
മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തി എന്ന തരത്തില്‍ ഒരു പ്രസ്താവന അദേഹത്തിന്റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പ്രസ്താവന ബുദ്ധദേബ് ഭട്ടാചാര്യ നടത്തിയില്ല എന്ന് കണ്ടെത്തി. വ്യാജ പ്രസ്താവനയാണ് അദേഹത്തിന്റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും അതിന്റെ സത്യാവസ്ഥ എന്താണെന്നും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റിന്റെ അടികുറിപ്പ് ഇങ്ങനെയാണ്: “കമ്മ്യൂണിസ്റ്റ് നേതാക്കളും മോദി ജി യുടെ ‘ഭരണത്തേ പുകഴ്ത്തി തുടങ്ങി…”
പോസ്റ്ററില്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ പ്രസ്താവന എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇങ്ങനെയാണ്: “രാമക്ഷേത്ര നിര്‍മാണം മാത്രമല്ല. കാശ്മീര്‍ വിഷയം മുതല്‍ പൌരത്വ ഭേദഗതി നിയമം വരെ പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും അണുവിട തെറ്റാതെ നടപ്പാക്കുന്ന നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്താലാണ് BJPയുടെ ജനപിന്തുണ വര്‍ദ്ധിക്കുന്നത്.-ബുദ്ധദേബ് ഭട്ടാചാര്യ”
വസ്തുത അന്വേഷണം
വാദത്തിന്റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത ഈ അടുത്ത കാലത്ത് മുഖ്യധാര മാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു. പക്ഷെ ഇത്തരത്തിലൊരു പരാമര്‍ശം ശ്രി. ബുദ്ധദേബ് ഭട്ടചര്യ നടത്തിയതായി കണ്ടെത്തിയില്ല. ബംഗാളിലെ പ്രാദേശിക മാധ്യമങ്ങളിലും ഇത്തരത്തില്‍ യാതൊരു വാര്‍ത്തയുമില്ല.
ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യ നില നിലവില്‍ ശരിയല്ല എന്ന് മാത്രം വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നു.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ബംഗാള്‍ ഇടതുപക്ഷ എം.എല്‍.എ. ഡോ.സുജന്‍ ചക്രവര്‍ത്തിയുമായി ബന്ധപെട്ടു. ഈ പ്രചാരണത്തിനെ കുറിച്ച് ഞങ്ങളുടെ പ്രതിനിധി ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ:
“ഒരിക്കലും ഇല്ല! ഇത് സത്യമല്ല! ബുദ്ധദേബ് ബാബു ഒരിക്കലും ഇത്തരത്തിലൊരു പരാമര്‍ശം നടത്തില്ല. ഇത് അന്വേഷിക്കേണ്ട കാര്യമില്ല. ഇത് പൂര്‍ണമായി വ്യാജപ്രചാരണമാണ്.”
ഞങ്ങളുടെ പ്രതിനിധി ഈ പ്രചാരണത്തിനെ കുറിച്ച് സി.പി.എം. പോളിറ്റ് ബ്യുറോ അംഗം ശ്രി എം. എ. ബേബിയോട് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ:
“ഇത് സത്യമല്ല. ഞാന്‍ കുറിച്ച് നേരം മുമ്പേയാണ് ബംഗാളിലെ ഞങ്ങളുടെ നേതാക്കളുമായി സംസാരിച്ചത്. ബുദ്ധദേബ് ഭട്ടചര്യജി ഇത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ ഒരു സാധ്യതയുമില്ല. അദേഹത്തിന്റെ ആരോഗ്യ നില കുറച്ച് നാളായി ശരിയല്ല. ഇത്തരത്തില്‍ ഒരു പ്രസ്താവന അദേഹം നടത്തും എന്ന് എനിക്ക് തോന്നുന്നില്ല.”
നിഗമനം
മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവ് ശ്രി. ബുദ്ധദേബ് ഭട്ടാചാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസ്താവന നടത്തി എന്നത് പൂര്‍ണമായി തെറ്റാണ്. ഇത്തരത്തിലൊരു പ്രസ്താവന എവിടെയും കണ്ടെത്തിയില്ല കുടാതെ കേന്ദ്രത്തിലെയും ബംഗാളിലെയും സി.പി.എം. നേതാക്കള്‍ ഈ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ശരിയല്ലാത്തതിനാല്‍ അദേഹം രാഷ്ട്രിയത്തില്‍ അധികം സജീവമല്ല.

Title: മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
