കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

രാഷ്ട്രീയം

വിവരണം

പാര്‍ട്ടി വിട്ട് പോയി അലഞ്ഞ് തിരിഞ്ഞ് ഗതിയില്ലാതെ വീണ്ടും പാര്‍ട്ടിയില്‍ കയറിപ്പറ്റിയവരാണ് എന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്.. കെ.മുരളീധരന് മറുപടിയുമായി ശശി തരൂര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ശശി തരൂര്‍ അനകൂലിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്കും നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനും പലപ്പോഴും കാരണമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും ശശി തരൂരിനെതിരെ നടത്തിയ ഒരു പരാമര്‍ശത്തിന് കടുത്തഭാഷയില്‍ അജയ് തറയിലെനിനെ പരിഹസിച്ചു തരൂര്‍ മറുപടി നല്‍കിയ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരന്നു. എന്നാല്‍ ഇത് തികച്ചും വ്യാജ പ്രചരണം മാത്രമാണെന്ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം നടത്തിയ വസ്‌തുത അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സമാനമായ മറ്റൊരു പ്രചരണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്‍റെയും ശശി തരൂരിന്‍റെയും പേരില്‍ പ്രചരിക്കുന്നത്. ശശി തരൂരിനെതിരെ കെ.മുരളീധരന്‍ നടത്തിയ ഒരു പരാമര്‍ശത്തില്‍ മറുപടിയായി ശശി തരൂര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു എന്നതാണ് പ്രചരണം. സുനില്‍.എന്‍ എന്ന ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇത്തരമൊരു പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും 392ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കെ.മുരളീധരനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ശശി തരൂര്‍, കെ.മുരളീധരന്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ വിവാദ പരാമര്‍ശത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭ്യമാണോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ വാര്‍ത്ത വിഭാഗത്തില്‍ ശശി തരൂര്‍ കെ.മുരളീധരന് നല്‍കിയ ഒരു മറുപടി എന്ന നിലയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങളുടെ പ്രതിനിധി തിരുവനന്തപുരത്തെ ശശി തരൂര്‍ എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഔദ്യിക പ്രതിനിധിയുമായി ഫോണില്‍ സംസാരിച്ചു വിവരങ്ങള്‍ ആരാഞ്ഞു. അവിടെ നിന്നും ലഭിച്ച മറുപടി ഇപ്രകാരമാണ്-

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യാതൊരു തരത്തിലുള്ള പ്രസ്താവനകളും നടത്തിയിട്ടില്ല. അജയ് തറയിലിനെ പരിഹസിച്ച് മറുപടി നല്‍കിയെന്ന പ്രചരണം പോലെ തന്നെ വ്യാജ പ്രചരണം മാത്രമാണ് ഇപ്പോള്‍ കെ.മുരളീധരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തിലും പ്രചരിക്കുന്നത്. ഇത്തരം ചില സാഹചര്യങ്ങളില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശശി തരൂരിന്‍റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതാണെന്നും അദ്ദേഹത്തിന്‍റെ ഓഫിസില്‍ നിന്നും വ്യക്തമാക്കി.

നിഗമനം

ശശി തരൂര്‍ എംപി കെ.മുരളീധരന്‍ എംപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് തന്നെ വ്യക്തമാക്കി. മാധ്യമങ്ങളിലും ഇത്തരമൊരു വിഷയത്തെ കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •