കേരളത്തിലെ ആദ്യ ബസ്‌റൂട്ട് എവിടെ നിന്നാണ് ആരംഭിച്ചത്…?

കൗതുകം

വിവരണം 

Jabbar Panackavila എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2018 ജൂലൈ 18 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അപൂർവ ദൃശ്യം ആദ്യത്തെ ബസ്സ് സർവീസ് റൂട്ട്” അപൂർവ ദൃശ്യം ആദ്യത്തെ ബസ്‌റൂട്ട് എന്ന അടിക്കുറിപ്പുമായി ഒരു പഴയകാല ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  ഒപ്പം 1st bus route (1954) Kadakkal Nilamel Kilimanoor Attingal എന്നും ചിത്രത്തിനു മുകളിൽ എഴുതിയിട്ടുണ്ട്.പഴയകാലത്തുള്ള ഒരു വാഹനത്തിന്‍റെ മുന്നിൽ ഏതാനും പേര് നിൽക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. 

archived linkFB post

ആദ്യത്തെ ബസ്‌റൂട്ട് ഏതാണ്..?  ഏതു വർഷമാണ് ആരംഭിച്ചത്..? വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു നോക്കി. കേരളത്തിന്‍റെ പൗരാണികതയെ കുറിച്ച് പ്രതിപാദിക്കുന്നവയുൾപ്പെടെ നിരവധി വെബ്‌സൈറ്റുകളിൽ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ചിത്രത്തിലും താഴെ ഇതേ വാചകം എഴുതി ചേർത്തിട്ടുമുണ്ട്. ആരാണ് ഈ ചിത്രം പകർത്തിയത്, ഏതു വർഷമാണ് പകർത്തിയത് എന്നതിനെ പറ്റി  വ്യക്തമായ സൂചനകളൊന്നും അന്വേഷണത്തിൽ ലഭ്യമായില്ല. 2016 ഒക്ടോബര്‍ 23 നു Radha Krishna Vilasam – RKV Motors എന്ന ഫേസ്ബുക്ക് പേജ് ഇതേ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ വിവരണങ്ങള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല. 

തുടർന്ന് ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരിഞ്ഞുനോക്കി. ആദ്യത്തെ ബസ് റൂട്ട് ആരംഭിച്ചത് 1938 ഫെബ്രുവരി 21 നാണെന്ന് വിക്കിപീഡിയ പറയുന്നു. അതിന്‍റെ തലേദിവസം ശ്രീ ചിത്തിര തിരുനാൾ  മഹാരാജാവ് സർവീസിന്‍റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേയ്ക്കായിരുന്നു ആദ്യ സർവീസ് നടത്തിയത്. 

തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ എന്നും ലേഖനത്തിൽ പറയുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്‍റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്‍റെ അസിസ്റ്റന്‍റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്‍റെ സൂപ്രണ്ട് ആയി അവരോധിക്കപ്പെട്ടു

ഞങ്ങൾ ആദ്യത്തെ സ്വകാര്യ ബസ് സർവീസിനെപ്പറ്റി തിരഞ്ഞപ്പോൾ പ്രൈവറ്റ് ബസ് അസോസിയേഷന്‍റെ വെബ്‌സൈറ്റ് ലഭിച്ചു. അതിൽ അവരുടെ ഹോം പേജിൽ ആദ്യത്തെ സ്വകാര്യ ബസ് സർവീസ് നടത്തിയതിനെ പറ്റി ചെറിയ വിവരണം നല്കിയിട്ടുള്ളതായി കാണാൻ കഴിഞ്ഞു. തിരുവല്ലയിലെ ശ്രീവല്ലഭപുരത്തു നിന്നും പെരിയാർ നെല്ലിക്കാംപെട്ടിയിലേയ്ക്ക് 1951 ലാണ് ആദ്യ പ്രൈവറ്റ് ബസ് യാത്ര ആരംഭിച്ചത് എന്ന് പറയുന്നു. 

archived linkpbk

കൂടുതൽ വിവരങ്ങളറിയാൻ ഞങ്ങൾ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യത്തെ പ്രൈവറ്റ് ബസ് സര്‍വീസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി തരാന്‍ അവര്‍ കുറച്ചു സാവകാശം ആവശ്യപ്പെട്ടു. വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്.  

കൂടാതെ രണ്ടു ട്വിട്ടർ അക്കൗണ്ടുകളിലും രണ്ടു ഫേസ്ബുക്ക് പേജുകളിലും  ആദ്യത്തെ പ്രൈവറ്റ് ബസ് ഇട്ട്യേച്ചൻ എന്ന ബസ് ആണ് എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിനും വേണ്ടത്ര തെളിവുകൾ ലഭ്യമല്ല. 

archived FB post

archived Twitter

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്  പോസ്റ്റിൽ പറയുന്ന വാദഗതി പൂർണ്ണമായും തെറ്റാണ് എന്നാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ബസ് റൂട്ടാണ് ആദ്യത്തേത് എന്ന നിഗമനത്തിലെത്താൻ യാതൊരു വിശ്വസനീയമായ തെളിവുകളും ലഭ്യമല്ല. കേരളത്തിലെ ആദ്യത്തെ ബസ്‌റൂട്ടും ബസ് സർവറീസും 1938 ൽ തിരുവിതാംകൂറിൽ ശ്രീ ചിത്തിര തിരുനാളിന്‍റെ ഭരണകാലത്ത് ആരംഭിച്ച ബസ് സർവീസാണ്. 1950 കളില്‍ സമാന രൂപ സാദൃശ്യമുള്ള ബസുകള്‍ ഓടിയിരുന്നു. ചിത്രത്തിലെ ബസ് കാഴ്ചയിൽ തിരുവിതാംകൂറിൽ നിന്നും മഹാരാജാവ്  ആദ്യം ആരംഭിച്ച ബസിനു സമാനമാണ്. എന്നാല്‍ അവ സ്വകാര്യ ബസ് ആയിരുന്നില്ല. സര്‍ക്കാര്‍ സര്‍വീസുകളായിരുന്നു. 

archived linkpazhayathu
archived linkkeralartc

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ കാര്യമാണ്. ആദ്യത്തെ ബസ് സർവീസ് റൂട്ട് പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ കടക്കൽ നിലമേൽ കിളിമാനൂർ ആറ്റിങ്ങൽ ആണെന്ന്‌ ഉറപ്പിക്കാൻ യാതൊരു തെളിവുകളും ലഭ്യമല്ല. ചിത്രത്തിൽ നൽകിയിരിക്കുന്നത് ഈ റൂട്ടിൽ ആദ്യം സർവീസ് നടത്തിയ ബസ് ആണെന്നതിനും ബലമുള്ള തെളിവുകൾ ലഭ്യമല്ല. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം വിശ്വസനീയമല്ല.

Avatar

Title:കേരളത്തിലെ ആദ്യ ബസ്‌റൂട്ട് എവിടെ നിന്നാണ് ആരംഭിച്ചത്…?

Fact Check By: Vasuki S 

Result: False