ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

കാലാവസ്ഥ സാമൂഹികം

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും.

പ്രചരണം 

ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് സന്ദേശത്തില്‍ അവകാശപ്പെടുന്നത്. ഇതേ സന്ദേശം ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. സന്ദേശം ഇങ്ങനെ: 

*ആലപ്പുഴ ജില്ലയിലെ  ആലപ്പുഴ ബീച്ചിൽ എത്തുന്നവർക്ക്  ആയുസ്സ്  വർധിക്കുന്നതായി റിപ്പോർട്ട്*

 ആലപ്പുഴ ജില്ലയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രം കൂടിയായ ആലപ്പുഴ ബീച്ചിലെ കാലാവസ്ഥയിൽ മനുഷ്യ ശരീരത്തിൻ്റെ ആയുസ്സ് നിലനിർത്തുന്നതിൽ നിർണായകമായ *ശുദ്ധമായ ഓക്സിജൻ* വലിയ അളവിൽ  ലഭ്യമാകുന്നതായി അമേരിക്കൻ ഗവേഷക  സംഘം കണ്ടെത്തി. ലോകത്തിൽ ഇത്തരത്തിൽ ശുദ്ധമായ ഓക്സിജൻ ലഭിക്കുന്ന ഒന്നാമത്തെ സ്ഥലമായി ആണ് ആലപ്പുഴ ബീച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

*”ശുദ്ധമായ ഓക്സിജൻ”* എന്നത് 90% ഓക്സിജൻ അടങ്ങിയ വാതക മിശ്രിതത്തെ പ്രതിനിധീകരിക്കുന്നു. ശുദ്ധമായ ഓക്സിജൻ വായുസഞ്ചാരം, വായുസഞ്ചാര ടാങ്കിന്റെ ഒരു നിശ്ചിത ശേഷിയുടെ മലിനജല സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 

കൂടാതെ, ശുദ്ധമായ ഓക്‌സിജന്റെ ഉപയോഗം വലിയ അളവിൽ നൈട്രജന്റെ കംപ്രഷനും സ്ട്രിപ്പിംഗും ഒഴിവാക്കുന്നു, ഇത് സാധാരണ വായുസഞ്ചാരത്തേക്കാൾ കുറഞ്ഞ ഊർജ്ജ ആവശ്യങ്ങളും ഉദ്വമനവും ഉണ്ടാക്കുന്നു.

ഉയർന്ന ഓക്സിജൻ കൈമാറ്റ ദക്ഷതയുള്ള ഫ്ലോട്ടിംഗ് എയറേറ്ററുകൾക്ക് ശുദ്ധമായ ഓക്സിജൻ വായുസഞ്ചാരം മികച്ചതാണ്. സക്ഷൻ എയറേറ്റർ ഡ്രെയിനേജിന്റെ ഉപരിതലത്തിന് കീഴിൽ വായുസഞ്ചാരവും മിശ്രിതവും സംയോജിപ്പിക്കുന്നു. ആംഗിൾ ക്രമീകരിക്കാൻ കഴിയും, ഇത് ലഗൂണിൽ വായുസഞ്ചാരത്തിന് അനുയോജ്യമാക്കുന്നു. 

ഈ പ്രത്യേകതയാണ് ആലപ്പുഴ ബീച്ചിലെ അന്തരീക്ഷത്തിൽ കണ്ടെത്തിയത്.

*അമേരിക്കൻ ലംഗ്‌സ് അസോസിയേഷന്‍റെ പഠനമനുസരിച്ച്* പ്രായപൂർത്തിയായ ഒരു പുരുഷന്‍റെ ശ്വാസകോശത്തിന് പരമാവധി ആറ് ലിറ്റർ വായു പുറന്തള്ളാൻ കഴിയുമെന്നാണ്. ഒരു വ്യക്തി പ്രതിദിനം 7,570 ലിറ്റർ വായു ശ്വസിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്.

മനുഷ്യർ ശ്വസിക്കുന്ന വായുവിൽ 20 ശതമാനം ഓക്‌സിജനും പുറംതള്ളുന്ന വായുവിൽ 15 ശതമാനം ഓക്‌സിജനുമാണ് അടങ്ങിയിരിക്കുന്നത്. അതായത് ഓരോ ശ്വസനപ്രക്രിയയിലും അഞ്ച് ശതമാനം വായു കാർബൺ ഡൈ ഓക്‌സൈഡായി മാറുന്നു. ഇതനുസരിച്ച്, ഒരു മനുഷ്യൻ പ്രതിദിനം 378 ലിറ്റർ ശുദ്ധമായ ഓക്‌സിജനാണ് ശ്വസിക്കുന്നത്.

ഇത്തരത്തിൽ മനുഷ്യ ശരീരത്തിൻ്റെ ആയുസ്സ് കൂട്ടാൻ കഴിയുന്ന വിധം കാലാവസ്ഥ രൂപപ്പെട്ട സ്ഥലമായി *ആലപ്പുഴ ബീച്ച്* മാറിയത് അത്ഭുതത്തോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

ഏതായാലും *നമ്മൾ ആലപ്പുഴക്കാർക്ക്* അഭിമാനിക്കാം… ️. *നമ്മുടെ ബീച്ച്* ലോകത്തിലെ ശാസ്ത്രലോകത്ത് അത്ഭുതമായി മാറിയതിൽ…. ️ 

ഇനി മടിക്കാതെ *ആലപ്പുഴ ബീച്ചിലെത്താം…അൽപ്പം ശുദ്ധവായു ശ്വസക്കാക്കാം….*(ഈ അറിവ് സത്യമാണോ 

 കഥയാണോ എന്ന് കമൻറ് ചെയ്യുക)”

FB postarchived link

അതായത് ശുദ്ധമായ ഓക്സിജന്‍ ധാരാളമായി ആലപ്പുഴ ബീച്ചിലെ അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ഇവിടുത്തെ വായു ശ്വസിക്കുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ വന്നെന്നുമാണ് അവകാശവാദം. എന്നാല്‍ ആരോ തമാശയ്ക്കായി പ്രചരിപ്പിച്ചതാണ് സന്ദേശമെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെ ബീച്ചുകളുടെ പേരിലും ഇതേ സന്ദേശം പലരും പ്രചരിപ്പിക്കുന്നുണ്ട്. 

വസ്തുത ഇങ്ങനെ 

ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുന്നതായി  എന്തെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ഞങ്ങള്‍  ആദ്യം അന്വേഷിച്ചു.  എന്നാല്‍ പഠനങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന അമേരിക്കന്‍ ലംഗ്സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച് ബീച്ചിലെ വായു ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ ആലപ്പുഴ ബീച്ച് എന്നു ഒരിടത്തും പറയുന്നില്ല. 

ഭൂമിയിലെ ഓക്‌സിജൻ ഉൽപാദനത്തിന്‍റെ പകുതിയും സമുദ്രത്തിൽ നിന്നാണ് വരുന്നതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഈ ഉൽപാദനത്തിന്‍റെ ഭൂരിഭാഗവും സമുദ്രത്തിലെ പ്ലാങ്ക്ടണിൽ നിന്നാണ് -ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, ആൽഗകൾ, ഫോട്ടോസിന്തസൈസ് ചെയ്യാൻ കഴിയുന്ന ചില ബാക്ടീരിയകൾ ഇവയില്‍ പെടും. (പ്രത്യേക ഇനം പ്രോക്ലോറോകോക്കസ്, ഭൂമിയിലെ ഏറ്റവും ചെറിയ ഫോട്ടോസിന്തറ്റിക് ജീവിയാണ്). എന്നാൽ ഈ ചെറിയ ബാക്ടീരിയ നമ്മുടെ മുഴുവൻ ജൈവമണ്ഡലത്തിലും ഓക്സിജന്‍റെ 20% വരെ  ഉത്പാദിപ്പിക്കുന്നു. ഭൂമിയിലെ എല്ലാ ഉഷ്ണമേഖലാ മഴക്കാടുകളേക്കാളും ഉയർന്ന ശതമാനമാണിത്.

സമുദ്രത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍റെ കൃത്യമായ ശതമാനം കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം അളവ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പ്രകാശസംശ്ലേഷണ പ്ലവകങ്ങളെ ട്രാക്ക് ചെയ്യാനും സമുദ്രത്തിൽ സംഭവിക്കുന്ന പ്രകാശസംശ്ലേഷണത്തിന്‍റെ അളവ് കണക്കാക്കാനും ശാസ്ത്രജ്ഞർ ഉപഗ്രഹ ഇമേജറിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഉപഗ്രഹ ഇമേജറിക്ക് മുഴുവൻ സഹായവും നല്‍കാന്‍ കഴിയില്ല. പ്ലാങ്ക്ടണിന്‍റെ അളവ് കാലാനുസൃതമായും ജലത്തിന്‍റെ പോഷക ലോഡ്, താപനില, മറ്റ് ഘടകങ്ങൾ എന്നിവയിലെ മാറ്റങ്ങളോടുള്ള പ്രതികരണമായും മാറുന്നു. പ്രത്യേക സ്ഥലങ്ങളിലെ ഓക്‌സിജന്‍റെ അളവ് കാലാവസ്ഥയ്ക്കും വേലിയേറ്റത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തുറസായ വിശാലമായ സ്ഥലമാണ് ബീച്ചുകള്‍. മാനസിക ഉല്ലാസത്തിനും കായിക വിനോദങ്ങള്‍ക്കും പറ്റിയ സ്ഥലമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കടല്‍ വെള്ളത്തില്‍ കാൽവിരലുകൾ നനച്ചുകൊണ്ടുള്ള നടത്തവും തിരമാലകളുടെ ശബ്ദവും ശുദ്ധവായുവും സന്ദര്‍ശകരെ ഉല്ലാസഭരിതരാക്കും. 

ചില ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളെയും സുഖപ്പെടുത്തുന്നതിനായി സമുദ്രത്തെ, പ്രത്യേകിച്ച് സമുദ്രവായു ശ്വസിക്കുന്നതിനെ ആശ്രയിക്കാമെന്ന് ശ്വാസകോശ ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്നു. വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ഓസ്‌ട്രേലിയയിൽ നടന്ന ഒരു പഠനം സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച സർഫർമാരിൽ സമുദ്ര വായുവിന്‍റെ സ്വാധീനം ട്രാക്കുചെയ്‌തതിനെ കുറിച്ചായിരുന്നു.  48 ആഴ്‌ച നീണ്ടുനിന്ന ഈ പഠനം രോഗികളുടെ ശ്വാസകോശം ശുദ്ധീകരിക്കാൻ ഉപ്പ് വായു സഹായിക്കുന്നു എന്നതിന് ചില തെളിവുകൾ ഹാജരാക്കി. മാത്രവുമല്ല, ചില ആൻറിബയോട്ടിക്കുകളുടെ ആവശ്യകത കുറയുന്നതിന്‍റെ ലക്ഷണങ്ങളും രോഗികൾ കാണിച്ചു.

ഇംഗ്ലണ്ടിലെ എക്‌സെറ്റർ യൂണിവേഴ്‌സിറ്റിയിലെ പെനിൻസുല കോളേജ് ഓഫ് മെഡിസിൻ ആൻഡ് ഡെന്‍റിസ്ട്രി നടത്തിയ പഠനമനുസരിച്ച് സമുദ്രത്തോട് ചേർന്ന് താമസിക്കുന്നവർ ഉൾനാടുകളിൽ താമസിക്കുന്നവരേക്കാൾ ആരോഗ്യവാന്മാരാണ്. കടൽത്തീരത്തെ ഉപ്പുള്ള കടൽ വായു ശ്വസനവ്യവസ്ഥയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു, ആസ്ത്മ, ബ്രോങ്കൈറ്റിസ്, സൈനസ് പ്രഷർ, ചുമ എന്നിവയുള്ളവർ ബീച്ചിൽ ഒരു ദിവസം കഴിയുമ്പോൾ അവരുടെ അവസ്ഥയിൽ വ്യത്യാസം കാണും. ഓഷ്യൻ ആഗിരണം ചെയ്യാനും സെറോടോണിന്‍റെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്ന നെഗറ്റീവ് ചാർജുള്ള ഹൈഡ്രജൻ അയോണുകള്‍ സമുദ്ര വായുവിൽ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ ഊര്‍ജം നല്കുകയും വിഷാദം കുറയ്ക്കുകയും ചെയ്യുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഗവേഷകന്‍റെ അഭിപ്രായത്തില്‍ “ബീച്ചുകള്‍ പൊതുവേ കൂടുതല്‍ ശുദ്ധവായു കാണപ്പെടുന്ന ഇടങ്ങളാണ്. സമീപത്ത് വ്യവസായശാലകളോ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന മറ്റ് കാര്യങ്ങളോ ഇല്ലെങ്കില്‍ ബീച്ചുകളില്‍ സമയം ചെലവഴിക്കുന്നത് ആരോഗ്യകരമാണ്. അതില്‍ ആലപ്പുഴ ബീച്ച് അല്ലെങ്കില്‍ കണ്ണൂര്‍ ബീച്ച് എന്നിങ്ങനെ വ്യത്യാസമില്ല. എല്ലാ ബീച്ചുകളും ഇക്കാര്യത്തില്‍ ഒരുപോലെ തന്നെയാണ്.”

ശ്വാസകോശത്തിന് ബീച്ചിലെ അന്തരീക്ഷം എത്രത്തോളം ഗുണകരമാണ് എന്നറിയാനായി ഞങ്ങള്‍ ശ്വാസകോശരോഗ വിദഗ്ദ്ധനായ ഡോ.  വേണുഗോപാലുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ: “കടൽത്തീരത്ത് പോയിരിക്കുന്നതില്‍ വ്യക്തമായ നേട്ടങ്ങളുണ്ട്.  കടൽത്തീരത്ത് ചെലവഴിക്കുന്ന സമയം നമ്മുടെ ആരോഗ്യവും മൊത്തത്തിലുള്ള സന്തോഷവും മെച്ചപ്പെടുത്തും. അത് മലിനമല്ലാത്ത ഏത് ബീച്ചിലായാലും ലഭിക്കുന്നതാണ്. ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പികുമെന്ന് പറയാനാകില്ല. നമുക്ക് ശുദ്ധവായ് ഉറപ്പ് നല്‍കുന്നതാണ് ബീച്ചുകള്‍. ആലപ്പുഴ ബീച്ചിന് കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ല.” 

കടൽ വായു ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ, 18-ആം നൂറ്റാണ്ടിലെ ഡോക്ടർമാർ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള രോഗികൾക്ക് കടൽത്തീരത്തെ അവധിക്കാലവും കടൽത്തീരത്തേക്കുള്ള സന്ദർശനവും നിർദ്ദേശിച്ചിരുന്നു. 1900-കളിൽ, ക്ഷയരോഗബാധിതരായ രോഗികൾക്ക് ഫിസിഷ്യൻമാർ കടൽത്തീരങ്ങള്‍ നിർദ്ദേശിച്ചു. ഉപ്പ് കലര്‍ന്ന കടൽ വായുവിന് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. കടൽത്തീരത്ത് ഉപ്പ് കലര്‍ന്ന കാറ്റ് ആസ്വദിച്ച് നടക്കുന്നത് ആരോഗ്യത്തിന് യഥാർത്ഥത്തിൽ ഗുണം ചെയ്യും.

എന്നാല്‍ ആലപ്പുഴ ബീച്ചിന് ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ട് എന്ന് മേല്‍പ്പറഞ്ഞതിന് അര്‍ഥമില്ല. ഏതൊരു ബീച്ച് ആയാലും സന്ദര്‍ശകര്‍ക്ക് പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നതാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്നുള്ള പ്രചരണം വെറും കിംവദന്തി മാത്രമാണ്. ഏതൊരു ബീച്ചിലെയും അന്തരീക്ഷ വായുവില്‍ സമുദ്രത്തില്‍ നിന്നുമുള്ള ഓക്സിജന്‍ കൂടുതലായി ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയോ  അന്തരീക്ഷ മലിനീകരണത്തിന്‍റെയോ ഇടപെടല്‍ ഇല്ലെങ്കില്‍ ബീച്ചിലെ വായു മറ്റിടങ്ങളെക്കാള്‍ ശുദ്ധമായിരിക്കും.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •