ഈ ചിത്രത്തിലുള്ള രാജന്‍ യാദവ് ബിജെപി നേതാവുമല്ല, ബ്രാഹ്മണനുമല്ല….

ദേശീയം രാഷ്ട്രീയം

വിവരണം 

Unnimon Safa Makkah Hospital എന്ന പ്രൊഫൈലിൽ നിന്നും പ്രചരിക്കുന്ന ഒരു പോസ്റ്റിനു 18 മണിക്കൂറുകൾ കൊണ്ട് 2500 ലധികം ഷെയറുകളാണ് ലഭിച്ചത്. ടിജി ഗോപകുമാർ എന്ന പ്രൊഫൈലിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ ബ്രാഹ്മണ ബിജെപി നേതാവിനെ ചുമലിലേറ്റി ദളിത് സംഘി അടിമകൾ.. എന്ന അടിക്കുറിപ്പോടെ ഒരാളെ ശവമഞ്ചം പോലുള്ള ഒന്നിൽ ഏതാനും പേർ  ചുമന്നുകൊണ്ട് പോകുന്ന ചിത്രമാണുള്ളത്. സ്ക്രീന്‍ഷോട്ടില്‍ നല്കിയിരിക്കുന്ന പ്രൊഫൈലില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 

archived linkFB post

ഉത്തർ പ്രദേശിലെ ബ്രാഹ്മണനായ ബിജെപി നേതാവാണിയാൾ എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള അവകാശവാദം. യഥാർത്ഥത്തിൽ ഇയാൾ ആരാണ്..? എന്തിനാണ് ഇയാളെ ഇവർ മഞ്ചത്തിൽ  ചുമക്കുന്നത്..? നമുക്ക് ഈ ചിത്രത്തിന്‍റെ യാഥാർഥ്യം എന്താണെന്ന് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം പൂർണ്ണമായും തെറ്റാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. കാരണം ഇയാൾ ബിജെപിനേതാവുമല്ല, ബ്രാഹ്മണനുമല്ല. താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്നും ഇക്കാര്യം വായനക്കാർക്ക് മനസ്സിലാക്കാവുന്നതാണ്.

ലാലൻടോപ്പ് എന്ന മാധ്യമം 2017 ജനുവരി 20 ന്  മഞ്ചത്തിലിരിക്കുന്നയാളെ പറ്റി  പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : “തെരെഞ്ഞെടുപ്പ് കാലമാകുമ്പോൾ രസകരമായ കഥകളുള്ള വിചിത്ര കഥാപാത്രങ്ങൾ മത്സര രംഗത്തെത്തും. തോറ്റാലും ശരി, മത്സരിക്കുക എന്നതാണ് അവരുടെ പാഷൻ. അവർക്ക് വാർത്തകളിൽ നിറഞ്ഞാൽ മാത്രം മതി. യുപിയിൽ നിന്നും ഇതാ അങ്ങനെയൊരാൾ. യുപിയിൽ തെരെഞ്ഞെടുപ്പ് വരുമ്പോൾ ഈ “അർഥിബാബ’യും പ്രത്യക്ഷപ്പെടും. 

ഗോരഖ്‌പൂരിലെ ചൗരി ചൗരയിലാണ് അദ്ദേഹം ഇത്തവണ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിനായി അദ്ദേഹം ശവമഞ്ചത്തിലാണ് എത്തിയത്. അദ്ദേഹത്തിന്‍റെ ചിഹ്നം മൺകുടമാണ്. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് രാജൻ യാദവ് എന്നാണ്. ചെറുപ്പക്കാരനാണ്. ഫേസ്‌ബുക്ക് പോലുള്ളവയിൽ സജീവമാണ്. 2008 ൽ എംബിഎ നേടി. ബാങ്കോക്കിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയുണ്ടായിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു.  സാമൂഹ്യപ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. തെരെഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കൽ, പ്രചരണം, മുദ്രാവാക്യം എഴുതല്‍ തുടങ്ങി എല്ലാം  സ്വന്തമായി ചെയ്യും. എന്തുകൊണ്ടാണ് ശവമഞ്ചത്തിൽ പ്രചരണം നടത്തുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ മറുപടി നൽകും “മരണം മാത്രമാണ് ശാശ്വത സത്യം. അതിനാൽ ഞാൻ ശവമഞ്ചത്തെ സത്യത്തിന്‍റെ പ്രതീകമായി കാണുന്നു. ഇതുകൂടാതെ അദ്ദേഹം പട്ടടകളിൽ പൂജ ചെയ്യുന്നു. 

2009 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ അദ്ദേഹം യോഗി ആദിത്യനാഥിനെതിരെ മത്സരിച്ചിരുന്നു. 2014 ൽ ലഖ്‌നൗവിൽ നിന്ന് രാജ്‌നാഥ്‌ സിംഗിനെതിരെയും വാരാണസിയിൽ നിന്ന് മോദിക്കെതിരെയും ഇദ്ദേഹം മത്സരിച്ചിരുന്നു. പ്രാദേശിക പ്രശ്നങ്ങളിൽ  അദ്ദേഹം സമരങ്ങൾ നടത്താറുണ്ട്. AIIMS  നു വേണ്ടി അദ്ദേഹം നദിയിൽ ശവമഞ്ചം ഒരുക്കി സത്യാഗ്രഹം നടത്തിയിട്ടുണ്ട്. ആ അവസരത്തിൽ അർഥിബാബ കുടിക്കാൻ ഉപയോഗിച്ചത് നദിയിലെ വെള്ളമാണ്. 2012 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൈയ്യിൽ മണ്‍കുടമേന്തിയാണ് അദ്ദേഹം വോട്ടർമാരെ അഭിസംബോധന ചെയ്തത്. 

ഈ തെരെഞ്ഞെടുപ്പിൽ അർഥിബാബ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ കരിമ്പ് കർഷകരുടെ സ്ഥിര വരുമാനവും സർക്കാർ ഡോക്റ്റർമാരുടെ അനധികൃത സ്വകാര്യ പ്രാക്ടീസുമാണ്.” അർഥിബാബയുടെ വിവിധ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.

archived linkthelallantop

രാജൻ യാദവ് എന്ന അർഥിബാബ ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായാണ്  തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മത്സരിക്കുന്ന തെരെഞ്ഞെടുപ്പിലെല്ലാം അർഥിബാബ വോട്ടർമാരുടെ മുന്നിൽ വോട്ടു ചോദിക്കാനെത്തുന്നത് ശവമഞ്ചത്തിലേറിയാണ്.  ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടികളും അർഥിബാബ അവരുടെ ആളാണെന്നു പറഞ്ഞിട്ടില്ല. അതുപോലെ അർഥിബാബ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമാണെന്നും പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം ഇതുവരെ മത്സരിച്ചത് ബിജെപി സ്ഥാനാർത്ഥികൾക്കെതിരെയാണ്. ഇതുവരെ ഒരു തെരെഞ്ഞെടുപ്പിൽ പോലും അർഥിബാബ വിജയിച്ചിട്ടുമില്ല. ആര്‍ത്തിബാബയെ പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ വായിക്കാം. 

യാദവർ ബ്രാഹ്മണ സമുദായത്തിൽ പെട്ടവരല്ല. അദർ ബാക്ക് വാർഡ് കമ്യുണിറ്റി (OBC) ആണെന്ന് വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ശവമഞ്ചത്തിലിരിക്കുയാൾ ബ്രാഹ്മണനായ ബിജെപി നേതാവല്ല. സ്വതന്ത്രനായി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന അർഥിബാബ എന്ന രാജൻ യാദവാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്.   ശവമഞ്ചത്തിലിരിക്കുയാൾ ബ്രാഹ്മണനായ ബിജെപി നേതാവല്ല. സ്വതന്ത്രനായി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന അർഥിബാബ എന്ന രാജൻ യാദവാണ്. ശവമഞ്ചത്തിലാണ് അദ്ദേഹം വോട്ടർമാരുടെ മുന്നിലെത്തുന്നത്. തെരെഞ്ഞെടുപ്പ് മത്സരരംഗത്ത് അർഥിബാബയുടെ ഈ കാഴ്ച സാധാരണയാണ്. ബിജെപിയുമായോ സംഘ്പരിവാറുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

Avatar

Title:ഈ ചിത്രത്തിലുള്ള രാജന്‍ യാദവ് ബിജെപി നേതാവുമല്ല, ബ്രാഹ്മണനുമല്ല….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •