കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

ദേശീയം

കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ  ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പീഡിപ്പിച്ചത് ജുനൈദ്

പീഡിപ്പിക്കപ്പെട്ടത് കാഫിർ ക്രിസ്ത്യാനി

ഒരു പെണ്ണിനെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു പീഡിപ്പിച്ചത് അൽ ഖേരളത്തിൽ.

സഖാവ് പിണറായിയുടെയും മരുമോന്റെയും കേരളത്തിൽ..

രോഷമില്ല, ഞെട്ടലില്ല, ചർച്ചയില്ല..

പീഡനം ചിലരുടെ അവകാശമാണ്..

പീഡനം ഇവിടെ ചായകുടി പോലെയാണ്..

തലകുനിയേണ്ടതില്ല..”

FB postarchived link

സംഭവം അങ്ങേയറ്റം അപലപനീയമാണ് എങ്കിലും ഇതിന് വർഗീയതലങ്ങളൊന്നുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ്

കോഴിക്കോട് തൊട്ടിൽപാലത്താണ് സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ കെട്ടിയിടുകയായിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.  സംഭവത്തിൽ പ്രതി ജുനൈദിനെ വടകരയിൽ നിന്ന് പോലീസ് പിടികൂടി. ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മതമോ ജാതിയോ മറ്റ് വിവരങ്ങളോ പോലീസും മാധ്യമങ്ങളും പരസ്യപ്പെടുത്തിയിട്ടില്ല.  പെൺകുട്ടി ക്രിസ്ത്യൻ സമുദായത്തിൽ പെട്ടയാളാണെന്നും ജുനൈദ് ലവ് ജിഹാദ് നടത്തിയതാണെന്നുമാണ് പ്രചരണം നടക്കുന്നത്.  ഇതിന്‍റെ വ്യക്തതക്കായി ഞങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനുമായി  ബന്ധപ്പെട്ടു.  അവിടെ നിന്നും സിഐ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഈ സംഭവത്തിന് വർഗീയ തലങ്ങളില്ല. ഇരയായ പെൺകുട്ടിയും പ്രതിയും ഒരേ സമുദായക്കാരാണ്.  പെൺകുട്ടി ക്രിസ്ത്യനല്ല. ജുനൈദ് ലഹരിക്ക് അടിമയാണ്.” 

കോഴിക്കോട് പെൺകുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡനത്തിനിരാക്കിയ സംഭവത്തിന് വർഗീയ തലങ്ങളില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയും ഒരേ സമുദായത്തിൽ പെട്ടവരാണ്. പോലീസ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടി ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *