‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

അന്തര്‍ദേശീയം

സിംഗപ്പൂരിൽ ഒരു ശിശു, മരണപ്പെട്ട അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. 

പ്രചരണം 

നിരവധി ആളുകൾ അമ്മ മരിച്ച  കുഞ്ഞിന്‍റെ കരച്ചിലടക്കി  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ ഒരാള്‍, അതായത് കുഞ്ഞിന്‍റെ അമ്മയുടെ ഹൃദയം സ്വീകരിച്ചയാള്‍ എടുത്തപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് കുഞ്ഞ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് പ്രസവസമയത്ത് ജീവൻ നഷ്ടപ്പെട്ടു, തുടർന്ന് അമ്മയുടെ ഹൃദയം കറുത്ത ടീ-ഷർട്ട് ധരിച്ചയാൾക്ക് ദാനം ചെയ്തു. ഹൃദയം മറ്റൊരു ശരീരത്തിലായിരിക്കുമ്പോൾ പോലും കുഞ്ഞ് ഇത് തിരിച്ചറിയുകയും അമ്മയുടെ ഹൃദയമിടിപ്പ് കൊണ്ട് ആശ്വസിക്കുകയും ചെയ്ത ഈ സംഭവം സിംഗപ്പൂരിൽ നടന്നതാണ് എന്നു സൂചിപ്പിച്ച് കൊടുത്തിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെ: പ്രസവിക്കുന്നതിനിടെ അമ്മ മരിച്ച ഒരു കുട്ടിയുടെ ക്ലിപ്പായിരുന്നു ഇത്. കറുത്ത ഷർട്ട് ധരിച്ച വ്യക്തിക്ക് സ്ത്രീയുടെ ഹൃദയം ദാനം ചെയ്തു. കറുത്ത ഷർട്ട് ധരിച്ചയാൾ കുട്ടിയെ പിടിക്കുമ്പോൾ കുട്ടിയുടെ പ്രതികരണം കാണുക. കുഞ്ഞിന് അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിയാൻ കഴിയും. ഈ വീഡിയോ സിംഗപ്പൂരിൽ റെക്കോർഡുചെയ്‌ത ഉടൻ വൈറലായി. അമൂല്യമായ ക്ലിപ്പ്❤️🤩😍💖💞💓”

FB postarchived link

വീഡിയോ യഥാർത്ഥ സംഭവമല്ലെന്നും ചൈനയിൽ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യമാണെന്നും   അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങൾ വീഡിയോയുടെ ഒടുവില്‍ കാണുന്ന ടെക്‌സ്‌റ്റ് വിവർത്തനം ചെയ്‌ത് നോക്കിയപ്പോള്‍ “സ്‌നേഹം ഹൃദയമിടിപ്പ് ഉണ്ടാക്കുന്നു. അവയവദാനം” എന്നും കണ്ടെത്തി. അതിനു താഴെ, “പരസ്യ മാനേജ്‌മെന്‍റ് സെന്‍റർ” എന്ന വാചകത്തോടെ സിസിടിവി എന്ന ലോഗോ ദൃശ്യമാകുന്നുണ്ട്.

ഇതിൽ നിന്ന് സൂചന സ്വീകരിച്ച്, ഞങ്ങൾ കീവേഡ് അന്വേഷണം  നടത്തിയപ്പോള്‍ ഈ വീഡിയോ 2017 ജൂൺ 13 ന് സിസിടിവിയുടെ ഔദ്യോഗിക ഫേസ്ബുബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി. 

ഒപ്പമുള്ള വിവരണം ഇങ്ങനെ: “അവയവദാനം മറ്റുള്ളവർക്ക് ജീവിക്കാനുള്ള അവസരം നൽകുന്നു

ഇത് അത്ഭുതകരമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് അമ്മയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ബന്ധം ചേര്‍ന്ന ഒരു പുരുഷന്‍റെ കൈയിൽ പിടിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തുന്നു.

ജൂൺ 11 ചൈനയിലെ ആദ്യത്തെ അവയവദാന ദിനമായിരുന്നു. 2010-ൽ അവയവദാന പരിപാടി ആരംഭിച്ചതുമുതൽ, 276,082 പേർ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് അവസാനത്തോടെ 32,984 അവയവങ്ങൾ ദാനം ചെയ്യപ്പെട്ടതായി ചൈന അവയവദാന അഡ്മിനിസ്ട്രേറ്റീവ് സെന്‍ററിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2016-ൽ ഏകദേശം 13,000 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു. ചൈനയുടെ അവയവദാന നിരക്ക് 2010-ൽ 0.03 ആയിരുന്നത് ഒരു ദശലക്ഷത്തിൽ 2.98 ആയി ഉയർന്നു.”

വൈറൽ സന്ദേശം അവകാശപ്പെടുന്നതുപോലെ വീഡിയോ സിംഗപ്പൂരിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്. അവയവദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കര്‍ണം നദ്ത്താനായി നിര്‍മ്മിച്ചതാണ് ഈ വീഡിയോ. 

കൂടാതെ, ‘സിസിടിവി അഡ്വർടൈസിംഗ് മാനേജ്‌മെന്‍റ് സെന്‍റർ’, ‘ഓർഗൻ ഡൊണേഷൻ ഹാർട്ട്‌ബീറ്റ്’ എന്നിവയ്‌ക്കായി ഞങ്ങൾ കീവേഡ് തിരയൽ നടത്തിയപ്പോള്‍ ചൈനീസ് മീഡിയ പ്രൊഫഷണലായ വു ക്യുബിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ കണ്ടെത്തി. ഗ്വാൻസി പ്രൊഡക്ഷൻസിൽ ചലച്ചിത്ര നിർമ്മാതാവായി ജോലി ചെയ്തപ്പോൾ അതേ വീഡിയോയ്ക്ക് ROI 2016 സിൽവർ അവാർഡ് നേടിയതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ക്യുബിൻ പങ്കിട്ടിരുന്നു.

തുടർന്ന് ഞങ്ങൾ ഗ്വാൻസി പ്രൊഡക്ഷൻസിന്‍റെ വെബ്‌സൈറ്റും റോയി ഫെസ്റ്റിവലിന്‍റെ വെബ്‌സൈറ്റും പരിശോധിച്ചു. ഗ്വാൻസി പ്രൊഡക്ഷൻസിന്‍റെ വെബ്‌സൈറ്റിൽ, ഇതേ വീഡിയോ ‘ പബ്ലിക് വെൽഫെയർ ഫിലിം ആൻഡ് ടെലിവിഷൻ’ എന്ന വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ROI ഫെസ്റ്റിവൽ വെബ്‌സൈറ്റ് അതിന്‍റെ “മുമ്പത്തെ അവാർഡുകൾ” വിഭാഗത്തിൽ ഇതേ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുകയും വാണിജ്യത്തിന് 2017 ൽ വെള്ളി അവാര്‍ഡ് ലഭിച്ചതായി കണ്ടെത്തുകയും ചെയ്തു.

സിസിടിവി അഡ്വർടൈസിംഗ് മാനേജ്‌മെന്‍റ് സെന്‍റർ പരസ്യപ്പെടുത്തിയതാണെന്നും പരസ്യ ഏജൻസിയായ ഡിഡിബി ചൈനയാണ് ഇത് നിർമ്മിച്ചതെന്നും വിവരണം വിശദീകരിക്കുന്നു. “ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിംഗ് കമ്മീഷൻ, റെഡ് ക്രോസ് ഓർഗൻ ഡൊണേഷൻ മാനേജ്‌മെന്‍റ് സെന്‍റർ, ഓർഗൻ ട്രാൻസ്പ്ലാന്‍റ് ഡോക്‌ടർമാർ, ഓർഗൻ ഡൊണേഷൻ കോ-ഓർഡിനേറ്റർമാർ എന്നിവരിൽ നിന്നുള്ള വിദഗ്ധർ ഈ ചിത്രത്തിന്‍റെ തീം ആസൂത്രണത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു,” അത് കൂട്ടിച്ചേർക്കുന്നു. ചൈനീസ് ആപ്ലിക്കേഷനുകളായ വെയ്‌ബോയിലും വീചാറ്റിലും ഈ പരസ്യം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായും രാജ്യത്തെ നിരവധി വാർത്താ ഔട്ട്‌ലെറ്റുകൾ ഫീച്ചർ ചെയ്തതായും വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

ചൈനയില്‍ 2016 ല്‍ അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രമാണ് സിംഗപ്പൂരില്‍ നടന്ന യഥാര്‍ത്ഥ സംഭവം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. അവയവ ദാനം പ്രോല്‍സാഹിപ്പിക്കാന്‍ ചൈന നിര്‍മ്മിച്ച ഹൃസ്വ ചിത്രത്തിന്‍റേതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False