുന്നു, “ഒരു ഭ്രാന്തൻ ഹോട്ട് ആക്ഷൻ സ്രാവ് ലോഗർഹെഡ് ആമയെ തിന്നുന്നു! കുറച്ച് താറാവ് വേട്ട, വഹൂ മീൻപിടിത്തം, യെല്ലോഫിൻ ട്യൂണക്കൊപ്പം കുറച്ച് ഡൈവിംഗ് എന്നിവയ്‌ക്കൊപ്പം!”
വൈറലായ വീഡിയോയുടെ ആദ്യഭാഗം ഈ സംഭവത്തിൽ നിന്ന് എടുത്തതാണ്. കൈയ് ഓവന്‍റെ വീഡിയോയുടെ മിറർ ഇമേജാണ് ഫൂട്ടേജ് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും. വൈറൽ വീഡിയോയില്‍ നിന്നുള്ള ചിത്രവും ഓവന്‍റെ വീഡിയോയിൽ നിന്നുള്ള ചിത്രവും താഴെ കൊടുക്കുന്നു.

ബഹാമാസിലെ കടലിൽ ഒരു ടൈഗർ ഷാർക്ക് ആമയെ ആക്രമിക്കുകയായിരുന്നുവെന്ന് ഓവന്‍ പങ്കുവച്ച വീഡിയോയിൽ നിന്ന്, ഞങ്ങൾ മനസ്സിലാക്കുന്നു. പിന്നീട് ഓവൻസും സുഹൃത്തുക്കളും ചേർന്ന് കടലാമയെ രക്ഷപ്പെടുത്തി. ഈ സംഭവം ഡെയ്‌ലി മെയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, ബഹാമാസിലെ ഗ്രീൻ ടർട്ടിൽ കേയിൽ നിന്നുള്ള കൈയ് സർവൻസും സുഹൃത്തും അബാക്കോ തീരത്ത് ബോട്ടില്‍ സഞ്ചരിക്കുമ്പോൾ കടലാമയെ പിന്തുടരുന്ന ‘വേട്ടക്കാരനെ’ കണ്ടു. സ്രാവ് ആമയുടെ പിന്നിലെ കൈകാലുകളിൽ പിടിക്കുകയും റേസർ പോലെ മൂർച്ചയുള്ള താടിയെല്ലുകൾ കൊണ്ട് അതിനെ പൂട്ടുകയും ചെയ്യുന്ന രോമാഞ്ചമുയർത്തുന്ന ഏറ്റുമുട്ടൽ അവർ ചിത്രീകരിച്ചു.
കൈയ് ഓവന്‍റെ വീഡിയോയേക്കാൾ വളരെ മുമ്പാണ് രണ്ടാമത്തെ വീഡിയോ അപ്‌ലോഡ് ചെയ്തത്, ഇത് പഴയ സംഭവമാണെന്ന് വ്യക്തമാണ്. മറൈൻ കൺസർവേഷൻ ബയോളജിസ്റ്റ് ക്രിസ്റ്റീൻ ഫിഗ്‌ജെനറുടെ ഉടമസ്ഥതയിലുള്ള സീ ടർട്ടിൽ ബയോളജിസ്റ്റ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. 2016-ൽ കോസ്റ്റാറിക്കയിലെ കടലിൽ കഴുത്തിൽ കുടുങ്ങിയ ഒലിവ് റിഡ്‌ലി ആമയെ കണ്ടപ്പോൾ അവർ വീഡിയോ അപ്‌ലോഡ് ചെയ്തു. ക്രിസ്റ്റീനും കൂട്ടാളികളും മീൻവലകൾ മുറിച്ചും മുറിവ് അണുവിമുക്തമാക്കിയും ആമയെ സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പരിക്കേറ്റ ആമയെ രക്ഷിക്കാൻ സ്രാവ് സഹായിച്ചെന്ന് തെറ്റായി അവകാശപ്പെടാൻ രണ്ടു വീഡിയോകള്‍ സംയോജിപ്പിച്ചതാണ്. കൂടുതൽ വ്യക്തതയ്ക്കായി രണ്ട് വീഡിയോകളുടെയും ചിത്രങ്ങളുടെ താരതമ്യം ചുവടെ നൽകിയിരിക്കുന്നു.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍:
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. കടലാമയുടെ ജീവൻ രക്ഷിക്കാൻ സ്രാവ് സഹായിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ മനുഷ്യർ കടലാമയെ രക്ഷിക്കുന്ന രണ്ട് വ്യത്യസ്ത വീഡിയോകൾ ഒരുമിച്ച് ചേർത്തിരിക്കുകയാണ്. ആദ്യ വീഡിയോയിൽ, 2020-ൽ ബഹാമാസിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒരു കൂറ്റന്‍ സ്രാവിന്‍റെ ആക്രമണത്തിൽ അകപ്പെട്ട കടലാമയെ രക്ഷിച്ച ദൃശ്യങ്ങളാണുള്ളത്. 2016-ൽ കോസ്റ്റാറിക്കയ്ക്ക് ചുറ്റുമുള്ള കടലിൽ ഒരു മറൈൻ ബയോളജിസ്റ്റുകളുടെ ഒരു സംഘം ഒലിവ് റിഡ്‌ലി ആമയെ രക്ഷിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:പരുക്കേറ്റ കടലാമയെ രക്ഷിക്കാന്‍ സഹായിക്കുന്ന സ്രാവ്- വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…
Written By: Vasuki SResult: Altered
