FACT CHECK: വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…

ദേശീയം രാഷ്ട്രീയം

പ്രചരണം 

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മൻസൂറിനെ രാഷ്ട്രീയ എതിരാളികൾ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട മൻസൂറിനെ സഹോദരൻ മുഹ്സിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും അക്രമത്തെ തടുക്കാൻ ഇടയ്ക്ക് കയറിയ മൻസൂറിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്  വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നത്.  

മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ജാഥയായി പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അക്രമിച്ചാൽ തങ്ങൾ തിരിച്ച് പ്രതികരിക്കുമെന്ന് രൂക്ഷമായ ഭാഷയിലാണ് അവർ മുദ്രാവാക്യത്തിലൂടെ അറിയിക്കുന്നത്. അണികള്‍ക്കായി മുദ്രാവാക്യം വിളിക്ക് നേതൃത്വം നൽകുന്ന ചെറുപ്പക്കാരൻ കണ്ണൂരില്‍ കൊല്ലപ്പെട്ട  മൻസൂർ ആണ് എന്നാണ് പോസ്റ്റിലെ പ്രചരണം. ഇത് വ്യക്തമാക്കികൊണ്ട് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇതാണ്: “കറുത്ത ഷർട്ട് ഇട്ട് ശാന്തമായി മുദ്രാവാക്യം വിളിക്കുന്ന ആളാണ്‌ ഇന്നലെ വെട്ടേറ്റു മരിച്ചത്…. 

‘വാളെടുത്തവൻ  വാളാൽ….” 

archived linkFB post

മുദ്രാവാക്യം വിളിക്കാൻ നേതൃത്വം നൽകുന്ന കറുത്ത ഷർട്ട് ധരിച്ച ചെറുപ്പക്കാരന്‍ മൻസൂർ ആണ് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്.  ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു ഇത് വെറും തെറ്റായ വാദമാണ് എന്ന് കണ്ടെത്തി വിശദാംശങ്ങൾ പറയാം 

വസ്തുത ഇതാണ് 

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ മുസ്‌ലിംലീഗ് ഓഫീസുമായി ബന്ധപ്പെട്ടു. ലീഗ് എംപി അബ്ദുൽ വഹാബിന്‍റെ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇത് തെറ്റായ പ്രചരണം ആണെന്നും പോസ്റ്റിലെ വീഡിയോയിലെ ചെറുപ്പക്കാരൻ മറ്റൊരാൾ ആണെന്നും അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുൽ റഹിമാൻ ഫാക്റ്റ് ക്രെസണ്ടോയ്ക്ക്  മറുപടി നൽകി. താനൂര്‍ സ്വദേശിയായ ഇര്‍ഷാദ് എന്ന വ്യക്തിയാണ് ഇതെന്നും ലീഗ് അനുഭാവി ആണെന്നും വ്യക്തമാക്കി, അവര്‍ ഞങ്ങള്‍ക്ക് ഇര്‍ഷാദിന്‍റെ കോണ്‍ടാക്റ്റ്‌ നമ്പര്‍ കൈമാറി. തുടർന്ന് ഞങ്ങളുടെ പ്രതിനിധി ചെറുപ്പക്കാരനുമായി സംസാരിച്ചു. ഇര്‍ഷാദ് ഫാക്റ്റ് ക്രെസണ്ടോയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഇങ്ങനെയൊരു പ്രചരണം നടക്കുന്നതായി ചിലര്‍ അറിയിച്ചിരുന്നു. വീഡിയോയില്‍ കറുത്ത ഷര്‍ട്ട് ധരിച്ച് മുദ്രാവാക്യം വിളിക്കുന്നത് ഞാന്‍ തന്നെയാണ്. മന്‍സൂര്‍ അല്ല. ഞാന്‍ ലീഗ് അനുഭാവിയാണ്. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് മന്‍സൂര്‍ ആണെന്നുള്ള പ്രചരണത്തിനെതിരെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ്‌ നിങ്ങള്‍ എന്നെ വിളിച്ചത്.” 

കൂടാതെ ഞങ്ങള്‍ മന്‍സൂര്‍ അംഗമായിരുന്ന മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫുമായി ബന്ധപ്പെട്ടു.അവിടെ  ജില്ലാ ട്രഷറര്‍ നജാഫുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഫാക്റ്റ് ക്രെസണ്ടോയെ  അറിയിച്ചത് ഇങ്ങനെയാണ്: വൈറല്‍ വീഡിയോയിലെ ചെറുപ്പക്കാരന്‍ ഞങ്ങളുടെ മന്‍സൂര്‍ അല്ല. മറ്റാരോ ആണ്. ഇത് തെറ്റായ പ്രചാരണമാണ്.

താനൂരിൽ നിന്നും ഉള്ള ഇർഷാദ് എന്ന ചെറുപ്പക്കാരൻ ആണ് വീഡിയോയില്‍ മുദ്രാവാക്യം വിളിക്കുന്നത്. കൊല്ലപ്പെട്ട മന്‍സൂര്‍ അല്ല. വീഡിയോയിലെ ചെറുപ്പക്കാന്‍റെ രൂപവും കൊല്ലപ്പെട്ട മന്‍സൂറിന്‍റെ രൂപവും ശ്രദ്ധിച്ചാല്‍ തന്നെ പ്രകടമായ വ്യത്യാസങ്ങള്‍ കാണാനാവും. ചില സുരക്ഷാ കാരണങ്ങളാല്‍ ഇര്‍ഷാദിന്‍റെ ചിത്രമോ വിവരങ്ങളോ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.  പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

മുസ്ലിംലീഗ് ജാഥയിൽ മുദ്രാവാക്യം വിളിക്കുന്ന ചെറുപ്പക്കാരൻ കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ ആണെന്നുള്ള പ്രചരണം തെറ്റാണ്. മലപ്പുറം താനൂർ സ്വദേശിയായ ഇർഷാദ് എന്ന മറ്റൊരു ചെറുപ്പക്കാരൻ ആണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •