FACT CHECK: ഖബർസ്ഥാനിൽ നിന്നും മാറ്റി അടക്കം ചെയ്യാൻ നോക്കുമ്പോള്‍ 10 വർഷം പഴക്കമുള്ള മൃതദേഹം കേടുകൂടാതെ ഇരിക്കുന്നു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦ സാമൂഹികം

പ്രചരണം 

മലേഷ്യയില്‍ നിന്നാണ് എന്ന് വാദിച്ച് അപൂര്‍വ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകുന്നത് പൊതിഞ്ഞു കെട്ടിയിരിക്കുന്ന ഒരു മൃതദേഹം അനാവരണം ചെയ്യുന്നതാണ്. മരിച്ച വ്യക്തിയുടെ മുഖം ശ്രദ്ധിച്ചാല്‍ യാതൊരു വിധ അഴുകലുകളും അതിന് സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാകും. ചുറ്റും നില്‍ക്കുന്നവര്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കേള്‍ക്കാം. 

വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “മലേഷ്യയിലെ ഒരു ഖബർ സ്ഥാനിൽ വെള്ളം കയറിയപ്പോൾ മാറ്റി അടക്കം ചെയ്യാൻ 10 വർഷം മുൻപ് അടക്കം ചെയ്ത ഹാഫിള് ആയ ചെറുപ്പക്കാരന്റെ ഖബർ തുറന്നപ്പോൾ കണ്ട കാഴ്ച!!!!”

archived linkFB post

അതായത് മലേഷ്യയില്‍ 10 വര്‍ഷം മുമ്പ് മരിച്ചയാളുടെ മൃതദേഹം അനാവരണം ചെയ്തപ്പോള്‍ അഴുകാതെ അതുപോലെതന്നെ ഇരിക്കുന്നു എന്നാണ് പോസ്റ്റിലെ അവകാശവാദം. 

ഞങ്ങള്‍ വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഇതൊരു പഴയ വീഡിയോ ആണെന്നും പോസ്റ്റില്‍ പറയുന്നത് തെറ്റായ വാദമാണെന്നും വ്യക്തമായി. 

വസ്തുത അറിയാം 

ഞങ്ങള്‍ വീഡിയോ ഇന്‍വിഡ് വി വെരിഫൈ എന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോ വിവിധ കീ ഫ്രെയിമുകളായി വേര്‍തിരിച്ച ശേഷം പ്രധാനപ്പെട്ട ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ വീഡിയോ സംബന്ധിച്ച നിരവധി ലേഖനങ്ങള്‍ ലഭിച്ചു. 

ദേതിക് ന്യൂസ്‌ എന്ന ഇന്തോനേഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച മാധ്യമ വാര്‍ത്ത പ്രകാരം ഈ വീഡിയോ 2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലോകം മുഴുവൻ അക്കാലത്ത് പ്രചരിച്ചത് ഇങ്ങനെയാണ്: “അന്തരിച്ച ഇമാം സമുദേരയുടെ ഖബറിടം ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക്  മാറ്റാൻ പോകുമ്പോൾ, ഖബറിൽ അദ്ദേഹത്തിന്റെ ശരീരം ഇപ്പോഴും കേടുകൂടാതെയിരിക്കുകയാണെന്ന് മനസ്സിലായി. ഈ രാജ്യത്ത് മരണപ്പെട്ടയാളെ തീവ്രവാദിയായി മുദ്രകുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനും അല്ലാഹുവിനും മാത്രമേ അവന്റെ ജീവിതത്തിന്റെ ഉദ്ദേശ്യവും ജീവിതവും അറിയൂ. അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ ഉദ്ദേശശുദ്ധിയാണ് കാണുന്നത്”  

ഈ വീഡിയോ സംബന്ധിച്ച വസ്തുത അറിയാൻ ദേതിക് ന്യൂസ് പ്രതിനിധി  ദേശീയ പോലീസിന്റെ പബ്ലിക് റിലേഷൻസ് മേധാവി ഇൻസ്പെക്ടർ ജനറൽ സെറ്റിയോ വസിസ്റ്റോയുമായി ബന്ധപ്പെട്ടിരുന്നു എന്നും  വൈറൽ വീഡിയോയെ പറ്റി വ്യാജ വാർത്തയാണെന്നും സെറ്റിയോ അറിയിച്ചു എന്നും വാർത്തയിൽ പറയുന്നു. 

വീഡിയോ ശ്രദ്ധിക്കുക: 

archived link

ഇമാം സമുദ്രയുടെ ഖബർ ഒരിടത്തോട്ടും മാറ്റിയിട്ടില്ല എന്ന്  കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് എന്ന് വാർത്ത അറിയിക്കുന്നു. അന്തരിച്ച ഇമാമിന്റെ കുടുംബാംഗങ്ങൾ അതായത് സ്വന്തം സഹോദരന്മാരും അനന്തിരവനും അറിയിച്ചത്  “സമുദേരയുടെ ഖബറിടം ഇപ്പോഴും കേടുകൂടാതെയിരിക്കുകയാണ്, അത് അവിടെ നിന്നും സ്ഥലം മാറ്റുകയോ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയോ ഉണ്ടായിട്ടില്ല. . അതിനാൽ ഇമാം സമുദേരയുടെ ശവകുടീരം സ്ഥാനം മാറ്റാനായി പുറത്തെടുത്തുവെന്നും  അദ്ദേഹത്തിന്റെ ശരീരം ഇപ്പോഴും കേടുപാടുകൾ കൂടാതെ ഇരിക്കുന്നുവെന്നും പറയുന്ന വാർത്തകളെല്ലാം തെറ്റാണ്. ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കരുത്. ഇന്തോനേഷ്യയിലുടനീളമുള്ള എല്ലാ മുസ്‌ലിംകളോടും ഞങ്ങള്‍ ഈ വിശദീകരണം അറിയിക്കുന്നു.”

2008 നവംബർ 9 ന് സെറംഗിലാണ്  ഇമാം സാമുദേരയുടെ ശരീരം അടക്കം ചെയ്തത്.  202 പേരെ കൊന്ന ബാലി ബോംബാക്രമണത്തിന്റെ പ്രധാന മൂന്നു ആസൂത്രക്കാരിൽ ഒരാളായിരുന്നു സാമുദീര. ഇയാളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.ബന്ധുക്കളും ആരാധകരും തെരുവുകളിലൂടെ സമുദ്രയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി എന്ന് എഎഫ്‌പി വാർത്ത അറിയിക്കുന്നു

കൂടാതെ പോലീസ് പബ്ലിക് റിലേഷന്‍സ് വിഭാഗം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോയെ കുറിച്ചുള്ള പ്രചരണം തെറ്റാണെന്ന് അറിയിച്ച് ഒരു വീഡിയോ വിശദീകരണമായി നല്‍കിയിരുന്നു. 

archived link

ഇന്തോനേഷ്യയിലെ റിപബ്ലിക എന്ന മാധ്യമ വാര്‍ത്ത പ്രകാരം വൈറല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ഗുനുങ് സിന്ധുർ ഡിറ്റൻഷൻ സെന്ററിലെ തീവ്രവാദ കുറ്റവാളിയായ യാസർ ബിൻ തമ്രിന്‍റെ മൃതദേഹമാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ജൂലൈ  ഏഴാം തിയതി ചൊവ്വാഴ്ച സൗത്ത് തങ്കേരംഗ് റീജിയണൽ ആശുപത്രിയിൽ വെച്ച് ഇയാള്‍ മരിച്ചു. വയറിന് ബാധിച്ച അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇയാള്‍. ഇയാളുടെ മൃതദേഹമാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. മരണശേഷം ആശുപത്രിയില്‍ വച്ച് ചിത്രീകരിച്ചതാണ് വീഡിയോ. ഇന്തോനേഷ്യയിലെ ഒരു തീവ്രവാദ സംഘടയിലെ അംഗമായിരുന്ന യാസർ ബിൻ തമ്രിനെയും മറ്റൊരു പങ്കാളിയെയും അവിടുത്തെ പ്രത്യേക ദൌത്യ സേനയാണ് പിടികൂടിയത്. രണ്ടു പോലീസുകാര്‍ക്ക് നേരെ ഇവര്‍  നിറയൊഴിച്ചിരുന്നു

വീഡിയോയില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ വ്യക്തിയുടെ മൃതദേഹമല്ല. പോലീസ് കസ്റ്റഡിയിലിരിക്കുമ്പോള്‍ അസുഖം ബാധിച്ചു മരിച്ച ഒരു തീവ്രവാദ കുറ്റവാളിയുടെതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. മലേഷ്യയിലെ ഒരു ഖബർ സ്ഥാനിൽ വെള്ളം കയറിയപ്പോൾ മാറ്റി അടക്കം ചെയ്യാൻ നോക്കുമ്പോള്‍  10 വർഷം മുൻപ് അടക്കം ചെയ്ത ശരീരം യാതൊരു കേടുപാടുകളും കൂടാതെ ഇരിക്കുന്നു എന്ന പ്രചരണം നടത്തുന്നത് അസുഖബാധിതനായി 2018  ജൂലൈയില്‍ മരിച്ച ഒരു വ്യക്തിയുടെ മൃതദേഹത്തിന്‍റെ വീഡിയോ ഉപയോഗിച്ചാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഖബർസ്ഥാനിൽ നിന്നും മാറ്റി അടക്കം ചെയ്യാൻ നോക്കുമ്പോള്‍ 10 വർഷം പഴക്കമുള്ള മൃതദേഹം കേടുകൂടാതെ ഇരിക്കുന്നു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •