EXPLAINED: ‘ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്ത്’ എന്ന പ്രചാരണത്തിന്‍റെ പിന്നിലെ വസ്തുത

അന്തര്‍ദേശിയ൦ | International ദേശീയം

വിവരണം

ഇന്ത്യയുടെ ജിഡിപി  നിരക്ക് 2020 -21ക്വാര്‍ട്ടറില്‍ 23.9 എന്ന ശതമാനത്തിലേക്ക് താഴ്ന്നു എന്ന വാർത്ത രണ്ടു ദിവസം മുമ്പ് പുറത്തുവന്നിരുന്നു. കോവിഡും ലോക്ക് ഡൌണും മൂലം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇക്കണോമിക് ടൈംസ്‌ പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത്.  ഈ വാര്‍ത്തയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു പ്രചരണം നടക്കുന്നുണ്ട്. ഇനി ദരിദ്ര രാജ്യം. ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്. മോഡി ഭരണത്തില്‍ സര്‍വതും തകര്‍ന്നറിഞ്ഞ് രാജ്യം അരക്ഷിതാവസ്ഥയില്‍… ഇതോടൊപ്പം ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വിശ്വസനീയതയ്ക്കായി നല്‍കിയിട്ടുണ്ട്. 

archived linkFB post

എന്നാല്‍ എന്താണ് ഈ പ്രചാരണത്തിന്‍റെ വസ്തുത എന്നറിയേണ്ടേ…? ഞങള്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം

എങ്ങനെയാണ് ഒരു രാജ്യം  വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്ന് നോക്കാം.

യഥാര്‍ഥത്തില്‍ വികസ്വര രാജ്യം, കുറഞ്ഞ വികസിത രാജ്യം, സാമ്പത്തികമായി വികസിത രാജ്യം, ഇടത്തരം വ്യാവസായിക രാജ്യം അല്ലെങ്കിൽ അവികസിത രാജ്യം, എന്നിങ്ങനെയുള്ള  നിർവചനങ്ങള്‍  സാർവത്രികമായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഏതൊക്കെ രാജ്യങ്ങളാണ് ഓരോ വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്ന്  വ്യക്തമായ കരാറും ഇല്ല. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു രാജ്യത്തിന്‍റെ പ്രതിശീർഷ ജിഡിപി ഒരു റഫറൻസ് പോയിന്റാണ്. പൊതുവേ, വികസിതമെന്നോ വികസ്വരമെന്നോ ഉള്ള  ഏതൊരു രാജ്യത്തിന്റെയും  സ്വന്തമായുള്ള അവകാശവാദം ഐക്യരാഷ്ട്രസഭ സ്വീകരിക്കുകയാണ് ചെയ്യുന്നത്. 

1999 ൽ പ്രസിദ്ധീകരിച്ച M49 മാനദണ്ഡങ്ങൾ അനുസരിച്ച് വികസിത-വികസ്വര രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങൾ എന്ന പദവിക്ക് സ്ഥാപിതമായ ഒരു കൺവെൻഷനും ഇല്ലെന്ന് യുഎൻ അംഗീകരിക്കുന്നു. 

“വികസിത -വികസ്വര എന്നീ പദവികൾ സ്ഥിതിവിവരക്കണക്ക് സൗകര്യാർത്ഥം ഉദ്ദേശിച്ചുള്ളതാണ്, മാത്രമല്ല വികസന പ്രക്രിയയിൽ ഒരു പ്രത്യേക രാജ്യമോ പ്രദേശമോ എത്തിച്ചേർന്നത് തീരുമാനിക്കുന്നത് നിലവില്‍ ആ രാജ്യം തന്നെയാണ്. 

വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങൾ എന്ന് യുഎൻ സൂചിപ്പിക്കുന്നു:

ഏഷ്യയിലെ ജപ്പാൻ, മിഡിൽ ഈസ്റ്റിലെ ഇസ്രായേൽ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ഓഷ്യാനിയയിലെ ന്യൂസിലാന്റ്, യൂറോപ്പ് എന്നിവ “വികസിത” പ്രദേശങ്ങളായി കണക്കാക്കുന്നു. അന്താരാഷ്ട്ര വ്യാപാര സ്ഥിതിവിവരക്കണക്കുകളിൽ, ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനെ ഒരു വികസിത പ്രദേശമായും ഇസ്രായേലിനെ ഒരു വികസിത രാജ്യമായും കണക്കാക്കുന്നു. 2009 ആയപ്പോഴേക്കും അന്താരാഷ്‌ട്ര നാണയ നിധി   ലോക സാമ്പത്തിക ആളോഹരി വരുമാന നിലവാരം, കയറ്റുമതി വൈവിധ്യവൽക്കരണം എന്നിവയെ അടിസ്ഥാനമാക്കി വികസിത, ഉയർന്നുവരുന്ന അല്ലെങ്കിൽ വികസ്വര രാജ്യങ്ങളായി വർഗ്ഗീകരണം നടത്തിയിരുന്നു. 

ഇനി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ട് പ്രകാരമുള്ള വാര്‍ത്ത എന്താണെന്ന് നോക്കാം. 

economictimes

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ഫെബ്രുവരി 24-25 തീയതികളിൽ ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക നീക്കം ചെയ്തു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്‍റെറ്റീവ് (യു‌എസ്‌ടി‌ആർ) ബ്രസീൽ, ഇന്തോനേഷ്യ, ഹോങ്കോംഗ്, ദക്ഷിണാഫ്രിക്ക, അർജന്റീന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളെ പ്രത്യേക മുൻ‌ഗണനകൾ നേടുന്നതിൽ നിന്ന് ഒഴിവാക്കി. ജി -20 അംഗമായതിനാലും ലോക വ്യാപാരത്തിന്റെ 0.5 ശതമാനമോ അതിൽ കൂടുതലോ വിഹിതമുള്ളതിനാലുമാണ് അമേരിക്ക  ഇന്ത്യയെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. 

theprint.

അതായത് റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക അവരുടെ വാണിജ്യ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയെ അവരുടെ യുഎസ് ടിആര്‍ പ്രകാരമുള്ള പട്ടിക അടിസ്ഥാനമാക്കിയുള്ള വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും മാത്രമാണ്  ഒഴിവാക്കിയത്. കാരണം അവരുടെ കണക്ക് പ്രകാരം ഇന്ത്യ വികസിത രാജ്യമാണ്. അതിനാലാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. യു‌എസ്‌ടി‌ആർ ലോക വ്യാപാരത്തിന്‍റെ 0.5% അല്ലെങ്കിൽ‌ കൂടുതൽ‌ വിഹിതമുള്ള രാജ്യങ്ങളെ വികസിത രാജ്യങ്ങളായി കണക്കാക്കുന്നു. 

വാണിജ്യ സൌകര്യാര്‍ത്ഥം അമേരിക്ക ഇന്ത്യയെ അവരുടെ മാനദണ്ഡ ങ്ങള്‍ പ്രകാരമുള്ള വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ഇന്ത്യയെ ഒഴിവാക്കിയത്.  ഇത്  2020 ഫെബ്രുവരി മാസത്തിലായിരുന്നു.  അല്ലാതെ ആഗോളതലത്തില്‍ ഇങ്ങനെ തീരുമാനമില്ല. വികസിത- വികസ്വര രാജ്യങ്ങള്‍ എന്ന വര്‍ഗീകരണം പല പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡമാക്കുന്ന ലോക ബാങ്കും അന്താ രാഷ്ട്ര നാണയ നിധിയും ഇങ്ങനെയൊരു അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഒരു രാജ്യത്തെ ദരിദ്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ആ  രാജ്യത്തിന്‌ യഥാര്‍ഥത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ് ചെയ്യുക. വികസിത രാഷ്ട്രമെന്ന പട്ടികയിലേയ്ക്ക് ഉയര്‍ന്നതിനാലാണ് അമേരിക്ക ഈ നിലപാട് സ്വീകരിച്ചത്.  തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണിത്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. വാണിജ്യ സൌകര്യാര്‍ത്ഥം അമേരിക്ക ഇന്ത്യയെ അവരുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ഇന്ത്യയെ ഒഴിവാക്കിയത്. അല്ലാതെ ആഗോളതലത്തില്‍ ഇങ്ങനെ തീരുമാനമില്ല

Avatar

Title:EXPLAINED: ‘ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്ത്’ എന്ന പ്രചാരണത്തിന്‍റെ പിന്നിലെ വസ്തുത

Fact Check By: Vasuki S 

Result: False