FACT CHECK: റിലയന്‍സിനെയും പതഞ്‌ജലിയെയു വിമര്‍ശിച്ചു പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല, സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനാണ്…

രാഷ്ട്രീയം

പ്രചരണം 

ഒരു വ്യക്തി  വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു ആവേശപൂർവ്വം പ്രസംഗിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. റിലയൻസ് പതഞ്ജലി തുടങ്ങിയ വന്‍കിട വ്യവസായികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ബാബാ രാംദേവ്  മുസ്ലീങ്ങൾക്കെതിരെ ആയുധങ്ങൾ വാങ്ങാൻ ആർഎസ്എസിന് പണം നൽകുന്നുവെന്നും ആരോപിക്കുന്നു. പ്രാസംഗികന്‍ ഹിമാലയ കമ്പനിയുടെ ഉടമയാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. ഇത് സൂചിപ്പിച്ച് പോസ്റ്റിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 

“ഈ മുള്ള

ഹിമാലയ കമ്പനിയുടെ

മുതലാളിയാണ്. ഇവൻ്റെ സംസാരം ശ്രദ്ധിക്കൂ ഹിന്ദുക്കളുടെ കമ്പനി ഉത്പാദിപ്പിച്ച സാധനങ്ങൾ

റിലയൻസിൻ്റെ മൊബൈലും, പെട്രോളും മറ്റു ഉല്പന്നങ്ങളും, രാംദേ വിൻ്റെ ഉല്പന്നങ്ങളും ആണ്

ഈ തീവ്രവാദി ബഹിഷ്കരിക്കാൻ മുസ്ലീങ്ങളോട് പറയുന്നത്.

ഇതാണ് ഇവൻ്റെ ഒക്കെ ഉള്ളിലിരിപ്പ്. ഇങ്ങിനെ ഒക്കെ പ്രസംഗിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഹിന്ദുക്കളും മറിച്ച് ചിന്തിച്ചാല് ഇവനൊക്കെ എന്തു ചെയ്യും? ചിന്തിക്കുക ഇല്ല എന്നു ഇവനൊക്കെ അറിയാം. മതേതരന്മാർ അല്ലേ!”

archived linkFB post

അതായത് ഹിമാലയ കമ്പനിയുടെ ഉടമയായ ഇസ്ലാം മതത്തിൽ പെട്ട വ്യക്തി ഹിന്ദുക്കളായ വ്യവസായികളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഈ വീഡിയോയിൽ കാണുന്ന വ്യക്തിക്ക് ഹിമാലയ കമ്പനിയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം അഭിഭാഷകനാണ് എന്ന് ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

വീഡിയോ സൂക്ഷ്മമായി വിശകലനം ചെയ്തപ്പോൾ പൗരത്വ ബില്ലിനെതിരെ സമരം നടത്തുന്നതിന്‍റെ ചില ബാനറുകൾ കാണാൻ കഴിഞ്ഞു. കൂടാതെ ഈ വീഡിയോ ഒരു വാർത്താ ചാനൽ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഭാഗമാണ്.  എക്സ്പ്രസ് വോയ്സ്, ഓഫ് ഡെമോക്രസി, ഡൽഹി എന്നിങ്ങനെയുള്ള എഴുത്തുകൾ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ സൂചനകള്‍ അനുസരിച്ച് ഞങ്ങൾ വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്തു. ടൈംസ് എക്സ്പ്രസ്സ് എന്ന വാർത്ത ചാനല്‍  ഈ വീഡിയോ 2020 ജനുവരി 25 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 മിനിറ്റിലധികം ദൈർഘ്യമുള്ളതാണ് യഥാർത്ഥ വീഡിയോ. വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി പ്രമുഖ  അഭിഭാഷകനായ ഭാനു പ്രതാപ് സിംഗാണ്.

സി‌എ‌എയെക്കുറിച്ച് സുപ്രീംകോടതിയിൽ വാദിച്ച ശേഷം ദില്ലിയിലെ മുസ്തഫാബാദിൽ ധർണയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്തെ പ്രശസ്ത അഭിഭാഷകൻ ഭാനു പ്രതാപ് സിംഗ് സംസാരിക്കുന്നു എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിന്‍റെ പരിഭാഷ.

youtube

പിന്നീട് ഞങ്ങള്‍ ഈ സൂചനകള്‍ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ നിരവധി മാധ്യമങ്ങള്‍ അഭിഭാഷകൻ ഭാനു പ്രതാപ് സിംഗ് മുസ്തഫാബാദിൽ ധർണയിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യുന്നതിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണാന്‍ സാധിച്ചു. 

സുപ്രീം കോടതി അഭിഭാഷകനും രാഷ്ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനുമാണ് ഭാനു പ്രതാപ് സിംഗ്. സോഷ്യല്‍ ഫോറമായ ഹ്യൂമന്‍ സെക്യുരിറ്റി ആന്‍ഡ് ഡേവലപ്പ്‌മെന്‍റ്  ഓര്‍ഗനൈസെഷന്‍റെ കാര്യകര്‍ത്താവുമാണ്.

ഹിമാലയ കമ്പനിയുടെ ഉടമയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങള്‍ കമ്പനി വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ സ്ഥാപകനായ എം. മനാല്‍ 1986 ല്‍ യശശരീരനായി എന്ന് നല്‍കിയിട്ടുണ്ട്. 

ഹിമാലയ കമ്പനിയുടെ ഉടമയാണ് വീഡിയോയില്‍ റിലയന്‍സിനെയും അംബാനിയും വിമര്‍ശിച്ച് പ്രസംഗിക്കുന്നത് എന്ന പ്രചരണം തെറ്റാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. റിലയന്‍സ്, പതഞ്‌ജലി കമ്പനികളെ ബഹിഷ്ക്കരിക്കണമെന്ന് പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്ന വ്യക്തി ഹിമാലയ കമ്പനി ഉടമയല്ല, സുപ്രീം കോടതി അഭിഭാഷകനായ ഭാനു പ്രതാപ് സിംഗാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:റിലയന്‍സിനെയും പതഞ്‌ജലിയെയു വിമര്‍ശിച്ചു പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല, സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •