
വിവരണം
Ajithkumar Prakash എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 17000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ ഒരു പദ്ധതിയെപ്പറ്റിയുള്ള അറിയിപ്പാണുള്ളത്. “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുകന്യ യോജന പദ്ധതി ആരംഭിച്ചു. 1 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടി ഒരു ആയിരം രൂപ വീതം അടയ്ക്കണം. അതായത് 14 വര്ഷം കൊണ്ട് 14000 അടയ്ക്കുക. പെൺകുട്ടിയുടെ 21 ആം വയസ്സിൽ എസ്ബിഐ നിങ്ങൾക്ക് 600,000 /- രൂപ തിരിച്ചു തരുന്നു. എല്ലാ ബന്ധുക്കൾക്കും ഈ വിവരം അയയ്ക്കുക. ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.” ഇത്രയും വസ്തുതകളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.
archived link | FB post |
ബിജെപി സർക്കാർ കഴിഞ്ഞ തവണ കേന്ദ്രം ഭരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ പദ്ധതിയ്ക്ക് സമാനമായ സുകന്യ സമൃദ്ധി യോജന പ്രഖ്യാപിച്ചത് വായനാക്കാർ ശ്രദ്ധിച്ചിരിക്കും. എസ്ബിഐയുടെ സുകന്യ യോജന എന്താണ്..? കേന്ദ്ര`സർക്കാർ പദ്ധതി തന്നെയാണോ ഇത്….? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വെർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു കാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെപ്പറ്റി തന്നെയാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. കാരണം ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായ മറ്റൊരു കാര്യം – എസ്ബിഐയ്ക്ക് സ്വന്തമായി ഇത്തരത്തിലൊരു പദ്ധതി ഇല്ല എന്നുള്ളതാണ്. യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സുകന്യ സമൃദ്ധി യോജന നടപ്പിലാക്കുക മാത്രമാണ് എസ്ബിഐ ചെയ്തിട്ടുള്ളത്. goodreturns എന്ന മലയാളം വെബ്സൈറ്റ് 2018 ജൂലൈ 23 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.
archived link | good returns |
2015 ലെ ബജറ്റിൽ അപ്പോഴത്തെ ധനകാര്യമന്ത്രി അരുൺ ജെറ്റ്ലിയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ തുടക്കത്തിൽ കുറഞ്ഞ നിക്ഷേപ തുക 1000 രൂപയായിരുന്നു. 2018 ജൂലൈയിൽ ഇത് 250 രൂപയായി കുറച്ചിരുന്നു. പോസ്റ്റിൽ പറയുന്നത് ഇത് 1000 രൂപയാണ് എന്നാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ തുറന്ന് വായിച്ചാൽ വിശദാംശങ്ങൾ മനസ്സിലാക്കാൻ കഴിയും. പെൺകുട്ടികളുടെ പുരോഗമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ബേട്ടി പടാവോ ബേട്ടി ബചാവോ ആശയത്തിന്റെ ഒരു ഭാഗമാണ് ഈ പദ്ധതി.
archived link | mathrubhumi |
10 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 250 രൂപയിൽ ആരംഭിക്കാവുന്ന അക്കൗണ്ടിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെ ഒരു വർഷം നിക്ഷേപിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ ഉന്നത വിദ്യാദ്യാസ ചെലവിനായി നിക്ഷേപത്തുകയുടെ 50% വരെ പിൻവലിക്കാൻ സാധിക്കും. 8 .1% ത്തിൽ ആരംഭിക്കുന്ന പലിശ നിരക്കിന് മറ്റു ചെറു സമ്പാദ്യ പദ്ധതികൾ പോലെ ഓരോ പാദത്തിലും മാറ്റം വരും.
archived link | wikipedia |
archived link | vikaspedia |
എസ്ബിഐയുടെ വെബ്സൈറ്റ്എടുത്ത് പദ്ധതിയുടെ വിശദാംശങ്ങൾ തിരയുമ്പോൾ ഇത് കേന്ദ്രസർക്കാർ പദ്ധതിയാണ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
archived link | sbi |
പോസ്റ്റ് ഓഫിസ്, ദേശസാൽകൃത- വാണിജ്യ- പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ ചെന്ന് പദ്ധതിയിൽ അക്കൗണ്ട് എടുക്കാം. അല്ലാതെ എസ്ബിഐ ബാങ്കിൽ മാത്രമല്ല.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ പറയുന്ന വസ്തുതകളിൽ ശരിയായവയും തെറ്റായവയുമുണ്ട്.സുകന്യ സമൃദ്ധി യോജന പദ്ധതി എസ്ബിഐ ബാങ്കിന്റേതല്ല. കേന്ദ്ര സർക്കാരിന്റേതാണ്. പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങളിൽ എസ്ബിഐ ബാങ്കും ഉൾപ്പെടും എന്ന് മാത്രം. കൂടാതെ 1000 രൂപയല്ല അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ തുക, 250 രൂപ മാത്രമാണ്.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന വസ്തുതകൾ പൂർണ്ണമായും ശരിയല്ല. പകുതി വസ്തുതകൾ വാസ്തവ വിരുദ്ധമാണ്. ഏതു പോസ്റ്റ് ഓഫീസ് വഴിയും അംഗീകൃത ദേശസാൽകൃത വാണിജ്യ ബാങ്കുകൾ വഴിയും പദ്ധതിയിൽ അംഗമാകാൻ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാൻ 250 രൂപ മാത്രം അടച്ചാൽ മതിയാകും. അതിനാൽ മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ പൂർണ്ണമായും മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കായോട് അപേക്ഷിക്കുന്നു

Title:സുകന്യ യോജന എസ്ബിഐ കൂടാതെ മറ്റു ബാങ്കുകൾ വഴിയും ലഭിക്കും…
Fact Check By: Deepa MResult: Mixture
