FACT CHECK: വൈറല്‍ ചിത്രത്തിലെ വധുവിന് വെറും എട്ടു വയസ്സല്ല… 19 വയസ്സ് പ്രായമുണ്ട്…

ദേശീയം സാമൂഹികം

പ്രചരണം 

ഏതാണ്ട് 24 മണിക്കൂർ സമയം കൊണ്ട് ഇന്ത്യ മുഴുവൻ വളരെ വൈറലായി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ഒരു ചിത്രമാണ് ഈ വധുവിന്‍റെത്. വിവാഹ വേഷത്തിൽ നമ്രശിരസ്കയായി ഇരിക്കുന്ന വധുവിനെ ചിത്രം ട്വിറ്റർ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പല പ്രമുഖരും പങ്കുവെച്ചു. ചിത്രത്തോടൊപ്പം നൽകിയ വിവരണ പ്രകാരം  ബീഹാറിൽ നിന്നുമുള്ള വധുവിന് എട്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ ചിത്രം  സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് ഇടയാക്കി. പലരും മതവുമായും രാഷ്ട്രീയമായും ചിത്രം അനാവശ്യമായി ബന്ധപ്പെടുത്തി പ്രചരണം തുടങ്ങി എന്ന് പോസ്റ്റുകൾ കണ്ടാൽ നമുക്ക് മനസ്സിലാകും. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷവും ഇന്ത്യയില്‍ ശൈശവ വിവാഹം നടക്കുന്നതിനെ പലരും അപലപിച്ചു. അവളുടെ മാതാപിതാക്കള്‍ ദാരിദ്ര്യം മൂലമാണ് ഇത്തരത്തില്‍ ഒരു കടും കൈക്ക് മുതിര്‍ന്നതെന്ന് ട്വിട്ടര്‍ പോസ്റ്റുകളിലൂടെ പലരും സഹതപിക്കുകയും ചെയ്തു.  

ഇത്തരത്തിൽ മലയാളത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “ഇത് ഒരു വിവാഹ ഫോട്ടോയാണ്.വിവാഹം നടന്നത് ബിഹാറിൽ നിന്നും വരന് 28 വയസ്സ് വധുവിന് 8  വയസ്സ് . ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയിട്ടെ ഉള്ളൂ ആർക്ക് വേണ്ടി എന്നു മാത്രം ചോദിക്കരുത്.

 വീട്ടിലെ കടുത്ത ദാരിദ്ര്യമാണ്  കുട്ടിയുടെ  മാതാപിതാക്കളെ ഇതിന് പ്രേരിപ്പിച്ചത് എന്ന് പറയുന്നു.

ഇനി ഈ വിവാഹം അങ് സിറിയയിൽ ആണേൽ ഇവിടെ എന്തൊക്കെ കാണാമായിരുന്നു. രവിചന്ദ്രൻ ഫാൻസുകാർ ഇത് അറിഞ്ഞു കാണില്ലായിരിക്കും”

archived linkFB post

അതായത് പോസ്റ്റിൽ അവകാശപ്പെടുന്നത് ഈ വധുവിന് 8 വയസ്സ് മാത്രമാണ് പ്രായം എന്നാണ്. ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ് എന്ന് കണ്ടെത്തുകയും ചെയ്തു 

വസ്തുത ഇതാണ് 

ചിത്രത്തോടൊപ്പം ഇത് ബീഹാറിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രമുഖര്‍ പങ്കുവച്ച പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ ഇത് ബീഹാറിലെ നവാഡ എന്ന ഗ്രാമത്തിൽ നിന്നുമുള്ള ചിത്രമാണ് എന്ന് വ്യക്തമായി. നവാഡ എന്ന ഗ്രാമം ജില്ലയിലാണ് അവിടുത്തെ സൂപ്രണ്ട് ഓഫ് പോലീസ് പ്രമോദ് കുമാര്‍ മണ്ഡലുമായി  ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു.  

ജില്ലാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും പൂർണ്ണമായും തെറ്റായ വാർത്തയാണ് ഇതെന്നും എസ്പി ഞങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ ജന്മനാട് ബീഹാറിലെ നവാഡ ആണ്. എന്നാൽ അവൾ അവളുടെ അമ്മൂമ്മയുടെ സ്ഥലമായ ജാമുയി ജില്ലയിലാണ് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് 19 വയസ്സുണ്ട്. വിവാഹത്തിന് പ്രായപൂര്‍ത്തിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വെറും നുണ മാത്രമാണ്. 

പെൺകുട്ടിക്ക് എട്ടു വയസ് മാത്രമേ പ്രായമുള്ളൂ എന്ന പ്രചരണം തെറ്റാണ്. കുട്ടിക്ക് 19 വയസ് പ്രായമുണ്ട്.  കുട്ടിയുടെ ആധാർ കാർഡ് ഞങ്ങൾ പരിശോധിച്ചിരുന്നു. പത്രക്കുറിപ്പ് കുറിപ്പ് ഇറക്കിയത് നവാഡയിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ നിന്നാണ്.” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.   

ജില്ലാ ഭരണകൂടം പുറത്തുവിട്ട പത്ര കുറിപ്പ് താഴെ കൊടുക്കുന്നു. 

പത്രക്കുറിപ്പിലെ വിവരങ്ങള്‍ ഇതാണ്:

“സീ മീഡിയ എന്ന മാധ്യമത്തിലെ തുഷാർ ശ്രീവാസ്തവ എന്ന മാധ്യമ പ്രവർത്തകൻ ബീഹാറിലെ നവാഡയിൽ എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ 28 കാന്‍റെ കൂടെ വിവാഹം ചെയ്ത് അയച്ചു എന്ന വിവരണത്തോടെ ഒരു ചിത്രം ട്വിറ്ററില്‍ പങ്കു വെച്ചിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും തെറ്റാണ്. ഈ പെൺകുട്ടിയുടെ പേര് തനു കുമാരി എന്നാണ് അച്ഛന്‍റെ പേര് പവൻ സിംഗ്.  അവളുടെ മുത്തശ്ശിയോടൊപ്പം ജാമുയി ജില്ലയിൽ ചെറുപ്പം മുതൽ ജീവിക്കുന്നു. പെൺകുട്ടിയുടെ അച്ഛൻ ദില്ലിയിലാണ് ജോലി എടുക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാഥാർത്ഥ്യം അന്വേഷിക്കുന്നതിനായി പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു. ഏതാണ്ട് ഒന്ന് രണ്ട് മാസം മുമ്പ് തനുകുമാരിയുടെ വിവാഹം മുത്തശ്ശിയുടെ വീട്ടിൽ വച്ച് നടന്നിരുന്നു. 

കുട്ടി വളർന്നതും പഠിച്ചതും എല്ലാം മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ്. അവള്‍ ജീവിച്ച നാട് ആയതിനാൽ കല്യാണം ജാമുയിൽ വെച്ച് നടത്തുകയാണുണ്ടായത്. ജില്ലാ ഭരണകൂടവും പോലീസും അന്വേഷിച്ചതിൽ നിന്ന് ഇത്തരം കാര്യങ്ങൾ ലഭ്യമായിട്ടുണ്ട്.  കൂടാതെ പെൺകുട്ടിയുടെ ആധാർ കാർഡും ലഭിച്ചു. ഇതിൽ അവളുടെ ജനന തിയതി 01-01-2002 ആണ്. ഇതുപ്രകാരം പെൺകുട്ടിക്ക് 19 വയസ്സ് ഉണ്ട്. സർക്കാരിന്‍റെ യുഐഡിഎഐ വെബ്സൈറ്റിൽ ആധാറിന്‍റെ വേരിഫിക്കേഷൻ നടത്തിയിരുന്നു ആധാർ സത്യമാണ്. അതിനാൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് ഇതിനാൽ ബോധ്യപ്പെടുത്തി കൊള്ളുന്നു” 

പ്രചാരണത്തിന്‍റെ വസ്തുതയെ കുറിച്ച് ന്യൂസ് 247 പ്ലസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

അവര്‍ നല്‍കിയ മറ്റൊരു വിവാഹ ചിത്രം താഴെ കൊടുക്കുന്നു.

കൂടാതെ ആജ് തക് എന്ന മാധ്യമം വാർത്തയുടെ മുകളിൽ വസ്തുത അന്വേഷണം നടത്തി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അതിൽ പെൺകുട്ടിയുടെയും വിവാഹം കഴിച്ച യുവാവിനെയും ആധാർ കാർഡുകൾ നൽകിയിട്ടുണ്ട്. കൂടാതെ വിവാഹവേളയിലെ വിവിധ ചിത്രങ്ങളും വിവാഹശേഷമുള്ള ഇവരുടെ ചിത്രവും ലേഖനത്തിൽ നൽകിയിട്ടുണ്ട്.  

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ പെൺകുട്ടിക്ക് 8 വയസ്സ് മാത്രമാണ് ഉള്ളതെന്നും ഇതൊരു ശൈശവ വിവാഹമായിരുന്നു എന്നുമുള്ള പ്രചാരണം തെറ്റാണ്.  ബീഹാറിൽ നവാഡ എന്ന ഗ്രാമത്തില്‍ വിവാഹിതയായ പെൺകുട്ടിക്ക് 8 വയസ്സ് അല്ല 19 വയസ്സാണ് പ്രായം. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾ പൂർണമായും തെറ്റാണെന്ന് ജില്ലാ ഭരണകൂടവും പോലീസും വ്യക്തമാക്കിയിട്ടുണ്ട്.  

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്.  പോസ്റ്റിൽ വധു വേഷത്തിൽ ഇരിക്കുന്ന പെൺകുട്ടിക്ക് 8 വയസ്സ് അല്ല 19 വയസ്സാണ് പ്രായം. പെണ്‍കുട്ടി വിവാഹത്തിന് നിയമാനുസൃതമായി പ്രായപൂര്‍ത്തി ആയതാണ്. ഈ ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വൈറല്‍ ചിത്രത്തിലെ വധുവിന് വെറും എട്ടു വയസ്സല്ല… 19 വയസ്സ് പ്രായമുണ്ട്…

Fact Check By: Vasuki S 

Result: False