വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ശശി തരൂര്‍ പ്രസ്താവന നടത്തിയോ?

രാഷ്ട്രീയം

Image credit: The Hindu

വിവരണം

വട്ടിയൂർക്കാവ് എന്റെ മണ്ഡലത്തിൽ ആണെങ്കിലും മേയർ പ്രശാന്ത് ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തെറ്റൊന്നുമില്ലശശി തരൂർ.? എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് അനുകൂലമായി ശശി തരൂര്‍ എംപി പ്രസ്താവന നടത്തിയെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. സഖാവ് അദീന എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 272 ലൈക്കുകളും 65 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ശശി തരൂര്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍ എംപി എതിര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയോ എന്ന് അറിയാന്‍ അദ്ദേഹത്തിന്‍റെ പ്രൈവെറ്റ് സെക്രട്ടറിയായ പ്രവീണ്‍ റാമിനെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ഫെയ്‌സ്ബുക്ക് പ്രചരണത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്-

ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തും മുന്‍ ഡിസിസി പ്രസിഡന്‍റും എംഎല്‍എയുമായിരുന്ന കെ.മോഹന്‍കുമാറാണ്. പല തെരഞ്ഞെടുപ്പുകളിലും മോഹന്‍കുമാറിനൊപ്പം ശശി തരൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചതാണ്. എന്നാല്‍ ഇത്രയും ദിവസമായിട്ടും പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയില്ല എന്ന പേരില്‍ ബിജെപിയും സിപിഎമ്മും ചില നുണ കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മുന്‍പ് നിശ്ചയിച്ചിരുന്ന ചില അടിയന്തര മീറ്റിങ്ങുകളും മറ്റു കാര്യങ്ങളുമുള്ളതിനാലാണ് പ്രചരണ പരിപാടികളില്‍ സജീവമാകാന്‍ കഴിയാതിരുന്നത്. ഒക്ടോബര്‍ 6 മുതല്‍ ശ‌ശി തരൂര്‍ എംപി യു‍ഡ‍ിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് വേണ്ടി വട്ടിയൂര്‍ക്കാവില്‍ മുഴുവന്‍ സമയപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും ഇതെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ എല്ലാം തന്നെ വ്യാജമാണ്. (പ്രവീണ്‍ റാം, ശശി തരൂര്‍ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി)

നിഗമനം

ശശി തരൂര്‍ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ പ്രതികരണം തന്നെയാണ് ഇതെകുറിച്ച് അദ്ദേഹം നടത്തിയിരിക്കുന്നത്. മാത്രമല്ല മുഖ്യധാരമാധ്യമങ്ങളിലും ഇത്തരമൊരു പരാമര്‍ശം ശശി തരൂര്‍ എംപി നടത്തിയതായും വാര്‍ത്തകളില്ല. അതുകൊണ്ട് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ശശി തരൂര്‍ പ്രസ്താവന നടത്തിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •