സ്കൂളില്‍ ഓണാഘോഷം നടത്തുന്നതില്‍ നിന്ന് മുസ്ലിം കുട്ടികളെ വിലക്കിയെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം സാമൂഹികം

സ്കൂളിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുസ്ലിം പെൺകുട്ടികളെ ചിലർ ആഘോഷിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആകുന്നുണ്ട്.

പ്രചരണം 

കറുത്ത വസ്ത്രവും ശിരോവസ്ത്രവും ധരിച്ച പെൺകുട്ടികളുടെ സംഘത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏതാനും പേര്‍ പറഞ്ഞുവിടുന്ന  ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘നാളെ മംഗലം കഴിച്ചു പോകേണ്ടതല്ലേ ഒരു മടിയുമില്ലാത്ത ലജ്ജയില്ലാത്ത പെണ്ണുങ്ങൾ’ എന്നിങ്ങനെയുള്ള സംഭാഷണങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം.  ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ മുസ്ലീം പെൺകുട്ടികളെ തിരിച്ചയക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “സ്‌കൂളിൽ ഓണമോ അല്ലെങ്കിൽ വേറെ എന്തോ ഒരു ആഘോഷം നടത്തിയതിന്റെ പേരിൽ കൊച്ചു പെൺകുട്ടികളെ പരസ്യമായി അധിക്ഷേപിച്ച ഈ നായിന്റെ മക്കൾക്കെതിരെ പോലീസിൽ പരാതിപ്പെടാൻ നട്ടെല്ലുള്ള ഒരു രക്ഷിതാവും ഇല്ലാതെ പോയോ.. ഈ കുട്ടികളുടെ അനുമതിയില്ലാതെയല്ലേ അവന്മാർ ഈ വിഡിയോ റെക്കോർഡ് ചെയ്തത്.. പരാതി ഇല്ലെങ്കിലും പൊലീസിന് പോക്സോ പ്രകാരം കേസെടുക്കാൻ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ മതിയാകില്ലേ..”

archived linkFB post

എന്നാൽ ഇത് പൂർണ്ണമായും തെറ്റായ പ്രചരണം ആണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ചില വീഡിയോകളിൽ പള്ളിക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ എന്ന് എഴുതിയിട്ടുണ്ട്.  ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ആദ്യം പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു.  കാഞ്ഞങ്ങാട് പള്ളിക്കര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുട്ടികളെ തിരിച്ചയച്ച ഒരു സംഭവം ഉണ്ടായി എന്ന് അവരില്‍ നിന്നു അറിയാന്‍ കഴിഞ്ഞു. പ്രസ്തുത സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് തുടർന്ന് ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ വി പുഷ്പയുമായി ഞങ്ങൾ സംസാരിച്ചു.  ഡിഡി ഇ നല്കിയ വിശദീകരണം ഇങ്ങനെ:  “സെപ്റ്റംബർ രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ യൂണിഫോം  ധരിക്കണമെന്ന് നേരത്തെ നിർദേശം നൽകിയിട്ടുണ്ടായിരുന്നു.  ഇത് പാലിക്കാതെ കുറച്ചു വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിച്ച് സ്കൂളിലെത്തി.  ഇവരെ തിരിച്ചയയ്ക്കുക മാത്രമാണ് സ്കൂൾ അധികൃതർ ചെയ്തത്.  ഇവർ പുറത്തു പോകുന്ന സമയത്ത് ആരോ അറിയാതെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. സംഭവത്തിന് മതപരമോ സാമുദായിക പരമമോ ആയ യാതൊരു തലങ്ങളുമില്ല. യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ മാത്രമാണ് ഈ കുട്ടികളെ തിരിച്ചയച്ചത്.”

കൂടാതെ ഈ സംഭവം മതവിദ്വേഷം പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഫേസ്ബുക്ക് പേജില്‍ ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്. 

കൂടാതെ ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സൂചിപ്പിച്ച്  അറിയിപ്പ് നൽകിയിട്ടുണ്ട്. 

കൂടാതെ ഞങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനനുമായി സംസാരിച്ചിരുന്നു. ഇതേ വിശദീകരണം തന്നെയാണ് അദ്ദേഹം നല്‍കിയത്. യൂണിഫോം ധരിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ തിരിച്ചയച്ചുവെന്നും അപ്പോള്‍ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തി സാമുദായിക മാനങ്ങള്‍ കൂട്ടിചേര്‍ത്തു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 

യൂണിഫോമിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തണം എന്ന നിർദേശം പാലിക്കാതെ എത്തിയ കുട്ടികളെ തിരിച്ചയക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ പ്രചരണ പൂർണമായും തെറ്റാണ് ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികളെ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്നത് തെറ്റായ പ്രചരണമാണ്.  യൂണിഫോം ധരിച്ച് മാത്രം ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂൾ അധികൃതർ നിർദേശം നൽകിയിട്ടും അത് ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ കുട്ടികളെ സ്കൂൾ അധികൃതർ തിരിച്ചയയ്ക്കുക മാത്രമാണ് ചെയ്തത്. സംഭവത്തിന് മതപരമോ സമുദായിക പരമോ ആയ തലങ്ങളില്ലെന്ന് ജില്ലാഭരണകൂടവും സ്കൂള്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്കൂളില്‍ ഓണാഘോഷം നടത്തുന്നതില്‍ നിന്ന് മുസ്ലിം കുട്ടികളെ വിലക്കിയെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.