
പ്രചരണം
കോവിഡ് രോഗികളിൽ ഓക്സിജൻ ലെവൽ താഴുന്നത് പലയിടത്തും മരണ കാരണമാകുന്നുണ്ട്. മെഡിക്കൽ ഓക്സിജൻ ക്ഷാമം പല ആശുപത്രികളും നേരിടുന്നുവെന്നാണ് വാർത്തകൾ നമ്മെ അറിയിക്കുന്നത്. ഇതിനിടെ ഓക്സിജൻ ലെവൽ താഴാതെ ഇരിക്കാൻ ഒരു ഹോമിയോ മരുന്നു ഫലപ്രദമാണ് എന്ന വിവരണവുമായി ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോസ്റ്റിലെ സന്ദേശം ഇങ്ങനെ: ഓക്സിജൻ ലെവൽ താഴുകയാണെങ്കിൽ ഓക്സിജൻ ലഭിക്കാൻ കാത്തിരിക്കരുത്. അസ്ഥി ഡോസ് പെർമ ക്യു 20 തുള്ളി ഒരു കപ്പ് വെള്ളത്തിൽ നല്കി ഓക്സിജൻ ലെവൽ ഉടൻ ശരിയാകും. ഇവ ഹോമിയോ മരുന്നാണ്. ഓക്സിജൻ കണ്ടെത്താൻ സമയം പാഴാക്കരുത് ആർക്കും അറിയാവുന്ന കാര്യങ്ങൾ വേഗത്തിൽ പങ്കിടുക. ജീവൻരക്ഷ.”

അതായത് പോസ്റ്റിലെ സന്ദേശത്തിൽ പറയുന്നത് എസ്പിഡോസ്പെർമ ക്യൂ എന്ന മരുന്ന് 20 തുള്ളി കലക്കി ഓക്സിജൻ ലെവൽ കുറഞ്ഞ രോഗിക്ക് നൽകിയാൽ ആശ്വാസം ലഭിക്കും എന്നാണ്. ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അടിസ്ഥാന രഹിതമായ പ്രചരണമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആരോഗ്യ വിദഗ്ധരുടെ വിദഗ്ധ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത് എന്ന അപേക്ഷയോടെ പ്രചരണത്തിലെ വസ്തുത വിശദമാക്കാം.
വസ്തുത ഇങ്ങനെ
ആദ്യം നമുക്ക് അസ്‌പിഡോസ്പെര്‍മ ക്യു (Aspidosperma Q) എന്ന മരുന്നിനെ കുറിച്ച് അറിയാന്‍ ശ്രമിക്കാം. ഇത് ഹോമിയോ ചികിത്സയില്‍ ഒന്നിലധികം രോഗങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. ആസ്ത്മ, രക്ത സമ്മര്‍ദ്ദം, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി മരുന്ന് ഉപയോഗിക്കുന്നു.
ഞങ്ങൾ പ്രചരണത്തിന്‍റെ വിശദാംശങ്ങൾ അറിയാൻ സംസ്ഥാന ഹോമിയോപ്പതി ഡയറക്ടർ എം. എൻ. വിജയാംബികയുമായി സംസാരിച്ചു.
“ഈ മരുന്ന് ഹോമിയോപ്പതിയിൽ സാധാരണയായി ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ്. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവരിൽ ചിലപ്പോൾ നിമോണിയ ഉണ്ടായേക്കാം. നിമോണിയ പിന്നീട് ശ്വാസകോശത്തിൽ ഫൈബ്രോയിഡ് ആയി മാറും. ഈ അവസ്ഥയിൽ രോഗിക്ക് ആസ്‌പിഡോസ്‌പെർമ ക്യൂ ഫലപ്രദമാകണം എന്നില്ല. അതിനാൽത്തന്നെ ഈ മരുന്ന് ഏത് അവസ്ഥയിലുള്ള രോഗികളുടെയും ഓക്‌സിജൻ ലെവൽ വർദ്ധിപ്പിക്കുമെന്ന് ആധികാരിമായി പറയാൻ സാധിക്കില്ല.
കോവിഡ് രോഗികളിൽ ഹോമിയോ മരുന്നിന്‍റെ ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നുണ്ട് എങ്കിലും ഇതുവരെ അത് ഫൈനൽ സ്റ്റേജ് ആയിട്ടില്ല. അങ്ങനെ ആയിക്കഴിഞ്ഞാൽ ഞങ്ങൾ തന്നെ മരുന്നുകളെ പറ്റിയുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. രോഗപ്രതിരോധശേഷി ക്കായുള്ള മരുന്ന് ഞങ്ങൾ വിതരണം ചെയ്തിരുന്നു. അത് ക്ലിനിക്കൽ ട്രയലുകൾ നടത്തി ഫലപ്രാപ്‌തി ഉറപ്പിച്ചവയാണ്. അതാണ് ഔദ്യോഗികമായിത്തന്നെ വിതരണം ചെയ്‌തത്. എന്നാൽ ആസ്‌പിഡോസ്‌പെർമ ക്യൂ അങ്ങനെ ഞങ്ങൾ ആർക്കും നിഷ്കർഷിക്കുന്നില്ല. കാരണം അതിന്‍റെ പഠനങ്ങൾ വേണ്ടത്ര ആയിട്ടില്ല. ഇതിനായി റിസേർച്ചിനുള്ള സൗകര്യം ഇപ്പോൾ കേരളത്തിൽ വളരെ പരിമിതമാണ്.
മറ്റൊരു കാര്യം ഹോമിയോ ചികിത്സയിൽ രോഗത്തെയല്ല, മറിച്ച് രോഗിയെയാണ് ചികിൽസിക്കുന്നത്. അതിനാൽ ഒരേ മരുന്ന് ഒരേ അളവിൽ ഒരു രോഗിക്കും നിഷ്കർഷിക്കാറില്ല. രോഗികളെ കിടത്തി ചികിൽസിക്കുന്ന രീതി പോലും ഹോമിയോപ്പതിയിൽ വേണ്ടത്ര വികസിച്ചിട്ടില്ല. ചിലപ്പോൾ ചില ഡോക്ടർമാർക്ക് വ്യക്തിപരമായി ചില രോഗികളിൽ ഫലപ്രാപ്‌തി ഉണ്ടായിക്കാണുമായിരിക്കും. അക്കാര്യം നിഷേധിക്കുന്നില്ല. എങ്കിലും ശാസ്ത്രീയമായി ഒരു നിഗമനം ഇതുവരെ ഇല്ല എന്നതാണ് വസ്തുത. അതിനാൽ തന്നെ വ്യക്തമായ മറുപടി പൊതുവായി നൽകാനാവില്ല.
കോവിഡിന്റെ കാര്യത്തിൽ ഏതൊക്കെ മരുന്നുകൾ ഏതൊക്കെ സന്ദർഭത്തിൽ കൊടുക്കാൻ സാധിക്കും എന്ന് പഠനം നടത്താൻ ഒരു അവസരം ലഭിച്ചിട്ടില്ല. അതിനുള്ള സാഹചര്യം വരുംകാലങ്ങളിൽ ഉണ്ടാകുമായിരിക്കും. അപ്പോൾ മാത്രമേ ഓരോ മരുന്നുകളും ഏതൊക്കെ സ്റ്റേജിൽ രോഗിക്ക് ഫലപ്രദമാകുന്നു എന്ന് പറയാൻ സാധിക്കൂ. നിലവിൽ ആധികാരികതയുള്ള ഒരു ഡാറ്റയും ലഭ്യമല്ല. ആസ്‌പിഡോസ്‌പെർമ ക്യൂ വിനെ പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റിധാരണകൾ തടയേണ്ടതാണ്. അല്ലെങ്കിൽ ആളുകൾ സ്വയംചികിത്സയ്ക്ക് മുതിരാൻ സാധ്യതയുണ്ട്.
കൂടാതെ പ്രചരണം വിശ്വസനീയമല്ല എന്നും ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരണം നൽകിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം വിശ്വാസ യോഗ്യമല്ല എന്ന് അറിയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയം ഒരു ട്വീറ്റ് നല്‍കിയിരുന്നു:
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി നല്‍കിയ വിശദീകരണ പ്രകാരം ഈ മരുന്നിനെ പറ്റി ശാസ്ത്രീയമായ തെളിവുകള്‍ നിലവില്‍ ലഭ്യമല്ല.
കോവിഡ് ബാധിച്ച രോഗികളിൽ പ്രത്യേകിച്ചും ഈ മരുന്ന് ഫലപ്രദമാണോ എന്ന കാര്യത്തിൽ ഇനിയും ഗവേഷണങ്ങൾ നടക്കാൻ ഇരിക്കുന്നതേയുള്ളൂ. ഇംഫാലിലെ ഹോമിയോപ്പതിയുടെ റീജണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് അവരുടെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് 19 ചികിത്സയ്ക്കായി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഹോമിയോ മരുന്നുകൾ ഉപയോഗിക്കരുത് എന്നാണത്.
നിഗമനം
ഓക്സിജൻ ലെവല്‍ താഴ്ന്നു പോകുന്ന രോഗികളിൽ ഹോമിയോ മരുന്നായ ആസ്പിഡോസ്പെര്‍മ ക്യു ഉപയോഗിക്കാം എന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഈ സന്ദേശത്തിന് യാതൊരു ആധികാരികതയുമില്ല. അതിനാൽ കോവിഡ് മൂലം ഓക്സിജൻ ലെവൽ താഴുന്ന നിലയിലുള്ള രോഗികളുടെ ബന്ധുക്കൾ പരീക്ഷണത്തിന് മുതിരാതെ എത്രയുംവേഗം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും തേടുക. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. നിങ്ങള്‍ക്ക് സംശയമുള്ള പ്രചാരണങ്ങള്‍ ഞങ്ങളുടെ വാട്ട്സ് അപ്പ് നമ്പറായ 9049053770 ലേയ്ക്ക് അയക്കുക
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ആസ്പിഡോസ്പെര്‍മ ക്യു എന്ന ഹോമിയോ തുള്ളിമരുന്ന് ഓക്സിജൻ ലെവൽ ഉടൻ ശരിയാക്കും എന്ന പ്രചരണം തെറ്റാണ്… വസ്തുത അറിയൂ…
Fact Check By: Vasuki SResult: Misleading
